വയനാട്: മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ടുളള മുസ്ലീം ലീഗിന്റെ വീട് നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്തിന്റെ നിര്‍ദേശം. മേപ്പാടി പഞ്ചായത്ത് സെക്രട്ടറിയാണ് ലീഗ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ഡെവലപ്മെന്റ് പെര്‍മിറ്റ് നടപടിക്രമം പാലിക്കാതെയാണ് നിര്‍മാണം നടത്തുന്നതെന്ന് സെക്രട്ടറി നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് പഞ്ചായത്ത് സെക്രട്ടറി സ്ഥലം സന്ദര്‍ശിച്ച് വാക്കാല്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
നിര്‍മാണം തടസപ്പെടുത്തിയാലും പ്രവര്‍ത്തിയുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന അധ്യക്ഷന്‍ സാദിഖ് അലി ശിഹാബ് തങ്ങള്‍ പറഞ്ഞതിന് തൊട്ട് പിന്നാലെയാണ് പ്രവര്‍ത്തി നിര്‍ത്തിവയ്ക്കാന്‍ പഞ്ചായത്ത് നിര്‍ദേശം നല്‍കിയത്. മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്കായി മുസ്ലിം ലീഗ് ഒരുക്കുന്ന വീടുകളുടെ നിര്‍മാണം ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വില്ലേജില്‍ മുട്ടില്‍-മേപ്പാടി പ്രധാന റോഡരികിലാണ് ലീഗിന്റെ വീട് നിര്‍മാണം. വിലയ്ക്കെടുത്ത 11 ഏക്കറില്‍ 105 കുടുംബങ്ങള്‍ക്കാണ് വീടൊരുക്കുന്നത്.
ഒരു കുടുംബത്തിന് എട്ട് സെന്റില്‍ 1000 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന വീട്ടില്‍ മൂന്ന് മുറിയും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉണ്ടാകും. 1000 സ്‌ക്വയര്‍ ഫീറ്റ് പിന്നീട് കൂട്ടിച്ചേര്‍ക്കാവുന്ന തരത്തിലായിരിക്കും വീടൊരുക്കുക. വൈദ്യുതി, വെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യവും ഉറപ്പാക്കും. എട്ട് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.