ഉദയ്പൂര്‍: നബിനിന്ദ ആരോപിക്കപ്പെട്ട ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മ്മയെ പിന്തുണച്ച് സമൂഹ മാധ്യമത്തില്‍ കുറിപ്പിട്ടതിന്റെ പേരില്‍ തയ്യല്‍ക്കാരന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ചുള്ള തെളിവുകള്‍ ലഭിച്ചതായി എന്‍ഐഎ.
പാകിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സല്‍മാന്‍ ഹൈദര്‍, അബു ഇബ്രാഹിം എന്നിവര്‍ കൊലപാതകത്തിലെ പ്രതികളായ റിയാസ് അഖ്താരിയ്ക്കും ഘൗസ് മുഹമ്മദിനും നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
നബി വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കണമെന്നും വലിയ രീതിയില്‍ ആക്രമണങ്ങള്‍ നടത്തണമെന്നും ഹൈദറും ഇബ്രാഹിമും പ്രതികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ആക്രമണങ്ങള്‍ നടത്തുന്നതിനായി ആര്‍ഡിഎക്സ് പോലുള്ള സ്‌ഫോടകവസ്തുക്കള്‍ സംഘടിപ്പിക്കാന്‍ റിയാസും ഘൗസും ശ്രമം നടത്തിയിരുന്നു. 'വലിയ രീതിയില്‍' എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ച് ഇരുവരും സംസാരിച്ചിരുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
പ്രതികളിലൊരാളായ റിയാസ് അഖ്താരി തന്റെ ബൈക്കിന് 2611 എന്ന അക്കങ്ങളുള്ള നമ്പര്‍ പ്ലേറ്റ് സ്വന്തമാക്കുന്നതിനായി അയ്യായിരം രൂപ അധികമായി മുടക്കി എന്ന് പൊലീസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. 2008 ലെ മുംബൈ ഭീകരാക്രമണം നടന്ന തിയതിയാണിത്.
കനയ്യലാല്‍ എന്ന തയ്യല്‍ക്കാരനെ കൊലപ്പെടുത്തിയതിന് ശേഷം ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച ഇരുവരെയും ഉദയ്പൂരില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയായി പൊലീസ് പിടികൂടുകയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് പ്രതികള്‍ കനയ്യലാലിനെ കൊലപ്പെടുത്തുകയും ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്.
നാല്‍പ്പത്താറുകാരനായ തയ്യല്‍ക്കാരന്റെ ശരീരത്തില്‍ 26 കുത്തേറ്റ മുറിവുകള്‍ ഉണ്ടായിരുന്നുവെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ഭീകര സംഘടനയായ ഐഎസിന്റെ രീതിയിലാണ് കനയ്യ ലാലിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. കനത്ത സുരക്ഷയിലാണ് പ്രതികളെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്. കോടതി ഇവരെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.