ശാസ്ത്രത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ ജെസ്യൂട്ട് വൈദികനായ ജോര്‍ജ് കൊയ്ന്‍

ശാസ്ത്രത്തിന് നിസ്തുല സംഭാവനകള്‍ നല്‍കിയ ജെസ്യൂട്ട് വൈദികനായ ജോര്‍ജ് കൊയ്ന്‍

ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ക്രൈസ്തവ സഭയുടെ സംഭാവനകളെക്കുറിച്ച്  ഫാ.ജോസഫ് ഈറ്റോലില്‍  തയ്യാറാക്കിയ ലേഖന പരമ്പരയുടെ ഇരുപത്തൊമ്പതാം ഭാഗം.

രുപതാം നൂറ്റാണ്ടില്‍ കത്തോലിക്കാ സഭയില്‍ നിന്നും ശാസ്ത്രത്തെ പരിപോഷിച്ച വ്യക്തികളില്‍ പ്രധാനിയാണ് ജോര്‍ജ് കൊയ്ന്‍. സഭ ശാസ്ത്രത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന പരാതി വളരെ ശക്തമായ ഇരുപത്, ഇരുപത്തിയൊന്ന് നൂറ്റാണ്ടുകളിലാണ് അദ്ദേഹം ജനിച്ചതും ജീവിച്ചതും.

ശാസ്ത്രം എന്നത് മതത്തിനു വിരുദ്ധമാണ് എന്ന ചിന്ത പൊതുസമൂഹത്തെ ഗ്രസിച്ചിരുന്ന കാലത്ത് സഭയില്‍ നിന്നും ശാസ്ത്രത്തിന് നിസ്തുലമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ജോര്‍ജ് കൊയ്ന്‍. ശാസ്ത്രമേഖലയില്‍ ശ്രദ്ധിക്കപ്പെടുന്ന സംഭാവനകള്‍ നല്‍കുന്നവര്‍ സഭയില്‍ വളരെ കുറവായ ഒരു കാലഘട്ടത്തില്‍ ശ്രദ്ധേയമായ ശാസ്ത്ര സംഭവനകള്‍ നല്‍കിയ ഒരാളാണ് അദ്ദേഹം.

1933 ജനുവരി 19 നാണ് ജോര്‍ജ് കൊയ്ന്‍ ജനിച്ചത്. മാതാപിതാക്കളുടെ എട്ടു മക്കളില്‍ മൂന്നാമനാണ് അദ്ദേഹം. മേരിലാന്‍ഡിലുള്ള ലയോള സ്‌കൂളിലാണ് വിദ്യാഭ്യാസം നേടിയത്. 1951 ല്‍ തന്റെ പ്രാഥമിക പഠനങ്ങള്‍ പൂര്‍ത്തിയാക്കി. അതിനുശേഷം ജെസ്യൂട്ട് സഭയില്‍ ചേര്‍ന്നു. 1958 ല്‍ ഫോര്‍ധം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തത്വശാസ്ത്രത്തില്‍ ഉന്നതപഠനം (Licentiate) പൂര്‍ത്തിയാക്കി. ഇതിനു മുന്‍പ് അദ്ദേഹം ഗണിത ശാസ്ത്രത്തിലും ഉന്നത പഠനം പൂര്‍ത്തിയാക്കിയിരുന്നു.

1962 ല്‍ അദ്ദേഹം ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജ്യോതിശാസ്ത്രത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി. ചന്ദ്രോപരിതലത്തെപ്പറ്റി ഒരു spectrophotometric പഠനമാണ് ഇതിനുവേണ്ടി ചെയ്തത്. 1963 ലെ വസന്തകാലം ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലും 1964 ല്‍ സ്‌ക്രന്റണ്‍ യൂണിവേഴ്‌സിറ്റിയിലെ National Science Foundation അധ്യാപകനായും ജോര്‍ജ് കൊയ്ന്‍ സേവനം ചെയ്തു. 1965 ല്‍ University of Arizona Lunar and Planetary Laboratory യില്‍ സന്ദര്‍ശക അധ്യാപകനായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അദ്ദേഹം വത്തിക്കാന്റെ വാന നിരീക്ഷണേ കന്ദ്രത്തില്‍ നിരീക്ഷകനായി ചേര്‍ന്നു.

തുടര്‍ന്ന് കത്തോലിക്കാ ദൈവ ശാസ്ത്രത്തിലും ഉന്നത ബിരുദം കരസ്ഥമാക്കുകയും 1966 ല്‍ വൈദികനായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷമുള്ള വര്‍ഷങ്ങളില്‍ ഇത്രത്തോളം വിദ്യാഭ്യാസവും ബൗദ്ധിക നിലവാരവുമുള്ള ഒരാള്‍ വൈദികവൃത്തിയിലേക്ക് പ്രവേശിച്ചു എന്നത് തന്നെ കത്തോലിക്കാ വിശ്വാസത്തോടുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം സൂചിപ്പിക്കുന്നു.

Lunar and Planetary Laboratory യില്‍ അധ്യാപകനായിരുന്ന സമയത്ത് അവിടെയുള്ള അധ്യാപകര്‍ പരസ്പരം പോരടിക്കുന്നവരും ഒരുമയില്ലാത്തവരുമായിരുന്നു. അങ്ങനെ വളരെ ചെറുപ്പത്തില്‍ത്തന്നെ അദ്ദേഹം ആ സ്ഥാപനത്തിന്റെ മേധാവിയായി. എല്ലാവര്‍ക്കും അംഗീകരിക്കാവുന്ന ഒരേയൊരാള്‍ ജോര്‍ജ് കൊയ്‌നായിരുന്നു.

ഇത് നലം തികഞ്ഞ ഒരു ശാസ്ത്രജ്ഞനായിരിക്കെ തന്നെ എത്രത്തോളം അദ്ദേഹം ഒരു നല്ല വ്യക്തിയായിരുന്നു എന്നതിന്റെ തെളിവ് കൂടിയാണ്. കത്തോലിക്കാ വൈദികരും സന്യസ്തരും ശാസ്ത്ര മേഖലയ്ക്ക് ചെയ്യുന്ന വലിയൊരു സംഭവനയാണിത്. ബൗദ്ധിക നിലവാരം കാത്തു സൂക്ഷിക്കേ മാനുഷിക മൂല്യങ്ങള്‍ കളഞ്ഞു പോകുന്ന ലോകത്തിന് നന്മയുടെ വെളിച്ചം പകരുക, ക്രിസ്തീയ മൂല്യങ്ങളുടെ സാക്ഷിയാവുക എന്നത്.

ശാസ്ത്രം മാത്രമാണ് അറിവിന്റെ ലോകത്തേക്കുള്ള ഏകവഴി എന്ന വാദം അദ്ദേഹം നിരസിച്ചു. അതോടൊപ്പം തന്നെ മതപരമായ അന്ധ വിശ്വാസങ്ങളെയും കടുത്ത മതമൗലിക വാദികളെയും (Fundamentalist) അദ്ദേഹം തിരുത്തി. ഇന്ന് പലരും പിന്നാലെ പോകുന്ന ഇന്റലിജന്റ് ഡിസൈന്‍ (Inteligent design) എന്ന മാര്‍ഗം ദൈവത്തെ കേവലമൊരു ക്ലോക്ക് മേക്കര്‍ (Clock maker) മാതൃകയിലേക്ക് ഒതുക്കുന്നു എന്ന പരിഭവവും ജോര്‍ജ് കൊയ്ന്‍ പങ്കുവെച്ചു.

1978 ല്‍ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പ തന്റെ കേവലം 33 ദിവസത്തെ ശുശ്രൂഷക്കിടയില്‍ അദ്ദേഹത്തെ വത്തിക്കാന്‍ വാന നിരീക്ഷണകേന്ദ്രത്തിന്റെ തലവനായി നിയമിച്ചു. വത്തിക്കാന്‍ നിരീക്ഷണ കേന്ദ്രത്തിന്റെ തലവനായിരുന്ന കാലത്ത് അദ്ദേഹമാണ് ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ ഈ യന്ത്രങ്ങളെ അമേരിക്കയിലെ അരിസോണയിലേക്ക് കൊണ്ടുവരാന്‍ നേതൃത്വം വഹിച്ചത്. ഈ കേന്ദ്രങ്ങളില്‍ നല്ല ശാസ്ത്രം വളര്‍ത്തുക എന്നതായിരുന്നു തന്റെ സഹപ്രവര്‍ത്തകരോട് ജോര്‍ജ് കൊയ്ന്‍ ആവശ്യപ്പെട്ടത്.

ശാസ്ത്രം വളര്‍ത്താന്‍ വത്തിക്കാന്‍ നിരീക്ഷണ കേന്ദ്രത്തില്‍ വേനലവധിക്കാലത്ത് ക്ലാസുകള്‍ ആരംഭിക്കുന്നത് അദ്ദേഹത്തിന്റെ കാലത്താണ്. ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ സ്റ്റീഫന്‍ ഹോക്കിങ്സ് എന്ന ശാസ്ത്രജ്ഞനോടും അദ്ദേഹം ആശയപരമായ സംവാദത്തില്‍ ഏര്‍പ്പെട്ടു.

മനുഷ്യന്‍ എല്ലാം അറിയുന്നത് ദൈവത്തിന്റെ മനസ് വായിക്കുന്നത് പോലെയാണ് എന്ന് അഭിപ്രായപ്പെട്ട ഹോക്കിങ്‌സിനോട് പ്രപഞ്ചത്തില്‍ നമുക്ക് മനസിലാകാത്തതും അറിയാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കാനുള്ള ഒരാളല്ല ദൈവം എന്നും ദൈവം സ്‌നേഹിക്കുന്ന പിതാവാണെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് കൊയ്‌ന്റെ പ്രധാന പഠന മേഖലകള്‍ നക്ഷത്രങ്ങളുടെ ജനനവും മരണവും, ഡിസ്‌കുകളുടെ പരിണാമം മുതലായ വിഷയങ്ങളാണ്. ഭൂമിക്കും അപ്പുറത്തുള്ള ജീവന്റെ സാന്നിധ്യത്തിന്റെ സാധ്യതയെ (Extra terrestrial life) സ്വാഗതം ചെയ്യുകയും അത് പോലും കത്തോലിക്കാ ദൈവ ശാസ്ത്രവുമായി അനുരഞ്ജനപ്പെടുത്താം എന്ന നിലപാടായിരുന്നു അദ്ദേഹത്തിന്റേത്.

നമ്മുടെ അറിവില്ലായ്മയുടെ മേഖലയില്‍ ഒരു ഉത്തരമായി ദൈവത്തെ പ്രതിഷ്ഠിക്കുന്നവര്‍ അതിനാല്‍ തന്നെ ദൈവത്തെയും ശാസ്ത്രത്തെയും തരം താഴ്ത്തുകയാണ് എന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ പ്രപഞ്ചത്തിന് ഒരു ചലനാത്മകത ഉണ്ടെന്നും അത് ഭാവിയിലേക്ക് നീങ്ങുമ്പോള്‍ നിര്‍ണയ വാദപരമായ (Deterministic) രീതിയിലല്ല ചലിക്കുന്നതെന്നും അദ്ദേഹം പഠിപ്പിച്ചു. ഈ അറിവുകള്‍ ശാസ്ത്രത്തെയും മതത്തെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കാര്യത്തില്‍ ഏറെ സഹായകമായിട്ടുണ്ട്.

ജോര്‍ജ് കൊയ്‌നെ ആദരിച്ച് 14429 Coyne എന്ന പേരില്‍ ഒരു ഛിന്നഗ്രഹം പോലുമുണ്ട്. International Astronomical Union, American Astronomical Society, Astronomical Society of the Pacific, American Physical Society, Optical Society of America തുടങ്ങിയ സമിതികളില്‍ അദ്ദേഹം അംഗമായിരുന്നു. പല രാജ്യങ്ങളില്‍ നിന്നും പല വിധത്തിലുള്ള അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2020 ഫെബ്രുവരി 11 ന് ജോര്‍ജ് കൊയ്ന്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.