മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ നടന്ന അക്രമ സംഭവങ്ങളില്‍ ജീവന്‍ നഷ്ടമായത് 57 വൈദികര്‍ക്കും ഒരു കര്‍ദ്ദിനാളിനും. മെക്സിക്കന്‍ കത്തോലിക്കാ സഭയുടെ മാധ്യമമായ മള്‍ട്ടിമീഡിയ കാത്തലിക് സെന്റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന കണക്കുള്ളത്. 1990 മുതല്‍ 2022 വരെയുള്ള കാലയളവിലെ കണക്കാണിത്്.
പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോറിന്റെ ഭരണത്തിനു കീഴില്‍ ആദ്യ മൂന്നര വര്‍ഷത്തിനുള്ളില്‍ മാത്രം രാജ്യത്ത് ഏഴ് പുരോഹിതന്മാര്‍ കൊല്ലപ്പെട്ടു. അതില്‍ ഏറ്റവും ഞെട്ടിക്കുന്ന സംഭവം നടന്നത് 1993 മെയ് 24-നാണ്. അന്നാണ് ഗ്വാഡലജാരയിലെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജുവാന്‍ ജീസസ് പൊസാഡസ്, അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് വെടിയേറ്റ് മരിച്ചത്.
അക്കാലത്തെ ഒരു അധോലോക നായകന്‍ എന്നു തെറ്റിദ്ധരിച്ചാണ് അക്രമികള്‍ ആര്‍ച്ച് ബിഷപ്പിന്റെ കാറിനു നേരെ വെടിയുതിര്‍ത്തത്. ഈ ആക്രമണത്തില്‍ കര്‍ദ്ദിനാള്‍ കൊല്ലപ്പെട്ടു. മെക്‌സിക്കോയില്‍ മതനേതാക്കളില്‍ പ്രമുഖനായിരുന്ന കര്‍ദ്ദിനാളിന്റെ കൊലപാതകം വലിയ ഞെട്ടലുണ്ടാക്കി. കത്തോലിക്ക സഭയുടെയും പൊതുജനങ്ങളുടെയും സമ്മര്‍ദ്ദം ഏറിയപ്പോള്‍ ഇതിനെ കുറിച്ച് അന്വേഷണവും നടന്നിരുന്നു.
അതേസമയം, സംസ്ഥാനം ആസൂത്രണം ചെയ്ത നരഹത്യയായിരുന്നു ഈ സംഭവമെന്ന് ഏറ്റവും പുതിയ അന്വേഷണങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. 2016 മെയിലെ ഒരു വീഡിയോ സന്ദേശത്തില്‍ ഗ്വാഡലജാരയിലെ ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ് സാന്‍ഡോവല്‍ തനിക്ക് ലഭിച്ച ചില വിവരങ്ങള്‍ പങ്കുവച്ചിരുന്നു. അതിന്‍പ്രകാരം ഫെഡറല്‍ ജുഡീഷ്യല്‍ പോലീസ് ഡയറക്ടറാണ് ഈ കൊലപാതകം ആസൂത്രണം ചെയ്തത്. അറ്റോര്‍ണി ജനറലില്‍ നിന്നാണ് അദ്ദേഹത്തിന് ഇതുസംബന്ധിച്ച ഉത്തരവു ലഭിച്ചത്. കേസ് ഇപ്പോഴും ആശയക്കുഴപ്പത്തില്‍ പരിഹരിക്കപ്പെടാതെ തുടരുകയാണ്.
തുടെരയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നാളെയാണ് മെക്സിക്കന്‍ ബിഷപ്പുമാര്‍ ആഹ്വാനം ചെയ്ത സമാധാനത്തിനായുള്ള പ്രാര്‍ത്ഥനാ ദിനം. രാജ്യത്തെ എല്ലാ പള്ളികളിലും അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ കുര്‍ബാനയില്‍ കൊല്ലപ്പെട്ട എല്ലാ പുരോഹിതന്മാരെയും മതവിശ്വാസികളെയും അനുസ്മരിക്കണമെന്ന് സഭാ നേതാക്കള്‍ അഭ്യര്‍ഥിച്ചു.
'കൊല്ലപ്പെട്ടവര്‍ക്കു വേണ്ടി മാത്രമല്ല, കാണാതായവര്‍ക്കും തട്ടിക്കൊണ്ടുപോയവര്‍ക്കും വേണ്ടിയും കുറ്റവാളികളുടെ മനപരിവര്‍ത്തനത്തിനു വേണ്ടിയും സഭ പ്രാര്‍ത്ഥിക്കുന്നു. എല്ലാ മെക്സിക്കന്‍ പൗരന്മാരെയും സമാധാനത്തിലേക്കു ക്ഷണിക്കാനുള്ള മഹത്തായ അവസരമാണിതെന്ന് കാത്ത്‌ലിക് മള്‍ട്ടിമീഡിയ കാത്തലിക് സെന്റര്‍ ഡയറക്ടര്‍ ഫാദര്‍ ഒമര്‍ സോട്ടെലോ പറഞ്ഞു.
മെക്‌സിക്കോയില്‍ മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പതിവാണ്. രാജ്യത്ത്
ഒരു വര്‍ഷം നടക്കുന്നത് മുപ്പതിനായിരത്തിലേറെ കൊലപാതകങ്ങളാണ്. കാണാതാകുന്നത് ആയിരക്കണക്കിന് പേരെ. രാജ്യത്തെ അഞ്ചിലൊന്ന് പേരും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളുടെ ഇരകളാണെന്നാണ് കണക്ക്. മയക്കുമരുന്ന് മാഫിയ ഏറ്റവും ശക്തമായ രാജ്യമാണിത്. പലപ്പോഴും മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കിടെയാണ് വൈദികര്‍ അടക്കമുള്ള നിരപരാധികളുടെ ജീവന്‍ നഷ്ടപ്പെടുന്നത്.
മെക്‌സിക്കന്‍ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറിന്റെ ഭരണത്തിനു കീഴില്‍ ആദ്യ മൂന്നര വര്‍ഷത്തിനുള്ളില്‍, രാജ്യത്ത് 121,000-ലധികം കൊലപാതകങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ഒന്നു മുതല്‍ ജൂലൈ ഏഴു വരെയുള്ള കാലയളവില്‍ 13,679 കൊലപാതകങ്ങള്‍ നടന്നതായാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.