റഷ്യയില്‍ നിന്നുള്ള സ്വര്‍ണം ഇറക്കുമതിക്ക് നിരോധനം; അധിനിവേശ മനോഭാവത്തിനെതിരെ ഉപരോധം കടുപ്പിച്ച് ജി 7 രാജ്യങ്ങള്‍

റഷ്യയില്‍ നിന്നുള്ള സ്വര്‍ണം ഇറക്കുമതിക്ക് നിരോധനം; അധിനിവേശ മനോഭാവത്തിനെതിരെ ഉപരോധം കടുപ്പിച്ച് ജി 7 രാജ്യങ്ങള്‍

ബവേറിയന്‍ ആല്‍പ്സ്: റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശ മനോഭാവത്തോടുള്ള തിരിച്ചടിയായി റഷ്യയില്‍ നിന്നുള്ള സ്വര്‍ണം ഇറക്കുമതി നിര്‍ത്തിവയ്ക്കാന്‍ ജി 7 ഉച്ചകോടിയില്‍ തീരുമാനം. ജര്‍മനിയിലെ ബവേറിയന്‍ ആല്‍പ്സില്‍ നടക്കുന്ന ഉച്ച കോടിയില്‍ ബ്രിട്ടണ്‍, അമേരിക്ക, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളാണ് റഷ്യയ്‌ക്കെതിരെ ഉപരോധം വേണമെന്ന ശക്തമായ ആവശ്യം മുന്നോട്ട് വച്ചത്. ഫ്രാന്‍സും ജര്‍മനിയും ഇറ്റലിയും ഇതിനെ പിന്തുണയ്ച്ചു.

റഷ്യയ്ക്ക് സാമ്പത്തിക ആഘാതം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉപരോധം. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നാലിനൊന്നായി വെട്ടിച്ചുരുക്കാന്‍ കഴിഞ്ഞ മാസം യൂറോപ്യന്‍ യൂണിയനും തീരുമാനമെടുത്തിരുന്നു. യുദ്ധപശ്ചാത്തലത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന ഉപരോധങ്ങള്‍ റഷ്യയുടെ സാമ്പത്തിക മേഖലയ്ക്ക് തിരിച്ചടിയാകുമെന്ന് ഇവര്‍ കരുതുന്നു.

അതേസമയം നാല് മാസമായി തുടരുന്ന യുദ്ധത്തില്‍ ഉക്രെയ്‌ന് സാമ്പത്തിക, സൈനിക സഹായങ്ങള്‍ ചെയ്യാനുള്ള ജി 7 രാജ്യങ്ങളുടെ നീക്കം റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ചൊടിപ്പിച്ചു. ഉക്രെയ്‌നില്‍ പ്രത്യേക സൈനിക നടപടിക്ക് പുടിന്‍ ആഹ്വാനം ചെയ്തതായാണ് വിവരം. ഇന്നലെയും ഇന്നുമായി കീവ് ഉള്‍പ്പടെയുള്ള ഉക്രെയ്‌ന്റെ പ്രധാന നഗരങ്ങളില്‍ റഷ്യ മിസൈല്‍ വര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്.

റഷ്യയുടെ വിദേശ വരുമാന സ്രോതസിലെ പ്രധാന കയറ്റുമതി ഇനമാണ് സ്വര്‍ണം. കഴിഞ്ഞ വര്‍ഷം 12.6 ബില്യണ്‍ പൗണ്ട് (15.45 ബില്യണ്‍ ഡോളര്‍) ന്റെ സ്വര്‍ണം റഷ്യ കയറ്റുമതി ചെയ്തിരുന്നു. എന്നാല്‍ ഭക്ഷ്യ വസ്തുക്കളുടെ കയറ്റുമതിയിലും ഇറക്കുമതിയിലും ഉപരോധം വേണ്ട എന്നും ഉച്ചകോടി തീരുമാനിച്ചു.

കോവിഡ് മഹാമരിയുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷമായി കൂടാതിരുന്ന ജി 7 ഉച്ചകോടി ഇപ്പോള്‍ ചേര്‍ന്നപ്പോള്‍ അതിനേക്കാള്‍ രൂക്ഷമായ പ്രശ്‌നങ്ങളെയാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. കാലാവസ്ഥാ വ്യതിയാനവും ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന സ്വേച്ഛാധിപത്യ മനോഭാവവുമൊക്കെ ഉച്ചകോടിയില്‍ ചര്‍ച്ചയായി.

പട്ടിണിയ്ക്കും ദാരിദ്ര്യത്തിനുമെതിരായ പോരാട്ടത്തില്‍ ചെയ്യുന്നതുപോലെ ലോകത്തിലെ ജനാധിപത്യ രാജ്യങ്ങള്‍ പുടിന്റെ സാമ്രാജ്യത്വത്തിനെതിരെ ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശം കൂടി ഉച്ചകോടി നല്‍കുന്നുണ്ടെന്ന് ജര്‍മ്മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.