മരണം മുന്നിലുണ്ട്; പക്ഷെ, ജീവിക്കാന്‍ വേറെ മാര്‍ഗമില്ല: ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുടെ പലായനത്തിന്റെ കാരണങ്ങള്‍ നിരത്തി വൈദികന്‍

മരണം മുന്നിലുണ്ട്; പക്ഷെ, ജീവിക്കാന്‍ വേറെ മാര്‍ഗമില്ല: ആഫ്രിക്കന്‍ അഭയാര്‍ത്ഥികളുടെ പലായനത്തിന്റെ കാരണങ്ങള്‍ നിരത്തി വൈദികന്‍

റോം: കൊടിയ പീഡനങ്ങളും പട്ടിണിയും മൂലം പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് രക്ഷതേടിയുള്ള അഭയാര്‍ത്ഥികളുടെ യാത്രകള്‍ക്ക് മരണക്കയമാകുകയാണ് മെഡിറ്റനേറിയന്‍ കടലിടുക്കുകള്‍. ആക്രമണങ്ങളും പ്രകൃതി ക്ഷോഭങ്ങളും മൂലം കടല്‍യാത്രയ്ക്കിടെ കൊല്ലപ്പെടുന്നവരുടെ എണ്ണം രക്ഷപെട്ട് തീരത്തെത്തുന്നവരേക്കാള്‍ ഏറെയാണ്.

ജീവിക്കാന്‍ മാര്‍ഗം തേടി കടല്‍ കടന്ന് പോകുന്ന മക്കളെയോര്‍ത്ത് ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അമ്മമാരുടെ കണ്ണീര്‍ അവരുടെ മരണത്തോളം നീളുമ്പോള്‍ ആ മരണക്കയം താണ്ടാന്‍ വിധിക്കപ്പെടുന്നവരുടെ ജീവിതയാതനകള്‍ സാക്ഷ്യപ്പെടുത്തുകയാണ് ജെസ്യൂട്ട് റെഫ്യൂജി സര്‍വീസിന്റെ (ജെആര്‍എസ്) വെസ്റ്റ് ആഫ്രിക്ക കോര്‍ഡിനേറ്ററായ പാട്രിക് എറ്റമേസര്‍ എന്ന വൈദികന്‍.

മെഡിറ്ററേനിയന്‍ കടലില്‍ കഴിഞ്ഞിടെയുണ്ടായ ഏറ്റവും പുതിയ ജീവഹാനിയെ പരാമര്‍ശിച്ചാണ് വത്തിക്കാന്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ച ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ നിന്ന് ജീവിതമാര്‍ഗം തേടി മറുകരകളിലേക്ക് ബോട്ട്മാര്‍ഗം പുറപ്പെട്ട 83 പേരില്‍ 22 പേര്‍ അപകടത്തില്‍പ്പെട്ട് മരിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത 61 പേരെ ലിബിയന്‍ തീരസേന രക്ഷപ്പെടുത്തി തീരത്തെത്തിച്ചു.



ചെറുപ്പക്കാര്‍ തങ്ങളുടെ വീടുകള്‍ ഉപേക്ഷിച്ച് കടലില്‍ ജീവന്‍ പണയപ്പെടുത്താന്‍ തീരുമാനിക്കുന്നത് എന്തുകൊണ്ടാണെന്ന് ഈ സംഭവം തന്നെ ചിന്തിപ്പിച്ചെന്ന് ഫാ. പാട്രിക് പറയുന്നു. ഇത്തരത്തില്‍ കരകടക്കാന്‍ ശ്രമിക്കുന്നവരില്‍ ഭൂരഭാഗവും യുവാക്കളും യുവതികളും കൗമാരപ്രായക്കാരുമായ സാധാരണക്കാരാണ്.

''ആഫ്രിക്കന്‍ രാജ്യങ്ങളിലെ പതിവ് പ്രശ്‌നങ്ങളായ തീവ്രവാദം, ഭരണകൂട പീഢനം, വര്‍ഗീയ കൂട്ടക്കൊല, ദാരിദ്രം എന്നിവയില്‍ മനം മടുത്ത് ജീവിക്കാന്‍ യാതൊരു നിര്‍വാഹവുമില്ലാതെ കടല്‍കടക്കാന്‍ തീരുമാനിക്കുന്നവരാണിവര്‍. മരണം അവര്‍ മുന്നില്‍ കാണുന്നുണ്ട്. എങ്കിലും അവരുടെ പ്രതീക്ഷകള്‍ മരണഭയത്തേക്കാള്‍ മുകളിലാണ്.'' ഫാ. പാട്രിക് പറയുന്നു.

''മോശം കാലാവസ്ഥയ്ക്ക് പുറമേ കടല്‍യാത്രയ്ക്കിടെ ഉണ്ടാകുന്ന അപ്രതീക്ഷിത ആക്രമണങ്ങളും ഇവര്‍ക്ക് നേരിടേണ്ടിവരുന്നുണ്ട്. അതില്‍ അതിജീവിക്കാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കം മാത്രം. മറ്റുള്ളവരുടെ ജീവന്‍ കടലില്‍ ഹോമിക്കപ്പെടുകയാണ്. എന്നാല്‍ മെഡിറ്ററേനിയന്‍ കടലിലെ മരണവാര്‍ത്തകള്‍ എല്ലായ്പ്പോഴും നാട്ടിലെത്താറുമില്ല.''



''മക്കളുടെ മടങ്ങിവരുവും കാത്ത് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ധാരാളം അമ്മമാരുടെ മുഖം ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ കാണാം. തങ്ങളുടെ കുട്ടികള്‍ വിദേശത്തേക്ക് പോയിട്ടുണ്ടെന്നും അവര്‍ ജീവിച്ചിരിപ്പുണ്ടെന്നും അവര്‍ ജോലി ചെയ്യുന്നുവെന്നുമൊക്കെ അവര്‍ വിശ്വസിക്കുന്നു. അവരില്‍ പലരുടെയും ജീവന്‍ നഷ്ടപ്പെട്ടുപോയെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞും അറിയാതെയും അവരുടെ കാത്തിരിപ്പുകള്‍ നീളുകയാണ്.'' ഫാ. പാട്രിക് പറയുന്നു.

ഇത്തരം യാത്രകളിലെ അപകടങ്ങളും യാഥാര്‍ത്ഥ്യങ്ങളും ബോധ്യപ്പെടുത്താനുള്ള ക്യാമ്പയിനുകള്‍ കാരിത്താസിന്റെ നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എങ്കിലും കടല്‍ക്കടക്കുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ല. കൊടിയ ദാരിദ്രത്തിന്റെയും പീഡനങ്ങളുടെയും ഭീഷണിയില്‍ കഴിയുന്നവര്‍ക്ക് പ്രതീക്ഷ മാത്രമേ ജീവിക്കാനുള്ള പ്രചോദനമായുള്ളു. അതിനുവേണ്ടി എന്തു സാഹസികവും കാണിക്കാന്‍ അവര്‍ തയാറിയിക്കൊണ്ടേയിരിക്കുമെന്ന് ഫാ. പാട്രിക്ക് പറഞ്ഞവസാനിപ്പിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.