അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുന്നു; കേന്ദ്ര മന്ത്രിയായേക്കുമെന്ന് സൂചന

അമരീന്ദര്‍ സിംഗിന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിക്കുന്നു; കേന്ദ്ര മന്ത്രിയായേക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ബിജെപിയിലേക്ക്. അമരീന്ദറിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസിനെ ബിജെപിയില്‍ ലയിപ്പിക്കാനാണ് പദ്ധതി. ഈ വര്‍ഷം ആദ്യം പഞ്ചാബ് തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് അദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കുന്നത്.

തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായില്ലെങ്കിലും കോണ്‍ഗ്രസിന്റെ പരാജയം ഉറപ്പിക്കാന്‍ ക്യാപ്റ്റന് സാധിച്ചിരുന്നു. ബിജെപിയില്‍ സ്വന്തം പാര്‍ട്ടിയെ ലയിപ്പിക്കുമ്പോള്‍ അമരീന്ദറിന് കേന്ദ്രമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ലണ്ടനില്‍ ചികില്‍സയിലാണ് അമരീന്ദര്‍. അടുത്തയാഴ്ച്ച മടങ്ങിയെത്തിയ ശേഷം ലയന ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് സൂചന. കോണ്‍ഗ്രസില്‍ അമരീന്ദറിന്റെ സഹപ്രവര്‍ത്തകനായ സുനില്‍ ജാക്കര്‍ ഇപ്പോള്‍ ബിജെപിയിലാണ്.

ജാക്കറിനെ കൂടാതെ നിരവധി നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. പഞ്ചാബില്‍ അത്രയൊന്നും ശക്തരല്ലാത്ത ബിജെപി അടുത്തിടെ നടന്ന സാന്‍ഗ്രൂര്‍ പാര്‍ലമെന്റ് ഉപതെരഞ്ഞെടുപ്പില്‍ 68,000 ത്തോളം വോട്ടുകള്‍ നേടിയത് ഏവരെയും അല്‍ഭുതപ്പെടുത്തിയിരുന്നു. അമരീന്ദര്‍ പാര്‍ട്ടിയിലെത്തുന്നത് ബിജെപിക്ക് വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.