ഭാരതത്തിന്റെ അടുത്ത രാഷ്ട്രപതി ആരെന്ന ചര്‍ച്ചകളുടെ തുടക്ക സമയത്ത് തന്നെ പ്രതിപക്ഷ ഐക്യ നിര തീര്‍ക്കാന്‍ കൊട്ടിഘോഷിച്ച് പല പ്രമുഖരും രംഗ പ്രവേശം ചെയ്യുകയുണ്ടായി. സാരിത്തലപ്പ് വരിഞ്ഞ് മുറുക്കി മമതാ ബാനര്‍ജിയും, കട്ടികണ്ണട തൂത്ത് തുടച്ച് ശരത് പവാറും, കൊടിയുടെ നിറവും പാര്‍ട്ടിയുടെ പേരും മാറ്റി തെലുങ്കാനയുടെ കെ ചന്ദ്രശേഖര റാവുവുമൊക്കെ കച്ചകെട്ടി ഡല്‍ഹിയിലെത്തി. പിന്തുണയുമായി കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും ഇടഞ്ഞും അടുത്തും ഗൗഡ ആന്‍ഡ് കമ്പനിയും ഒപ്പം ചേര്‍ന്നു.
എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു സ്ഥാനാര്‍ത്ഥിക്കായി കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ പ്രതിപക്ഷ നേതാക്കന്മാര്‍ ഓട്ട പ്രദക്ഷിണം നടത്തി. ബി ജെ പിയുടെ ഔദാര്യം വാങ്ങി ബീഹാറിന്റെ മുഖ്യമന്ത്രിയായി വാഴുന്ന പഴയ സോഷ്യലിസ്റ്റ് സുഹൃത്ത് നിതീഷ് കുമാറിന് വേണ്ടി ചിലര്‍ പട്‌നയ്ക്ക് വണ്ടി കയറിയെങ്കിലും ഫലം നിരാശയായിരുന്നു. പിന്നീട് ചിലര്‍ ശരത് പവാറിന്റെ മുഖത്തേക്ക് നോക്കി, എന്നാല്‍ തനിക്ക് ഇനിയും മോഹങ്ങള്‍ ബാക്കിയുണ്ടെന്നും തല്‍ക്കാലത്തേക്ക് മത്സരിക്കാനില്ലെന്നും സീതാറാം യെച്ചൂരി വഴി പ്രതിപക്ഷത്തെ അറിയിച്ചു. തുടര്‍ന്ന് മുംബൈയില്‍ നിന്ന് കാശ്മീരിലേക്ക് വണ്ടി കയറിയവര്‍ ഡോ. ഫാറൂക്ക് അബ്ദുള്ളയ്ക്ക് ചുറ്റും ചീന വല തന്നെ വിരിച്ചു. പക്ഷെ അദ്ദേഹവും പിന്മാറി.
പിന്നീട് ഗാന്ധിജിയുടെ പേരക്കുട്ടി (ഇപ്പോള്‍ വല്യ കുട്ടി) ഗോപാലകൃഷ്ണ ഗാന്ധി മുതല്‍ പലരെയും സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചെങ്കിലും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളെ കിട്ടാതെ നിരാശയോടെ മടങ്ങുന്ന പ്രതിപക്ഷത്തിന് വീണ് കിട്ടിയ മുത്തായിരുന്നു മുന്‍ കേന്ദ്ര മന്ത്രി യശ്വന്ത് സിന്‍ഹ.
ചന്ദ്രശേഖറിന്റെയും, വാജ്‌പേയിയുടെയും മന്ത്രിസഭകളില്‍ വിദേശം, ധനകാര്യം തുടങ്ങിയ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ക്യാബിനറ്റ് മന്ത്രിയായി ഭരണ മികവ് തെളിയിച്ചിട്ടുള്ള ഈ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ പ്രതിപക്ഷം കണ്ടെത്തിയ ഒരു മികച്ച സ്ഥാനാര്‍ത്ഥിയാണെന്നതില്‍ സംശയം തെല്ലുമില്ല. അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെയും, കമ്മ്യൂണിസ്റ്റിന്റെയും, സോഷ്യലിസ്റ്റുകളുടെയും, പ്രാദേശിക പാര്‍ട്ടികളുടെയും പിന്തുണ ലഭിക്കും എന്ന പ്രത്യാശയാണ് പ്രതിപക്ഷ നേതാക്കള്‍ പ്രകടിപ്പിച്ചത്.
ഇതിനിടയില്‍ ബി ജെ പിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥി ആരായിരിക്കും എന്നതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. കേരളാ ഗവര്‍ണര്‍ ആരിഫ് ഖാന്‍ മുതല്‍ പല പേരുകളും ഊഹാപോഹങ്ങളും കൊടുമ്പിരി കൊണ്ട് അന്തരീക്ഷമാകെ കലുഷിതമായി നില്‍ക്കുന്ന സമയം. ഒരുപക്ഷെ, ഇത്തരം മാധ്യമ വാര്‍ത്തകള്‍ വായിക്കുമ്പോഴും കേള്‍ക്കുമ്പോഴും പ്രധാനമന്ത്രി മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും അങ്ങോട്ടുമിങ്ങോട്ടും നോക്കി പൊട്ടിചിരിച്ചിരിക്കണം.
ഇതിനിടയില്‍ പ്രതിപക്ഷ ഐക്യ നിരയ്ക്ക് നേതൃത്വം കൊടുത്ത മമതയ്ക്ക് സൗന്ദര്യ പിണക്കമായി, ദേവ ഗൗഡയ്ക്ക് മോഹഭംഗമായി, ശരത് പവാറിനെ മഹാരാഷ്ട്ര രാഷ്ട്രീയ പ്രതിസന്ധികളില്‍ കുടുക്കി മുംബൈയിലേക്ക് അയച്ചു, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയെ ഓപ്പറേഷന്‍ താമരയില്‍ പൂട്ടി, സോണിയ ഗാന്ധിക്ക് കോവിഡ് ആയി, രാഹുല്‍ ഗാന്ധിയെ മണിക്കൂറൂകളോളം ഇ ഡി ചോദ്യശരങ്ങള്‍ കൊണ്ട് തളച്ചിട്ടു. അങ്ങനെ കളികള്‍ പലതും അരങ്ങേറി.
ഏന്തായാലും പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ പിന്നൊന്നും നോക്കിയില്ല, ബി ജെ പി നേതൃത്വം മീറ്റിംങ് കൂടി മോഡിയുടെ മനസിലുണ്ടായിരുന്ന സ്ഥാനാര്‍ത്ഥിയേയും അങ്ങ് പ്രഖ്യാപിച്ചു.
ഒഡിഷയിലെ സാന്താള്‍ പട്ടിക വര്‍ഗത്തില്‍ പെട്ട ഒരു സ്‌കൂള്‍ അധ്യാപിക ദ്രൗപതി മര്‍മു. ജാര്‍ക്കണ്ടിന്റെ മുന്‍ ഗവര്‍ണറെ ബി ജെ പി പ്രഖ്യാപിച്ചപ്പോള്‍ പലര്‍ക്കും ആ പേര് പോലും അപരിചിതമായിരുന്നു. എന്നാല്‍ വളരെ പെട്ടന്നാണ് അമിട്ട് പൊട്ടും പോലെ അട്ടിമറികള്‍ ആരംഭിച്ചത്. നിതീഷ് കുമാറിന്റെ ജെ ഡി യു, ബിജു പട്‌നയിക്കിന്റെ ബി ജെ ഡി, തെലങ്കാനയുടെ കെ ആര്‍ എസ്, ജഗന്‍ മോഹന്റെ വൈ എസ് ആര്‍ തുടങ്ങിയ പല വമ്പന്മാരും ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.
നിലവിലെ സ്ഥിതിയില്‍ രാഷ്ട്രപതി സ്ഥാനാര്‍ഥിക്കു ജയിക്കാന്‍ വേണ്ട വോട്ട് മൂല്യം 5.43 ലക്ഷമാണ്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും മുന്‍പ് എന്‍ഡിഎ വോട്ട് മൂല്യം ഏകദേശം 5.2 ലക്ഷമായിരുന്നു. ഇപ്പോള്‍, ദ്രൗപദി മുര്‍മുവിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള പാര്‍ട്ടികളെ കൂട്ടിയാല്‍ മൂല്യം 5.6 മൂല്യം കവിയും. ഇനിയും അട്ടിമറികളും ഓപ്പറേഷനുകളും ഉണ്ടാകാനുള്ള സാധ്യതയുണ്ടെങ്കിലും ജൂലൈ 24ന്റെ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ഒരു പട്ടിക വര്‍ഗ സമുദായാംഗം റൈസിന കുന്നിലുള്ള രാഷ്ട്രപതി ഭവനില്‍ എത്തും എന്ന കാര്യത്തില്‍ ഏതാണ്ട് ഉറപ്പായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.