ഖാര്‍ത്തൂം: സുഡാനില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടു. പ്രെസ്ബിറ്റീരിയന്‍ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് (എസ്പിഇസി) അംഗമാണ് അര്‍ധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സുഡാനില്‍ സൈന്യവും അര്‍ധസൈന്യവും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാണ്.
രാജ്യതലസ്ഥാനമായ ഖാര്‍ത്തൂമിന് 85 മൈല്‍ അകലെ, അല്‍ ജാസിറ സംസ്ഥാനത്തിന്റെ തലസ്ഥാനമായ വാദ് മെദാനിയില്‍ നടന്ന ആക്രമണത്തിലാണ് ക്രൈസ്തവ വിശ്വാസി കൊല്ലപ്പെട്ടത്. ഡിസംബര്‍ 18 ന് നഗരം റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് പിടിച്ചെടുത്തതിനെ തുടര്‍ന്ന് വ്യാപകമായി ആക്രമണം അഴിച്ചുവിട്ടിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് മരണത്തിനു കീഴടങ്ങുകയായിരുന്നു. ഭാര്യയും കൈക്കുഞ്ഞും അടങ്ങുന്നതാണ് യുവാവിന്റെ കുടുംബം.
ജനുവരി 12-ന് വാദ് മെദാനിയില്‍ തന്നെ ഒരു ക്രൈസ്തവ ദേവാലയത്തിന് റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് തീവ്രവാദികള്‍ തീയിട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീപിടിത്തത്തില്‍ കെട്ടിടത്തിലുണ്ടായിരുന്ന ബൈബിളുകള്‍, ഗാനപുസ്തകങ്ങള്‍, പ്രധാന രേഖകള്‍ ഉള്‍പ്പെടെ വസ്തുവകകളെല്ലാം കത്തിനശിച്ചു.
സുഡാനിലെ ക്രിസ്ത്യാനികള്‍ തങ്ങള്‍ കൂടുതല്‍ കൂടുതല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുമെന്ന് ഭയപ്പെടുന്നതായി മതനേതാക്കള്‍ പറയുന്നു.
ഓപ്പണ്‍ ഡോര്‍സ് പ്രസിദ്ധപ്പെടുത്തിയ, ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ഏറ്റവും പ്രയാസമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 13-ാം സ്ഥാനത്താണ് സുഡാന്‍.
ജനറല്‍ മുഹമ്മദ് ഹമദാന്‍ ഡഗാലോ നയിക്കുന്ന ആര്‍.എസ്.എഫ്(റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ്) എന്ന പാരാമിലിട്ടറി സംഘവും ലഫ്റ്റനന്റ് ജനറല്‍ അബ്ദുള്‍ ഫത്താ അബ്ദുള്‍റഹ്‌മാന്‍ അല്‍ ബുര്‍ഹാന്‍ നയിക്കുന്ന മിലിട്ടറി സംഘവും തമ്മിലുള്ള പോരാട്ടത്തില്‍ നൂറുകണക്കിന് സാധാരണക്കാരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇതിനു പുറമേ സ്ത്രീകളെയും പെണ്‍കുട്ടികളെയും ബലാത്സംഗം ചെയ്യുകയും വീടുകളും കടകളും കൊള്ളയടിക്കുകയും ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രധാനമായും ക്രൈസ്തവരാണ് ഈ ആക്രമണങ്ങളില്‍ ഇരകളാക്കപ്പെടുന്നത്.
12,000-ത്തിലധികം ആളുകള്‍ ഈ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുകയും 5.8 ദശലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയും ചെയ്തു. തന്നെയുമല്ല, അക്രമികള്‍ കൂടുതല്‍ ലക്ഷ്യംവയ്ക്കുന്നത് ക്രൈസ്തവരെയും ക്രിസ്ത്യന്‍ ആരാധനാലയങ്ങളെയുമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.