ഈജിപ്റ്റില്‍ ക്രൈസ്തവരുടെ ഭവനങ്ങള്‍ കത്തിച്ച് തീവ്രവാദികളുടെ ക്രൂരത; ആശങ്ക അറിയിച്ച് മനുഷ്യാവകാശ സംഘടന

ഈജിപ്റ്റില്‍ ക്രൈസ്തവരുടെ ഭവനങ്ങള്‍ കത്തിച്ച് തീവ്രവാദികളുടെ ക്രൂരത; ആശങ്ക അറിയിച്ച് മനുഷ്യാവകാശ സംഘടന

കെയ്‌റോ: ഈജിപ്റ്റില്‍ ക്രൈസ്തവര്‍ക്കും ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കും നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളില്‍ ആശങ്ക അറിയിച്ച് മനുഷ്യാവകാശ സംഘടനയായ ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ്‌വൈഡ് (സിഎസ്ഡബ്ല്യു). അടുത്ത കാലത്ത് അപ്പര്‍ ഈജിപ്റ്റിലെ രണ്ട് ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെയുള്ള ആക്രമണങ്ങളെ ചൂണ്ടിക്കാണിച്ചാണ് സംഘടന അപലപിച്ചത്.

മൂവായിരത്തോളം കോപ്റ്റിക് ക്രൈസ്തവര്‍ അധിവസിക്കുന്ന അപ്പര്‍ ഈജിപ്തിലെ മിന്യ പ്രവിശ്യയില്‍ നാല് മാസം മുന്‍പ് സര്‍ക്കാര്‍ അനുമതിയോടെ സ്ഥാപിച്ച താല്‍ക്കാലിക ദേവാലയത്തിന് അക്രമികള്‍ തീയിട്ടു.

ഡിസംബര്‍ 18-ന് മിന്യ പ്രവിശ്യയില്‍ തന്നെ അല്‍-അസീബ് ഗ്രാമത്തില്‍ പള്ളി നിര്‍മിച്ചുകൊണ്ടിരുന്ന സ്ഥലവും ക്രിസ്ത്യന്‍ ഭവനങ്ങളും കന്നുകാലികളെയും പ്രദേശത്തെ തീവ്രവാദി സംഘം കല്ലുകളും നാടന്‍ ബോംബുകളും ഉപയോഗിച്ച് ആക്രമിച്ചതായി സിഎസ്ഡബ്ല്യു റിപ്പോര്‍ട്ടില്‍ പറയുന്നു.

നവംബറില്‍ ബേനി ഖ്യാര്‍ ഗ്രാമത്തില്‍ ഒരു ക്രൈസ്തവ വിശ്വാസിയെ ജീവനോടെ കത്തിച്ചു. ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്തുക്കള്‍ വില്‍ക്കുന്നത് തടസപ്പെടുത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അപ്പര്‍ ഈജിപ്തിലെ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളില്‍ സംഘടനയ്ക്ക് ആശങ്കയുണ്ടെന്നും നിരപരാധികള്‍ക്കെതിരെയുള്ള ഈ ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായും യു.കെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സിഎസ്ഡബ്ല്യു സ്ഥാപക പ്രസിഡന്റ് മെര്‍വിന്‍ തോമസ് പറഞ്ഞു. പുതിയ പള്ളികള്‍ ആക്രമിക്കുക മാത്രമല്ല, ആരാധനയ്ക്കായി ഉപയോഗിക്കുന്നതായി തീവ്രവാദികള്‍ സംശയിക്കുന്ന ക്രിസ്ത്യാനികളുടെ വീടുകളും ആക്രമണത്തിനിരയാകുന്നു.

വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് സിഎസ്ഡബ്ല്യു ഭാരവാഹികള്‍ ഈജിപ്ഷ്യന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.