പിണറായിയുടെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കര്‍; ജാമ്യം കിട്ടിയതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് പി.സി ജോര്‍ജ്

പിണറായിയുടെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് ഫാരിസ് അബൂബക്കര്‍; ജാമ്യം കിട്ടിയതിനു പിന്നാലെ മുഖ്യമന്ത്രിക്കെതിരേ ആഞ്ഞടിച്ച് പി.സി ജോര്‍ജ്

തിരുവനന്തപുരം: പീഡിപ്പിച്ചെന്ന സോളാര്‍ വിവാദ നായികയുടെ വ്യാജ പരാതിയില്‍ അറസ്റ്റിലായതിനു ശേഷം ജാമ്യം കിട്ടി പുറത്തിറങ്ങിയ പി.സി ജോര്‍ജ് മുഖ്യമന്ത്രി പിണറായി വിജയനെതിരേ ആഞ്ഞടിച്ചു.

തനിക്കെതിരായ കേസിനു പിന്നില്‍ വിവാദ വ്യവസായി ഫാരിസ് അബൂബക്കറും പിണറായി വിജയനും ആണ്. പിണറായിയുടെ നിക്ഷേപങ്ങള്‍ നിയന്ത്രിക്കുന്നത് ഫാരിസാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

കേരളത്തില്‍ നടക്കുന്ന എല്ലാ കൊള്ളരുതായ്മകള്‍ക്കു പിന്നിലും പിണറായി വിജയനൊപ്പം ഫാരിസ് അബൂബക്കറുമുണ്ട്. ഫാരിസ് അബൂബക്കര്‍-പിണറായി കൂട്ടുകെട്ടിന്റെ മറുപുറമാണ് സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലുകളിലുള്ളത്. കഴിഞ്ഞ 10-12 വര്‍ഷങ്ങളായി പിണറായിയെയും അദേഹത്തിന്റെ നിക്ഷേപങ്ങളെയും രാഷ്ട്രീയ നീക്കങ്ങളെയും നിയന്ത്രിക്കുന്നത് ഫാരിസാണ്.

2016 വരെ ചെന്നൈ കേന്ദ്രീകരിച്ചായിരുന്നു ഫാരിസിന്റെ പ്രവര്‍ത്തനം. ഇപ്പോള്‍ അമേരിക്കയിലേക്ക് കേന്ദ്രം മാറ്റിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് പിണറായി തുടര്‍ച്ചയായി അമേരിക്കന്‍ യാത്ര നടത്തുന്നത്. മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ബന്ധങ്ങളെപ്പറ്റി കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണം.

ഒറാക്കിള്‍ കമ്പനിയില്‍ സാധാ ജീവനക്കാരിയായ പിണറായിയുടെ മകള്‍ ഇന്നെങ്ങനെ ഇത്രയും ആസ്തിയുള്ള കമ്പനിയുടെ ഉടമസ്ഥയായി. വീണ വിജയന്റെ മകളുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കാന്‍ ഇഡി തയാറാകണം. മുഖ്യമന്ത്രിയുമായുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും വീണയുടെ കമ്പനി വഴിയാണ് നടന്നതെന്നു സംശയിക്കുന്നു.

വലിയ രീതിയിലുള്ള അഴിമതിക്കു വേണ്ടിയുള്ള മറയാണ് വീണയുടെ ഐടി കമ്പനിയെന്ന് ജോര്‍ജ് ആരോപിച്ചു. ഇപ്പോള്‍ അമേരിക്കയിലുള്ള ഫാരിസിന്റെ നിക്ഷേപങ്ങളില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ട്. സര്‍ക്കാരിന്റെ ഡേറ്റ കച്ചവടം നടത്തുന്നത് വീണയുടെ കമ്പനിയിലൂടെയാണ്.

കുടുംബശ്രീ വഴി കേരളത്തിലെ 44 ലക്ഷം യുവാക്കളുടെ വിവരങ്ങള്‍ വിദേശ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

പുതിയ അവതാരമായി ഫാരിസ് അബൂബക്കര്‍ കൂടി രംഗത്തെത്തിയതോടെ വരുംദിവസങ്ങളില്‍ ഈ വിഷയം കൂടുതല്‍ കത്തിക്കയറാന്‍ സാധ്യതയുണ്ട്. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ വെറുക്കപ്പെട്ടവന്‍ എന്നു വിശേഷിപ്പിച്ച വ്യക്തിയാണ് വിവാദ വ്യവസായിയായ ഫാരിസ് അബൂബക്കര്‍.

പി.സി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് മകളുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ വഴിമാറ്റാന്‍ ശ്രമിച്ച പിണറായിക്ക് കൂടുതല്‍ തലവേദനയാകും ജോര്‍ജിന്റെ വെളിപ്പെടുത്തലുകള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.