ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി; താനെ കോര്‍പറേഷനില്‍ ശിവസേനയുടെ 67 ല്‍ 66 അംഗങ്ങളും ഷിന്‍ഡെയ്‌ക്കൊപ്പം

ഉദ്ധവ് താക്കറെയ്ക്ക് വീണ്ടും തിരിച്ചടി; താനെ കോര്‍പറേഷനില്‍ ശിവസേനയുടെ 67 ല്‍ 66 അംഗങ്ങളും ഷിന്‍ഡെയ്‌ക്കൊപ്പം

മുംബൈ: ഭരണം പോയതിനു പിന്നാലെ ഉദ്ധവ് താക്കറെ പക്ഷത്തിന് നേരിടേണ്ടി വരുന്ന തിരിച്ചടി തുടരുന്നു. താനെ കോര്‍പ്പറേഷനിലെ ശിവസേന അംഗങ്ങള്‍ കൂട്ടത്തോടെ ഏക്‌നാഥ് ഷിന്‍ഡെ പക്ഷത്തേക്ക് ചേക്കേറിയതാണ് പുതിയ സംഭവവികാസം. 67 അംഗങ്ങളുള്ള ശിവസേനയില്‍ നിന്ന് 66 പേരും ഷിന്‍ഡെയ്‌ക്കൊപ്പം പോയി.

താനെയിലെ 66 ശിവസേന പ്രതിനിധികളും ബുധനാഴ്ച രാത്രി ഏകനാഥ് ഷിന്‍ഡെയുടെ ഔദ്യോഗിക വസതിയിലെത്തി മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു. ഷിന്‍ഡെയുടെ ശക്തികേന്ദ്രമാണ് താനെ. ഇവിടെ പാര്‍ട്ടി ഏറെക്കുറെ ഷിന്‍ഡെയ്‌ക്കൊപ്പം തന്നെയാണ്.

അടുത്തു തന്നെ ബ്രിഹാന്‍ മുംബൈ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ്. വര്‍ഷങ്ങളായി ഇവിടെ ഒറ്റയ്ക്കു ഭരിക്കുന്നത് ശിവസേനയാണ്. പാര്‍ട്ടിയിലെ പിളര്‍പ്പോടെ ഉദ്ധവ് പക്ഷത്തിന് ഇവിടെ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

ഉദ്ധവ് താക്കറെയ്‌ക്കൊപ്പം ജനകീയരായ നേതാക്കന്‍മാര്‍ ആരുമില്ലാത്ത സ്ഥിതിയാണ് നിലവില്‍. സഞ്ജയ് റാവത്തിനെ പോലെ അണികളുമായി യാതൊരു ബന്ധവുമില്ലാത്ത നേതാക്കളെ വച്ച് പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകുക ഉദ്ധവിനും മകന്‍ ആദിത്യ താക്കറെയ്ക്കും എളുപ്പമല്ല. മുംബൈ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക പക്ഷത്തെ സംബന്ധിച്ച് കഠിനപരീക്ഷയാകും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.