'സിപിഎമ്മും സംഘപരിവാര്‍ ശക്തികളും ഒരേ തൂവല്‍ പക്ഷികള്‍': കറുത്ത ഷര്‍ട്ടണിഞ്ഞ് മുദ്രാവാക്യം വിളിച്ച് എംഎല്‍എമാര്‍; സഭ നിര്‍ത്തിവച്ചു

'സിപിഎമ്മും സംഘപരിവാര്‍ ശക്തികളും ഒരേ തൂവല്‍ പക്ഷികള്‍': കറുത്ത ഷര്‍ട്ടണിഞ്ഞ് മുദ്രാവാക്യം വിളിച്ച് എംഎല്‍എമാര്‍; സഭ നിര്‍ത്തിവച്ചു

തിരുവനന്തപുരം: നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കം തന്നെ പ്രതിഷേധത്തില്‍. വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തെ ചൊല്ലിയാണ് നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിന് തുടക്കമിട്ടത്. എംഎല്‍എമാര്‍ നടുത്തളത്തിലറിങ്ങിയതോടെ സഭ നിര്‍ത്തിവയ്ക്കുകയും പ്രതിഷേധം രൂക്ഷമായതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി പ്രഖ്യാപിക്കുകയും ആയിരുന്നു.

നിയമസഭയില്‍ കറുത്ത ഷര്‍ട്ടും കറുത്ത മാസ്‌ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍ അടക്കമുള്ള നേതാക്കളാണ് കറുപ്പണിഞ്ഞെത്തിയത്. 'സിപിഎമ്മും സംഘപരിവാര്‍ ശക്തികളും ഒരേ തൂവല്‍ പക്ഷികള്‍' എന്നെഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. സഭ നിര്‍ത്തിയിട്ടും ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ നേര്‍ക്കുനേര്‍ നിന്ന് മുദ്രാവാക്യം വിളി തുടരുകയാണ്.

അതേസമയം പ്രതിപക്ഷ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ സര്‍ക്കാര്‍ ഇതുവരെ തയാറായില്ല. ഇതൊഴിവാക്കിയാണ് സഭാ ടിവി സംപ്രേഷണം ചെയ്തത്. മന്ത്രിമാരുടെയും സ്പീക്കറുടെയും ദൃശ്യങ്ങള്‍ മാത്രമാണ് കാണിച്ചത്. സഭയില്‍ ശക്തമായ മാധ്യമ നിയന്ത്രണവും സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫിസിലേക്കുള്ള പ്രവേശനം വിലക്കി.

ചോദ്യോത്തരവേള തടസപ്പെടുത്തരുതെന്നു സ്പീക്കര്‍ എം.ബി രാജേഷ് ആവശ്യപ്പെട്ടു. ടി.സിദ്ദിഖ് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി. എസ്എഫ്‌ഐ അക്രമത്തിന് പൊലീസ് ഒത്താശ ചെയ്തെന്നും പ്രതിപക്ഷം ആരോപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.