റാഞ്ചി: ജാര്‍ഖണ്ഡില്‍ കത്തോലിക്ക സന്യാസിനിക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കും നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ പ്രകോപനം. ജംഷഡ്പൂര്‍ ടാറ്റാ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീയെയും സന്നദ്ധ സംഘടനയുടെ രണ്ട് സ്റ്റാഫംഗങ്ങളെയും പത്തൊന്‍പത് കുട്ടികളെയും സംഘപരിവാര്‍ സംഘടനകള്‍ തടഞ്ഞു വെച്ചു .
വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി), ബജ്റംഗ്ദള്‍ പ്രവര്‍ത്തകരാണ് മതപരിവര്‍ത്തനം ആരോപിച്ച് പ്രകോപനം സൃഷ്ടിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
മതപരിവര്‍ത്തനം ചൂണ്ടിക്കാട്ടി കത്തോലിക്ക സന്യാസിനിയെയും കുട്ടികളെയും തടഞ്ഞ വിവരം വിഎച്ച്പി, ബംജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ പങ്കു വെച്ചിരുന്നു. ഇതോടെ പ്രകോപനവുമായി കൂടുതല്‍ പ്രവര്‍ത്തകര്‍ റെയില്‍വേ സ്റ്റേഷനിലെത്തി.
തുടര്‍ന്ന് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും പൊലീസും വിഷയത്തില്‍ ഇടപെട്ടു. കന്യാസ്ത്രീയെയും സംഘത്തെയും സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്തു. വിവരമറിഞ്ഞ് ജംഷഡ്പുര്‍ രൂപതാ കേന്ദ്രത്തില്‍നിന്നു വൈദികരുമെത്തി.
ജംഷഡ്പുര്‍ രൂപതയുടെ കീഴിലുള്ള സന്നദ്ധ സംഘടനയായ കാത്തലിക് ചാരിറ്റീസ് സംഘടിപ്പിച്ച കൗമാരക്കാരുടെ ആരോഗ്യവും നൈപുണ്യ വികസനവും ആസ്പദമാക്കിയുള്ള പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ പോയതാണെന്ന് വ്യക്തമായതോടെ പൊലീസ് അവരെ വിട്ടയക്കുകയായിരുന്നു.
സംഘടനയുടെ സുന്ദര്‍ നഗറിലെ ഓഫീസിലായിരുന്നു പരിശീലന പരിപാടി സംഘടിപ്പിച്ചിരുന്നത്. കുട്ടികള്‍ രാജ്ഖര്‍സവാനില്‍ നിന്നുള്ളവരാണ്. കൗമാരക്കാരുടെ നൈപുണ്യ വികസനത്തിനായുള്ള വിവിധ പദ്ധതികള്‍ കത്തോലിക്ക സന്നദ്ധ സംഘടന നടത്തുന്നുണ്ട്. രണ്ട് ദിവസത്തെ പരിശീലനത്തിനായി കുട്ടികളെ ക്ഷണിച്ചിരുന്നു.

തുടക്കത്തില്‍ 12 കുട്ടികളുടെ മാതാപിതാക്കളില്‍ നിന്ന് അനുമതി കത്തുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവസാന നിമിഷം കൂടുതല്‍ കുട്ടികള്‍ വരാന്‍ ആഗ്രഹം പ്രകടിപ്പിച്ചതോടെ ചിലര്‍ക്ക് ആധാര്‍ കാര്‍ഡുകളോ മാതാപിതാക്കളുടെ സമ്മത പത്രങ്ങളോ ഇല്ലായിരുന്നു. ഇതാണ് ആശയക്കുഴപ്പത്തിനിടയാക്കിയതെന്ന് കാത്തലിക് ചാരിറ്റീസ് ഡയറക്ടര്‍ ഫാ. ബിരേന്ദ്ര ടെറ്റ് വ്യക്തമാക്കി.
നേരത്തേ ഛത്തീസ്ഗഡിലും ഒഡീഷയിലും മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണം അരങ്ങേറിയിരുന്നു. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയിരുന്നു.
ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു പൊലീസ് നടപടി. റെയില്‍വേ സ്റ്റേഷനില്‍ കന്യാസ്ത്രീകളോട് ആക്രോശിക്കുകയും ആദിവാസി യുവാവിനെ കയ്യേറ്റം ചെയ്യുകയും ചെയ്ത ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞ ശേഷം കര്‍ശന വ്യവസ്ഥകളോടെയായിരുന്നു കന്യാസ്ത്രീകള്‍ക്കും ആദിവാസി യുവാവിനും ജാമ്യം ലഭിച്ചത്.
ഈ സംഭവത്തിന് ശേഷമായിരുന്നു ഒഡീഷയില്‍ കന്യാസ്ത്രീകള്‍ക്കും വൈദികര്‍ക്കും നേരെ സംഘപരിവാര്‍ ആക്രമണം. ജലേശ്വറിലെ ഇടവക വികാരി ഫാ. ലിജോ നിരപ്പേലും ബാലസോര്‍ രൂപതയിലെ ജോഡ ഇടവകയിലെ ഫാ. വി ജോജോയുമാണ് ആക്രമണത്തിന് ഇരയായത്. ഇവര്‍ക്കൊപ്പം രണ്ട് കന്യാസ്ത്രീകളുമുണ്ടായിരുന്നു. എഴുപത് പേരടങ്ങുന്ന സംഘമായിരുന്നു ഇവരെ കയ്യേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.