ന്യൂഡല്‍ഹി: അപകീര്‍ത്തി ക്രിമിനല്‍ കുറ്റമല്ലാതാക്കാനുള്ള സമയം അതിക്രമിച്ചെന്ന് സുപ്രീം കോടതി. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ വിരമിച്ച അധ്യാപിക അമിത സിങ് ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ദി വയറി'നെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
അപകീര്‍ത്തി കുറ്റകരമല്ലാതാക്കുന്നതിനെ അനുകൂലിച്ചാണ് സുപ്രീം കോടതി ജഡ്ജിമാരായ ജസ്റ്റിസ് എം.എം സുന്ദരേഷും ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മയും അടങ്ങുന്ന രണ്ടംഗ ബെഞ്ചിന്റെ പരാമര്‍ശം. ന്യൂസ് പോര്‍ട്ടലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയുടെ നിരീക്ഷണത്തോട് യോജിച്ചു.
2016 ല്‍ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവുമായി ബന്ധപ്പെട്ടാണ് കേസ്. ദി വയറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല വിഘടന വാദത്തിന്റേയും ഭീകരതയുടേയും ഗുഹ എന്ന് പരാമര്‍ശിച്ചതിനെരെയാണ് അധ്യാപിക അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്.
സ്ഥാപനത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ അമിത സിങ് ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. തുടര്‍ന്ന് 2017 ല്‍ കോടതി ന്യൂസ് പോര്‍ട്ടലിന് സമന്‍സ് അയച്ചു. തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ന്യൂസ് പോര്‍ട്ടലിന്റെ ഹര്‍ജി തള്ളുകയായിരുന്നു. പിന്നീടാണ് ദി വയര്‍ അധികൃതര്‍ സുപ്രീം കോടതിയെ സമീപിച്ചത്.
ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 356 പ്രകാരം മാനനഷ്ടം കുറ്റകരമാണ്. മാനനഷ്ടം ക്രിമിനല്‍ കുറ്റകമായ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. 2016 ല്‍ സുബ്രഹ്‌മണ്യന്‍ സ്വാമി യൂണിയന്‍ ഓഫ് ഇന്ത്യയ്ക്കെതിരെ നല്‍കിയ കേസില്‍ ക്രിമിനല്‍ അപകീര്‍ത്തിപ്പെടുത്തല്‍ കുറ്റത്തിന്റെ ഭരണഘടനാ സാധുത സുപ്രീം കോടതി ശരി വെച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, ആം ആദ്മി പാര്‍ട്ടി മേധാവി അരവിന്ദ് കെജരിവാള്‍ എന്നിവരുള്‍പ്പെടെ നിരവധി രാഷ്ട്രീയക്കാര്‍ ഈ വ്യവസ്ഥയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.