അഞ്ചു വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയയിലേക്ക് ഏറ്റവുമധികം പേര്‍ കുടിയേറിയത് ഇന്ത്യയില്‍നിന്ന്; ചൈനയെയും മറികടന്നു

അഞ്ചു വര്‍ഷത്തിനിടയില്‍ ഓസ്‌ട്രേലിയയിലേക്ക് ഏറ്റവുമധികം പേര്‍ കുടിയേറിയത് ഇന്ത്യയില്‍നിന്ന്; ചൈനയെയും മറികടന്നു

ഓസ്‌ട്രേലിയയില്‍ ജീവിക്കുന്നവരില്‍ വിദേശത്ത് ജനിച്ചവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്

കാന്‍ബറ: ഏറെക്കാലമായി ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സ്വപ്‌നഭൂമിയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ സെന്‍സസ് കണക്കുകളിലും ഇന്ത്യന്‍ കുടിയേറ്റക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണു രേഖപ്പെടുത്തിയിരിക്കുന്നത്.

2017-നും 2021 ഓഗസ്റ്റിനും ഇടയില്‍ ആകെ ഒരു ദശലക്ഷത്തിലധികം കുടിയേറ്റക്കാരാണ് ഓസ്‌ട്രേലിയയില്‍ എത്തിയത്. ഇതില്‍ ഏറ്റവും കൂടുതല്‍ എത്തിയത് ഇന്ത്യയില്‍നിന്നാണ്. രണ്ടാമത് ചൈനയാണ്. എന്നാല്‍ കോവിഡ് മഹാമാരിയുടെ വരവോടെ കുടിയേറ്റം ഇപ്പോള്‍ മന്ദഗതിയിലായാണ്.

ഓസ്‌ട്രേലിയയില്‍ ജീവിക്കുന്ന പൗരന്മാരില്‍ വിദേശത്ത് ജനിച്ചവരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. രാജ്യത്തു ജീവിക്കുന്നവരില്‍ ഏറ്റവും അധികം പേര്‍ ഓസ്‌ട്രേലിയയില്‍ ജനിച്ചവരാണ്. രണ്ടാമത് ഇംഗ്ലണ്ടില്‍ ജനിച്ചവരാണ് ഓസ്‌ട്രേലിയയില്‍ ഏറ്റവും കൂടുതലുള്ളത്. ചൈനയെയും ന്യൂസിലന്‍ഡിനെയും പിന്തള്ളിയാണ് ഇന്ത്യാക്കാര്‍ മുന്നാമതെത്തിയത്. അഞ്ചു വര്‍ഷത്തിനിടയ്ക്ക് ഇന്ത്യയില്‍നിന്ന് വലിയ കുടിയേറ്റമുണ്ടായതാണ് ഈ വര്‍ധനയ്ക്കു കാരണം.

ഓസ്‌ട്രേലിയന്‍ ജനസംഖ്യയില്‍ 27.6 ശതമാനം പേരും വിദേശത്ത് ജനിച്ച ശേഷം ഇങ്ങോട്ടേക്ക് കുടിയേറിയവരാണ്.

ഓസ്‌ട്രേലിയന്‍ പൗരന്മാരില്‍ 48.2 ശതമാനം പേരുടെയും മാതാപിതാക്കളില്‍ ഒരാളെങ്കിലും വിദേശത്ത് ജനിച്ചവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ കണക്കില്‍ മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യാക്കാരാണ്. 2016-നെ അപേക്ഷിച്ച് ഇന്ത്യയില്‍ ജനിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണ് 2021-ല്‍ ഉണ്ടായത്. ഏകദേശം 220,000 പേരാണ് ഈ കാലയളവില്‍ ഇന്ത്യയില്‍നിന്ന് എത്തിയത്.



അതിവേഗത്തില്‍ ഘടന മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യയാണ് ഓസ്‌ട്രേലിയയിലുള്ളതെന്നാണ് സെന്‍സസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ കൂടുതല്‍ ബഹുസ്വര സമൂഹമായി ഓസ്‌ട്രേലിയ മാറി.

ആകെ ജനസംഖ്യ 2,54,22,788

ഓസ്‌ട്രേലിയയിലെ ആകെ ജനസംഖ്യ 2,54,22,788 ആയി ഉയര്‍ന്നു. അഞ്ചു വര്‍ഷം കൊണ്ട് 20 ലക്ഷത്തോളം പേരുടെ വര്‍ദ്ധനയാണ് ആകെ ജനസംഖ്യയില്‍ ഉണ്ടായിരിക്കുന്നത്. അതായത് 8.6 ശതമാനം വര്‍ദ്ധന. 2016-ലെ സെന്‍സസ് പ്രകാരം 2,34,01,892 ആണ് ഓസ്‌ട്രേലിയയിലെ ജനസംഖ്യ.

കഴിഞ്ഞ 50 വര്‍ഷം കൊണ്ട് രാജ്യത്തെ ജനസംഖ്യ ഇരട്ടിയിലേറെയായി വര്‍ദ്ധിച്ചിട്ടുണ്ട്. 1971-ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ജനസംഖ്യ 1.2 കോടി മാത്രായിരുന്നു.

ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നവരുടെ എണ്ണവും കുതിച്ചുയര്‍ന്നിട്ടുണ്ട്. 55 ലക്ഷം ഓസ്‌ട്രേലിയക്കാരാണ് വീട്ടില്‍ ഇംഗ്ലീഷ് ഇതര ഭാഷ സംസാരിക്കുന്നത്. ഇന്ത്യന്‍ ഭാഷകളില്‍ പഞ്ചാബി സംസാരിക്കുന്നവരാണ് മുന്നിലുള്ളത്.

ജനസംഖ്യയുടെ പകുതി സ്ത്രീകളാണെങ്കിലും, പാര്‍ലമെന്റില്‍ പുരുഷ അംഗങ്ങളാണ് കൂടുതല്‍.

സ്ത്രീ-പുരുഷ സമത്വമില്ലാത്ത മറ്റ് മേഖലകളുമുണ്ട്. ഉദാഹരണത്തിന് വരുമാനം. രാജ്യത്തെ ശരാശരി വ്യക്തിഗത വരുമാനം ആഴ്ചയില്‍ 805 ഓസ്‌ട്രേലിയന്‍ ഡോളറാണ്. 800 ഡോളറില്‍ കൂടുതല്‍ വരുമാനമുള്ള സ്ത്രീകളുടെ ശതമാനം അന്‍പതില്‍ താഴെയാണ്. ആഴ്ചയില്‍ 3,500 ഡോളറിനു മുകളില്‍ വരുമാനമുള്ളത് 27 ശതമാനം സ്ത്രീകള്‍ക്കു മാത്രമാണ്.

രാജ്യത്തെ അബോര്‍ജിനുകളുടെ എണ്ണവും വര്‍ദ്ധിച്ചു. എട്ടു ലക്ഷത്തിലേറെ അബോര്‍ജിനുകളാണ് ഇപ്പോള്‍ രാജ്യത്തുള്ളത്. ആകെ ജനസംഖ്യയുടെ 3.2 ശതമാനമാണ് ഇത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.