സിഡ്‌നി: കോവിഡ് വാക്‌സിന്‍ എടുക്കാത്ത രാജ്യാന്തര യാത്രക്കാര്‍ക്കും ഇന്നു മുതല്‍ ഓസ്‌ട്രേലിയയിലേക്കു പ്രവേശിക്കാം. ഇതുള്‍പ്പെടെ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങളില്‍ സുപ്രധാനമായ ഇളവുകളാണ് ഫെഡറല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതോടെ കോവിഡ് മഹാമാരിയെ തുടര്‍ന്ന് രണ്ടു വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന കടുത്ത നിയന്ത്രണങ്ങള്‍ പൂര്‍ണമായും ഓസ്‌ട്രേലിയ നീക്കിയിരിക്കുകയാണ്.
ഇളവ് എല്ലാ വിസക്കാര്‍ക്കും
വാക്‌സിനെടുക്കാത്ത ഓസ്ട്രേലിയന്‍ പൗരന്മാര്‍ക്ക് നേരത്തെ മുതല്‍ രാജ്യത്തേക്ക് പ്രവേശനമുണ്ടായിരുന്നെങ്കിലും വിദേശികള്‍ക്ക് ഈ ഇളവ് ഇതുവരെ അനുവദിച്ചിരുന്നില്ല. എന്നാല്‍ പുതിയ പ്രഖ്യാപനത്തോടെ ഇന്നു മുതല്‍ സന്ദര്‍ശക വിസയില്‍ ഉള്ളവര്‍ക്ക് ഉള്‍പ്പെടെ വാക്‌സിനെടുക്കാതെ രാജ്യത്തേക്ക് എത്താന്‍ കഴിയും.
ഇന്നു പുലര്‍ച്ചെ മുതല്‍ ഓസ്‌ട്രേലിയയിലേക്ക് എത്തുന്നവര്‍ കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച രേഖകള്‍ കാണിക്കേണ്ടതില്ല എന്നാണ് പ്രഖ്യാപനം. പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവര്‍ക്കും ഓസ്‌ട്രേലിയയിലേക്ക് പ്രവേശനം അനുവദിക്കും.
നേരത്തെയുള്ള നിയമപ്രകാരം ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യണമെങ്കില്‍ കോവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുത്തതിന്റെ രേഖകള്‍ സമര്‍പ്പിക്കണമായിരുന്നു. ഏതെങ്കിലും കാരണവശാല്‍
വാക്‌സിനെടുത്തിട്ടില്ലെങ്കില്‍ പ്രത്യേക ഇളവുകള്‍ നേടിയാല്‍ മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്.
ആരോഗ്യമേഖലയില്‍ നിന്നുള്ള വിദഗ്ധരുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രഖ്യാപനമെന്ന് ആരോഗ്യമന്ത്രി മാര്‍ക്ക് ബട്ട്‌ലര്‍ പറഞ്ഞു.
വിമാനക്കമ്പനികള്‍ക്ക് ഇളവുകള്‍ ബാധകമോ?
അതേസമയം വിവിധ വിമാനക്കമ്പനികള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വാക്‌സിനേഷന്‍ നിയമങ്ങള്‍ക്ക് ഈ ഇളവുകള്‍ ബാധകമല്ല. വാക്‌സിനെടുക്കണമെന്ന് വിമാനക്കമ്പനികള്‍ക്ക് വ്യവസ്ഥയുണ്ടെങ്കില്‍ യാത്രക്കാര്‍ അത് പാലിക്കേണ്ടി വരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കൈവശമുള്ളവര്‍ക്കു മാത്രമാണ് ചില എയര്‍ലൈനുകള്‍ക്ക് ഇപ്പോഴും യാത്ര അനുവദിക്കുന്നത്. വിര്‍ജിന്‍, ക്വാണ്ടസ്, ജെറ്റ്സ്റ്റാര്‍ എന്നിവയാണ് അന്താരാഷ്ട്ര യാത്രകള്‍ക്ക് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. ഇതില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കു മാത്രമാണ് ഇളവുണ്ടായിരുന്നത്.
ചില വിമാനക്കമ്പനികള്‍ യാത്രയ്ക്കു മുന്‍പായി കോവിഡ് നെഗറ്റീവ് പരിശോധനാ ഫലം സമര്‍പ്പിക്കണമെന്നും നിബന്ധന വയ്ക്കാറുണ്ട്. വിമാനത്തില്‍ മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള മറ്റ് നിയന്ത്രണങ്ങള്‍ യാത്രക്കാര്‍ പാലിക്കണം.
യാത്രക്കാരുടെ വാക്സിനേഷന്‍ സ്റ്റാറ്റസ് രേഖപ്പെടുത്തിയ ഡിജിറ്റല്‍ പാസഞ്ചര്‍ ഡിക്ലറേഷനും (ഡിപിഡി) ഡിജിറ്റല്‍ പാസഞ്ചര്‍ ഡിക്ലറേഷനും നിര്‍ത്തലാക്കി. യാത്ര പുറപ്പെടും മുമ്പ് ഡിജിറ്റല്‍ ഡിക്ലറേഷന്‍ സമര്‍പ്പിക്കണമെന്നായിരുന്നു വ്യവസ്ഥ. ഇന്നു മുതല്‍ ഇതു വേണ്ടിവരില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.