കാന്‍ബറ: മ്യാന്മറില്‍ ഭരണം അട്ടിമറിച്ച സൈനിക മേധാവികള്‍ക്കെതിരെ ഉപരോധം പ്രഖ്യാപിച്ചേക്കുമെന്ന സൂചന നല്‍കി ഓസ്‌ട്രേലിയന്‍ വിദേശകാര്യ മന്ത്രി പെന്നി വോംഗ്. ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്‍പു തന്നെ ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടാണ് പെന്നി വോംഗ് സ്വീകരിച്ചിരുന്നത്. പൗരന്മാര്‍ക്കെതിരേ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന മ്യാന്മറിനെതിരേ ഉപരോധം ഏര്‍പ്പെടുത്തുന്നത് സര്‍ക്കാരിന്റെ സജീവമായ പരിഗണനയിലാണെന്നും അവര്‍ അറിയിച്ചു.
മ്യാന്മറില്‍ കഴിഞ്ഞ വര്‍ഷം നടന്ന സൈനിക അട്ടിമറിക്കു ശേഷം ഇതാദ്യമായാണ് ഓസ്ട്രേലിയ ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങുന്നത്. നേരത്തെ യു.എസ്, യു.കെ, കാനഡ തുടങ്ങിയ സഖ്യകക്ഷികള്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു.
മ്യാന്മറില്‍ വിമതരും പട്ടാളവും തമ്മിലുള്ള പോരാട്ടത്തില്‍ ക്രൈസ്തവരടക്കം നിരവധി പേരാണ് കൊല്ലപ്പെടുന്നത്. 2,000-ലധികം ആളുകള്‍ മ്യാന്മര്‍ സൈനിക ഭരണകൂടത്താല്‍ കൊല്ലപ്പെടുകയും 14,000-ത്തിലധികം പേര്‍ അറസ്റ്റിലാവുകയും ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സൈന്യം ഗ്രാമങ്ങള്‍ ചുട്ടെരിച്ചതോടെ 10 ലക്ഷത്തിലധികം ആളുകളാണ് പലായനം ചെയ്തത്.
അട്ടിമറിയിലൂടെയാണ് കഴിഞ്ഞ വർഷം സൈന്യം അധികാരം പിടിച്ചെടുത്തത്. തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം നേടിയ ഓങ് സാന്‍ സൂചി ഭരണകൂടത്തെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാതെ എല്ലാ മുതിര്‍ന്ന നേതാക്കളെയും വീട്ടുതടങ്കലിലാക്കി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സൈനിക മേധാവി മിന്‍ ഓംഗ് ഹ്ലായിംഗ് അധികാരം പിടിച്ചത്.
ഇതോടൊപ്പം ഓസ്ട്രേലിയന്‍ സാമ്പത്തിക വിദഗ്ധന്‍ സീന്‍ ടര്‍ണെലിനെയും ഭരണകൂടം തടവിലാക്കിയിരുന്നു. പ്രൊഫ. സീന്‍ ടര്‍ണെലിനെ മോചിപ്പിക്കുകയാണ് തങ്ങളുടെ പ്രഥമ പരിഗണനയെന്നും ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) രാജ്യങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും പെന്നി വോംഗ് പറഞ്ഞു.
സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷമുള്ള മ്യാന്‍മറിലെ മോശമായ അവസ്ഥയെക്കുറിച്ചുള്ള ഓസ്ട്രേലിയയുടെ നിരാശയും മന്ത്രി പങ്കുവെച്ചു. അട്ടിമറിക്കു ശേഷം പ്രതിഷേധക്കാര്‍ക്കെതിരേ നടന്ന ക്രൂരമായ അടിച്ചമര്‍ത്തലുകള്‍ അത്യന്തം വേദനാജനകമാണെന്ന് അവര്‍ പറഞ്ഞു. മ്യാന്‍മറിന്റെ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തില്‍ ഓസ്ട്രേലിയക്ക് ഒരു കാഴ്ചക്കാരനായിരിക്കാന്‍ കഴിയില്ലെന്നും പെന്നി വോംഗ് പറഞ്ഞു.
ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്ന സൈനിക ഭരണകൂടത്തിനെതിരേ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് നൂറുകണക്കിന് എന്‍ജിഒകള്‍ പെന്നി വോംഗിന് കത്തെഴുതിയിരുന്നു.
ഓസ്ട്രേലിയയിലെ മ്യാന്മര്‍ സമൂഹം ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും ഓര്‍ത്ത് ഏറെ ആശങ്കയിലാണെന്ന് കത്തില്‍ ഒപ്പിട്ട എത് നിക് മ്യാന്‍മര്‍ കമ്മ്യൂണിറ്റീസ് കൗണ്‍സില്‍ ഓഫ് ഓസ്ട്രേലിയ സെക്രട്ടറി ജെയിംസ് താങ്മാന്‍ പറഞ്ഞു. മ്യാന്മറിലെ വീടുകളില്‍ നിന്ന് സുഹൃത്തുക്കളും ബന്ധുക്കളും പലായനം ചെയ്യുന്നതിന്റെയും സൈനിക ഭരണത്തെ ചെറുക്കുന്നതിന്റെയും മാനസിക ആഘാതങ്ങള്‍ ഓസ്ട്രേലിയയില്‍ പലരും അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ ക്രൂരത അപലപിക്കപ്പെടേണ്ടതാണ്. അവര്‍ ആളുകളെ കൊല്ലുന്നു. ഗ്രാമങ്ങള്‍ ചുട്ടെരിക്കുന്നു - ജെയിംസ് താങ്മാന്‍ കൂട്ടിച്ചേര്‍ത്തു.
സൈനിക അട്ടിമറിക്ക് ശേഷം, 3,300 ലധികം മ്യാന്‍മര്‍ പൗരന്മാരാണ് ഓസ്ട്രേലിയയില്‍ അഭയം തേടാന്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളത്. 460 പേര്‍ മാനുഷിക വിസയിലോ അഭയാര്‍ത്ഥി വിസയിലോ ഇവിടെയെത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.