ഗോവന്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വീട്ടില്‍; സ്ഥാനത്തു നിന്ന് നീക്കി കോണ്‍ഗ്രസ് നേതൃത്വം, എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

ഗോവന്‍ പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ വീട്ടില്‍; സ്ഥാനത്തു നിന്ന് നീക്കി കോണ്‍ഗ്രസ് നേതൃത്വം, എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് സൂചന

പനാജി: ഗോവന്‍ രാഷ്ട്രീയത്തില്‍ നാടകീയ നീക്കങ്ങള്‍. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെ കോണ്‍ഗ്രസ് എംഎല്‍എമാരെല്ലാം ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷ നേതാവ് മൈക്കിള്‍ ലോബോ മുഖ്യമന്ത്രി പ്രമോദ് സാവന്തിനെ വീട്ടിലെത്തി കണ്ടത് കോണ്‍ഗ്രസിനെ ഞെട്ടിച്ചു. തൊട്ടുപിന്നാലെ ലോബോയെ പ്രതിപക്ഷ സ്ഥാനത്തു നിന്ന് നീക്കുകയും ചെയ്തു.

കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ മൈക്കിള്‍ ലോബോ ഗൂഢാലോചന നടത്തിയെന്നു ഗോവയുടെ ചുമതലയുള്ള എഐസിസി അംഗം ദിനേശ് ഗുണ്ടു റാവു പറഞ്ഞു. മുതിര്‍ന്ന നേതാവ് ദിഗംബര്‍ കാമത്തും ചേര്‍ന്നാണ് ഗൂഡാലോചനയ്ക്ക് നേതൃത്വം നല്‍കിയതെന്ന് അദ്ദേഹം പറഞ്ഞു.

11 എംഎല്‍എമാരാണ് ഗോവയില്‍ കോണ്‍ഗ്രസിനുള്ളത്. ഇന്ന് കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍ വെറും രണ്ടു പേര്‍ മാത്രമാണ് എത്തിയത്. ഇതോടെ കോണ്‍ഗ്രസില്‍ വന്‍ കൊഴിഞ്ഞുപോക്ക് ഉണ്ടാകുമെന്ന് ഗോവന്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മൈക്കല്‍ ലോബോ, ദെലില ലോബോ, ദിഗംബര്‍ കാമത്ത്, കേദാര്‍ നായിക്, രാജേഷ് ഫല്ദേശായി എന്നിവരാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയതെന്നാണ് റിപ്പോര്‍ട്ട്.

തിങ്കളാഴ്ച നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണു നിര്‍ണായക നീക്കം. സഭാസമ്മേളനത്തിനു മുന്നോടിയായി കോണ്‍ഗ്രസ് വിളിച്ച യോഗത്തില്‍നിന്ന് 7 എംഎല്‍എമാര്‍ വിട്ടുനിന്നു.

മൈക്കിള്‍ ലോബോയും ഭാര്യ ദെലീല ലോബോയും നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഈ വര്‍ഷം ജനുവരിയിലാണു ബിജെപി വിട്ടു കോണ്‍ഗ്രസിലെത്തിയത്. ഭാര്യയെ സ്ഥാനാര്‍ഥിയാക്കാത്തതില്‍ പ്രതിഷേധിച്ചാണു മൈക്കിള്‍ പാര്‍ട്ടി വിട്ടതെന്നായിരുന്നു ഗോവയുടെ ചുമതലയുണ്ടായിരുന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് പ്രതികരിച്ചത്.

ഉത്തര ഗോവയിലെ ശക്തനായ നേതാവാണു മൈക്കിള്‍ ലോബോ. പ്രമോദ് സാവന്ത് സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ തുടര്‍ന്നപ്പോള്‍, ലോബോയെ കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവായി നിയമിക്കുകയും ചെയ്തു.

ബിജെപിയില്‍ നിന്ന് ദിവസങ്ങള്‍ക്കകം കോണ്‍ഗ്രസിലെത്തിയ ആളെ പ്രതിപക്ഷ നേതാവാക്കിയതിനെതിരേ പാര്‍ട്ടിയില്‍ വലിയ പ്രതിഷേധവും അരങ്ങേറിയിരുന്നു. ഏഴില്‍ കൂടുതല്‍ എംഎല്‍എമാര്‍ ബിജെപിയിലേക്ക് പോവുകയാണെങ്കില്‍ കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ല. കൂറുമാറില്ലെന്ന് ഭരണഘടന തൊട്ട് സത്യം ചെയ്യിച്ചാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.