മുസ്ലീം ജനസംഖ്യ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി: അന്വേഷണത്തിന് ഉത്തരവ്

 മുസ്ലീം ജനസംഖ്യ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വെള്ളിയാഴ്ച അവധി: അന്വേഷണത്തിന് ഉത്തരവ്

റാഞ്ചി: മുസ്ലീം ജനസംഖ്യ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഞായറാഴ്ചയ്ക്കു പകരം വെള്ളിയാഴ്ച അവധി നല്‍കിയ സംഭവം വിവാദമായി. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലെ രണ്ട് വാര്‍ഡുകളിലെ പ്രൈമറി സ്‌കൂളുകളിലാണ് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വെള്ളിയാഴ്ച ഉര്‍ദു സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന വിജ്ഞാപനത്തിന്റെ മറവിലാണ് ജനറല്‍ സ്‌കൂളുകളിലും അവധി പ്രഖ്യാപിച്ചത്.

സ്‌കൂളുകളിലെ മുസ്ലീം ജനസംഖ്യ ചൂണ്ടിക്കാട്ടിയാണ് ഈ അവധി പ്രഖ്യാപനമെന്നാണ് പുറത്തു വരുന്ന വിവരം. സംഭവം വിവാദമായതിനു പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

പുറത്തു വരുന്ന വിവരങ്ങളനുസരിച്ച് മുസ്ലീം ജനസംഖ്യ കൂടുതലുള്ള ഗ്രാമങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രൈമറി സ്‌കൂളുകളിലാണ് വെള്ളിയാഴ്ച അവധി നല്‍കുന്നതെന്ന് നാരായണ്‍പൂര്‍ സ്വദേശി കര്‍മാതന്ദ് വ്യക്തമാക്കി. ഇതര മതസ്ഥരായ വിദ്യാര്‍ത്ഥികളും ഈ സ്‌കൂളുകളില്‍ പഠിക്കുന്നുണ്ട്. അതേസമയം 70 ശതമാനം വിദ്യാര്‍ത്ഥികളും മുസ്ലീം കുടുംബങ്ങളില്‍ നിന്നുള്ളവരാണെന്നും ഇതു ചൂണ്ടിക്കാട്ടിയാണ് വെള്ളിയാഴ്ച സ്‌കൂളുകള്‍ അടച്ചിടുന്നതെന്നും പറയപ്പെടുന്നു. ഈ സ്‌കൂളുകളുടെ നോട്ടീസ് ബോര്‍ഡുകളിലും ആഴ്ചതോറുമുള്ള അവധിയില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ജില്ലയില്‍ 1084 പ്രൈമറി സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ 15 സ്‌കൂളുകള്‍ മാത്രമാണ് ഉറുദു സ്‌കൂളുകളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നുമാണ് വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ലഭിക്കുന്ന വിവരം. എന്നാല്‍ ഗ്രാമവിദ്യാഭ്യാസ കമ്മിറ്റിയുടെയും നാട്ടുകാരുടെയും സമ്മര്‍ദത്തെത്തുടര്‍ന്ന് ഡസന്‍ കണക്കിന് സ്‌കൂളുകളും ഉറുദു സ്‌കൂളുകകളുടെ രീതി പിന്തുടരുകയാണ്. ഈ വിഷയത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ബന്ധപ്പെട്ട വിഷയങ്ങളില്‍ അന്വേഷണത്തിന് ഉത്തരവിടുമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ ഫായിസ് അഹമ്മദ് വ്യക്തമാക്കി. വിശദമായ അന്വേഷണത്തിനു ശേഷമേ പ്രശ്നം വ്യക്തമാകൂവെന്നും അതിനനുസരിച്ച് നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം നടത്തുമെന്ന് സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറി രാജേഷ് ശര്‍മയും പറഞ്ഞു.

വെള്ളിയാഴ്ചകളില്‍ ഉറുദു സ്‌കൂളുകള്‍ക്ക് അവധിയായിരിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷമാണ് സര്‍ക്കാര്‍ ഈ വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാല്‍ ഉറുദു സ്‌കൂളുകളായി വിജ്ഞാപനം ചെയ്യപ്പെടാത്ത സ്‌കൂളുകള്‍ വെള്ളിയാഴ്ചകളില്‍ സ്വയം അവധി പ്രഖ്യാപിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തിരിക്കുന്നുവെന്നാണ് ആരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.