ശ്രീലേഖയ്ക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടിക്ക്; മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ രണ്ടാം ഘട്ടമെന്ന് ബാലചന്ദ്ര കുമാര്‍

 ശ്രീലേഖയ്ക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടിക്ക്;  മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ രണ്ടാം ഘട്ടമെന്ന് ബാലചന്ദ്ര കുമാര്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ വ്യാജ തെളിവുണ്ടാക്കിയെന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജയില്‍ ഡി.ജി.പി ആര്‍.ശ്രീലേഖയ്ക്കെതിരെ പ്രോസിക്യൂഷന്‍ കോടതിയലക്ഷ്യ നടപടിക്ക്. വിസ്താരം നടക്കുന്ന കേസിലെ പ്രതി നിരപരാധിയെന്ന് പറഞ്ഞതിനെ മുന്‍നിര്‍ത്തിയാകും പ്രോസിക്യൂഷന്റെ നിയമ നടപടി. ശ്രീലേഖയില്‍ നിന്ന് മൊഴിയെടുക്കുന്നതും പരിഗണനയിലാണ്.

യൂട്യൂബ് ചാനലിലൂടെയായിരുന്നു പൊലീസിനെതിരെ ആരോപണവുമായി ശ്രീലേഖ രംഗത്തെത്തിയത്. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണന്നും നടനെ അറസ്റ്റ് ചെയ്തതില്‍ തെറ്റുപറ്റിയെന്നും പറഞ്ഞാല്‍ പൊലീസിന്റെ വിശ്വാസ്യത കൂടുമെന്നും അവര്‍ പറഞ്ഞിരുന്നു.

ശ്രീലേഖയുടെ വെളിപ്പെടുത്തല്‍ വന്‍ വിവാദമായതിന് പിന്നാലെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനവുമായി നിരവധിപേര്‍ എത്തുന്നുണ്ട്. മുന്‍ ഡി.ജി.പിക്കെതിരെ നിയമനടപടി എടുക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.

ദിലീപിനെ രക്ഷിക്കാനാണ് ശ്രീലേഖ ശ്രമിക്കുന്നതെന്നും അതിനുവേണ്ടി തിരക്കഥയുണ്ടാക്കുകയാണെന്നും ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ പരാതി നല്‍കിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു. പറഞ്ഞ കാര്യങ്ങള്‍ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവെന്തെങ്കിലുമുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു.

സര്‍വീസില്‍ നിന്ന് വിരമിക്കാന്‍ കാത്തിരുന്നതു പോലെയാണ് ശ്രീലേഖയുടെ വെളിപ്പെടുത്തല്‍. വിരമിച്ച ശേഷം ആദ്യം ഈ പ്രതിയുടെ വിഷമങ്ങളും ജയിലില്‍ ബെഡ്ഷീറ്റ് കൊടുത്തതുമൊക്കെ പറഞ്ഞ് തുടങ്ങി. ഇത് അവരുടെ തിരക്കഥയുടെ രണ്ടാം ഘട്ടമാണ്.

തുടരന്വേഷണത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. അതിനുമുന്‍പ് എരിതീയില്‍ എണ്ണയൊഴിച്ച് കളയാമെന്ന് കരുതി അവര്‍ നടത്തിയ അഭിപ്രായപ്രകടനമായിട്ടേ ഇത് കരുതുന്നുള്ളുവെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.