ആരെയാണ് പേടിപ്പിക്കുന്നത്?; ആര്‍എസ്എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി സതീശന്‍

ആരെയാണ് പേടിപ്പിക്കുന്നത്?; ആര്‍എസ്എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളുന്നുവെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം: ആര്‍എസ്എസിന്റെ നോട്ടീസ് അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമനടപടി നേരിടാന്‍ തയ്യാറാണ്. ആര്‍എസ്എസ് നോട്ടീസ് അയച്ചിട്ടുള്ളത് ആരെ ഭയപ്പെടുത്താനാണ്. അതു കയ്യില്‍ വെച്ചാല്‍ മതിയെന്ന് സതീശന്‍ പറഞ്ഞു.

വിചാരധാരയില്‍ പറഞ്ഞിരിക്കുന്ന കാര്യവും സജി ചെറിയാന്‍ പറഞ്ഞ കാര്യവും ഒന്നു തന്നെയാണെന്ന് ആ പുസ്തകത്തിലെ പേജുകള്‍ ഉദ്ധരിച്ചുകൊണ്ടു തന്നെയാണ് പറഞ്ഞിട്ടുള്ളത്. ബെഞ്ച് ഓഫ് തോട്ട്സിന്റെ മലയാളം തര്‍ജമ പുസ്തകത്തിലുള്ള കാര്യമാണ് പറഞ്ഞത്. പേജ് നമ്പര്‍ സഹിതമാണ് പറഞ്ഞിട്ടുള്ളത്.

ബ്രിട്ടീഷുകാരുടേയും പാശ്ചാത്യ നാടുകളിലേയും ഭരണഘടനകളുടെ തുണ്ടുകള്‍ ചേര്‍ത്തുണ്ടാക്കിയ വികൃതമായ സൃഷ്ടിയാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് ഗോള്‍വാള്‍ക്കറും ബ്രിട്ടീഷുകാര്‍ പറഞ്ഞത് എഴുതിവെച്ചിരിക്കുകയാണെന്ന് സജി ചെറിയാനും പറയുന്നു.

മുന്‍ മന്ത്രി സജി ചെറിയാന്റെ വിവാദ പ്രസംഗം ഗോള്‍വാള്‍ക്കറിന്റെ പുസ്തകത്തില്‍ ഉണ്ടെന്ന പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ആര്‍എസ്എസ് വി.ഡി സതീശന് നോട്ടീസ് നല്‍കിയത്. നോട്ടീസ് കിട്ടി 24 മണിക്കൂറിനകം നടപ്പാക്കിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നാണ് ആര്‍എസ്എസ് അറിയിച്ചത്.

സജി ചെറിയാന്‍ പറഞ്ഞ അതേ വാക്കുകള്‍ ബഞ്ച് ഓഫ് തോട്ട്സില്‍ എവിടെയാണെന്ന് അറിയിക്കണം. അതിന് സാധിക്കാത്ത പക്ഷം പ്രസ്താവന പിന്‍വലിച്ചുകൊണ്ട് മറ്റൊരു പ്രസ്താവന പുറപ്പെടുവിക്കണം. അല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കും. ഗോള്‍വാള്‍ക്കറുടെ ബഞ്ച് ഓഫ് തോട്ട്സില്‍ സജി ചെറിയാന്‍ പറഞ്ഞ വാക്കുകളില്ലെന്നും ആര്‍എസ്എസ് നോട്ടീസില്‍ പറയുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.