ലിസ്ബണ്‍: ലോകം ഒരു 'സമുദ്ര അടിയന്തരാവസ്ഥ'യുടെ നടുവിലാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. സമുദ്രത്തിന്റെ ആരോഗ്യ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. ആരോഗ്യമുള്ള സമുദ്രമില്ലാതെ ആരോഗ്യമുള്ള ഭൂമി നിലനിര്‍ത്താനാകില്ല. സമുദ്രത്തെ പരിപാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ വരും ദശകങ്ങളില്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും പോര്‍ച്ചുഗലിലെ ലിസ്ബണില്‍ നടക്കുന്ന യുഎന്‍ ഓഷ്യന്‍സ് കോണ്‍ഫറന്‍സില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
സമുദ്രത്തെ നിസാരമായ ഘടകമായാണ് രാജ്യങ്ങള്‍ പോലും കാണുന്നത്. ലോക സമുദ്രങ്ങളെ സംരക്ഷിക്കുന്നതിനുള്ള ഉടമ്പടി അംഗീകരിക്കപ്പെടാതിരിക്കാന്‍ ചില രാജ്യങ്ങള്‍ വിട്ടു നിന്നു. സമുദ്രങ്ങളോട് ചേര്‍ന്ന് വലിയ വ്യവസായ ശാലകള്‍ ഉയരുകയാണ്. ഇവിടെ നിന്നുള്ള മാലിന്യങ്ങള്‍ തള്ളുന്നത് സമുദ്രത്തിലേക്കാണ്. ഓരോ വര്‍ഷവും എട്ട് ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സമുദ്രങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്.
2021 ലെ ആഗോള കാലാവസ്ഥാ റിപ്പോര്‍ട്ട് അനുസരിച്ച് സമുദ്രനിരപ്പ് ഉയരല്‍, സമുദ്രത്തിലെ താപനം, സമുദ്രത്തിലെ അമ്ലീകരണം, വാതക സാന്ദ്രത എന്നിവയെല്ലാം കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് നിലയിലെത്തി. താഴ്ന്ന നിലയിലുള്ള രാജ്യങ്ങളും തീരദേശ നഗരങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലാണ്.
ലോകത്തിലെ മലിനജലത്തിന്റെ 80 ശതമാനവും ശുദ്ധീകരിക്കാതെ കടലിലേക്ക് പുറന്തള്ളപ്പെടുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് സമുദ്ര മലിനീകരണം വര്‍ദ്ധിപ്പിക്കുകയും മത്സ്യ സമ്പത്ത് കുറയ്ക്കുകയും ചെയ്യും. സമുദ്ര മത്സ്യസമ്പത്ത് കഴിഞ്ഞ 50 വര്‍ഷത്തിനിടെ 70 ശതമാനത്തിലധികമായി കുറഞ്ഞതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ദൈവം ഭൂമി ഒന്നായിരിക്കണമെന്ന് ആഗ്രഹിച്ചു, കടല്‍ അത് ഒന്നിപ്പിച്ചു' എന്ന ഫെര്‍ണാണ്ടോ പെസോവയുടെ കവിതയെ ഉദ്ധരിച്ചാണ് ഗുട്ടെറസ് പ്രസംഗം ആരംഭിച്ചത്. കെനിയന്‍ പ്രസിഡന്റും കോണ്‍ഫ്രന്‍സിന്റെ സഹ പ്രസിഡന്റുമായ ഉഹുറു കെനിയാട്ട, പോര്‍ച്ചുഗല്‍ പ്രസിഡന്റും കോണ്‍ഫറന്‍സിന്റെ സഹ ചെയര്‍മാനുമായ മാര്‍സെലോ റെബെലോ ഡിസൂസ എന്നിവരും പ്രസംഗിച്ചു.
20 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും രാഷ്ട്രത്തലവന്മാരും പങ്കെടുക്കുന്ന സമ്മേളനത്തില്‍ സമുദ്ര മലിനീകരണം, അമിത മത്സ്യബന്ധനം, സമുദ്ര സംരക്ഷിത പ്രദേശങ്ങള്‍, കടല്‍ത്തീര ഖനന വിഭവങ്ങള്‍, സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും പുനഃസ്ഥാപനവും തുടങ്ങിയ വിഷയങ്ങളില്‍ സെഷനുകള്‍ ഉണ്ടാകും. ജൂലൈ ഒന്നിന് സമ്മേളനം സമാപിക്കും. സമുദ്ര സംരക്ഷണത്തിനായുള്ള ആഗോള സമുദ്ര ഉടമ്പടി ഓഗസ്റ്റില്‍ ന്യൂയോര്‍ക്കില്‍ നടന്നേക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.