ചരിത്രത്തില്‍ ആദ്യം: ഒരു മലയാള കവിതാ സമാഹാരം കടലിനടിത്തട്ടില്‍ പ്രകാശിതമായി

ചരിത്രത്തില്‍ ആദ്യം: ഒരു മലയാള കവിതാ സമാഹാരം കടലിനടിത്തട്ടില്‍ പ്രകാശിതമായി

തിരുവനന്തപുരം: ഒരു മലയാള പുസ്തകം കടലിന്റെ അടിത്തട്ടില്‍ നടന്ന ചടങ്ങില്‍ പ്രകാശനം ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ്. തെക്കന്‍ തിരുവിതാംകൂറിലെ തീരദേശ ഗ്രാമങ്ങളുടെ ഭാഷയും സംസ്‌കാരവും ജീവിത സമരങ്ങളും കടല്‍ പോരാട്ടങ്ങളും ഉള്‍ക്കൊള്ളുന്ന ഫാദര്‍ പോള്‍ സണ്ണിയുടെ 'സ്രാവിന്റെ ചിറകുള്ള പെണ്ണ്' എന്ന കാവ്യസമാഹാരമാണ് വിഴിഞ്ഞം ഹാര്‍ബറില്‍ പ്രകാശനം ചെയ്തത്.

ആഴക്കടല്‍ ഗവേഷകയും തീരദേശത്തു നിന്നുള്ള ആദ്യ വനിതാ സ്‌കൂബാ ഡൈവറുമായ അനീഷ അനി ബെനഡിക്റ്റിന് കവി ഡി. അനില്‍കുമാര്‍ ആദ്യ കോപ്പി നല്‍കിയാണ് പ്രകാശനം ചെയ്തത്.

കടല്‍ ജീവിതത്തിന്റെ സംസ്‌കാരമുള്ള കവിതകളാണ് പോള്‍ സണ്ണിയുടേതെന്ന് ഡി. അനില്‍കുമാര്‍ വ്യക്തമാക്കി. നെയ്തല്‍ തിണയുടെ ആദിമമായ സൗന്ദര്യ ശാസ്ത്രത്തെ തുഴത്തണ്ടു കൊണ്ട് വരച്ച് കടലിന്റേതായ കാവ്യ ഭൂപടം സൃഷ്ടിച്ചിരിക്കുകയാണ് രചയിതാവ്. തീരദേശത്തിന്റെ തനതു പ്രാദേശിക ഭാഷാ മൊഴികളെ കവിതയിലൂടെ കേരളത്തിന്റെ സാഹിത്യ ധാരയില്‍ ചേര്‍ക്കുന്നതില്‍ രചയിതാവ് വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കടല്‍, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ സജീവമായ സ്‌കൂബാ ഡൈവിങ് കൂട്ടായ്മ ഓഷ്യാനെറ്റ് അഡ്വഞ്ചേഴ്സ് ആണ് കടലിനടിയിലെ പുസ്തക പ്രകാശനത്തിന് സഹായമൊരുക്കിയത്. പരമ്പരാഗത സ്രാവുവേട്ടക്കാര്‍, കടലാഴങ്ങളുടെ രൂപങ്ങള്‍, പാര്, കവര്, മീന്‍കാരികള്‍, ചുഴികള്‍, മതബോധങ്ങള്‍, ഒപ്പാരി ചിന്തുകള്‍, തീരത്തിന്റെ വറുതികള്‍ തുടങ്ങിയ വിഷയങ്ങള്‍ കടല്‍ക്കലിയുടെ പരുഷതയോടും ഒപ്പം ആത്മവിമര്‍ശനത്തോടെയുമാണ് പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. അനീഷയുടെ സ്‌കൂബാ ഡൈവിങ് ആണ് 'സ്രാവിന്റെ ചിറകുള്ള പെണ്ണ്' എന്ന കവിതയ്ക്ക് ആസ്പദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.