പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും പ്രയോഗിച്ച് വിജയം കണ്ട രാഷ്ട്രീയ തന്ത്രങ്ങള്‍ കേരളമടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും നടപ്പാക്കാനൊരുങ്ങി ബിജെപി.
കേരളം, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചാണ് 'മിഷന്‍ ദക്ഷിണേന്ത്യ 2024' എന്നു പേരിട്ട പ്രവര്‍ത്തന പരിപാടിക്ക് തുടക്കം കുറിയ്ക്കുന്നത്. കേന്ദ്രമന്ത്രി അമിത് ഷായുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ 'ഡിപിആര്‍' തയ്യാറാക്കിയിട്ടുള്ളത്.
അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കര്‍ണാടകയില്‍ മാത്രമാണ് ബിജെപി ഇപ്പോള്‍ അധികാരത്തിലുള്ളത്. പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള ഭിന്നത രൂക്ഷമായതിനാല്‍ കര്‍ണാടക അത്രകണ്ട് സുരക്ഷിത മേഖല അല്ലെന്ന് കേന്ദ്ര നേതാക്കള്‍ക്കറിയാം. ഇതിനാലാണ് ദക്ഷിണേന്ത്യന്‍ മിഷനില്‍ കര്‍ണാടകയെക്കൂടി ഉള്‍പ്പെടുത്തിയിട്ടുള്ളത്.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടക നില നിലര്‍ത്തുകയും മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍ണായക ശക്തിയാവുകയും ചെയ്യുന്നതിനൊപ്പം ഈ മേഖലയിലെ 129 ലോക്‌സഭാ സീറ്റുകളിലാണ് ബിജെപിയുടെ പ്രധാന നോട്ടം. ഇതിനായുള്ള കര്‍മ്മ പരിപാടിക്ക് ഹൈദരാബാദില്‍ ആരംഭിച്ച ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗം രൂപം നല്‍കും.
അഞ്ച് വര്‍ഷത്തിനു ശേഷം ഡല്‍ഹിക്ക് പുറത്തു നടക്കുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി യോഗമെന്ന പ്രത്യേകതയും തിനുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റാലിയോടെയാണ് നാളെ യോഗം സമാപിക്കുന്നത്. റാലിക്ക് വന്‍ ജനാവലിയെ അണിനിരത്തി മൊത്തത്തില്‍ കൊഴുപ്പിക്കാനാണ് പദ്ധതി.
മിഷന്‍ ദക്ഷിണേന്ത്യയില്‍ ബിജെപി ആദ്യം ലക്ഷ്യമിടുന്നത് തെലങ്കാനയാണ്. അടുത്ത വര്‍ഷം അവസാനം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ചന്ദ്രശേഖര റാവുവിന്റെ തെലങ്കാന രാഷ്ട്രീയ സമിതി (ടി.ആര്‍.എസ്) സര്‍ക്കാരിനെ വീഴ്ത്തി അധികാരം പിടിക്കുമെന്നാണ് ബിജെപിയുടെ അവകാശ വാദം. ഇതിനായി സര്‍ക്കാരിന്റെ ദിവസങ്ങള്‍ എണ്ണുന്ന ഡിജിറ്റല്‍ ക്ലോക്കുകള്‍ വരെ പാര്‍ട്ടി ഓഫീസുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു.
'ബൈ ബൈ കെ.സി.ആര്‍' എന്നെഴുതിയ ബാനറുകളും ഫ്‌ളെക്‌സുകളും നഗരത്തിലെങ്ങും കാണാം. 'ബൈ ബൈ കെ.സി.ആര്‍' എന്ന വെബ്സൈറ്റും തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ എട്ടു വര്‍ഷം കേന്ദ്രത്തില്‍ അധികാരത്തിലിരുന്ന മോഡി സര്‍ക്കാരാണ് വിട പറയാന്‍ പോകുന്നതെന്ന മറു പ്രചാരണവുമായി ടി.ആര്‍.എസും രംഗത്തുണ്ട്. 'ബൈ ബൈ മോഡി' ബാനറുകളുമായി ടി.ആര്‍.എസും തിരിച്ചടിക്കുന്നു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് ഏറ്റവും പ്രതീക്ഷ കുറഞ്ഞ സംസ്ഥാനം കേരളമാണ്. മധ്യപ്രദേശിലും മഹാരാഷ്ട്രയിലുമൊക്കെ നടപ്പാക്കിയ 'ഒപ്പറേഷന്‍ താമര' കേരളത്തില്‍ വിരിയിക്കാന്‍ പാര്‍ട്ടിക്ക് ആവശ്യമായ ഇടം ഇതുവരെ കിട്ടിയിട്ടില്ല. അതിനായി കേന്ദ്ര നേതൃത്വം ശ്രമം നടത്തുന്നുണ്ടെങ്കിലും സംസ്ഥാനതല നേതാക്കള്‍ക്കിടയിലെ ചേരിപ്പോര് വലിയ പ്രതിബന്ധമാണ് സൃഷ്ടിക്കുന്നത്.
കേരളത്തില്‍ സ്വാധീനം വര്‍ധിപ്പിക്കാന്‍ ക്രൈസ്തവ സമുദായത്തെ ലക്ഷ്യമിടുന്നുണ്ടെങ്കിലും ബിജെപി അധികാരത്തിലുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കര്‍ണാടകയിലുമടക്കം തീവ്ര ഹിന്ദുത്വ വാദികള്‍ ക്രിസ്ത്യാനികള്‍ക്കെതിരായി നടത്തുന്ന അക്രമങ്ങള്‍ കാണുന്ന കേരളത്തിലെ ക്രൈസ്തവ സമൂഹം ബിജെപിയെ വിശ്വസിക്കുന്നില്ല എന്നതാണ് പാര്‍ട്ടി നേരിടുന്ന പ്രതിസന്ധി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.