സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്‍ സംശയം; ബഫര്‍ സോണ്‍ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം: കെസിബിസി

സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്‍ സംശയം; ബഫര്‍ സോണ്‍ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണണം: കെസിബിസി

കൊച്ചി: ബഫര്‍സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്‍ സംശയം പ്രകടിപ്പിച്ച് കെസിബിസി. സംരക്ഷിത വനമേഖലകള്‍ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ വരെ എക്കോ സെന്‍സിറ്റിവ് സോണ്‍ ആകാമെന്ന തീരുമാനം തിരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. സുപ്രീം കോടതി വിധിയില്‍ അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണമെന്ന് കെസിബിസി ആവശ്യപ്പെട്ടു.

സുപ്രീം കോടതി ഉത്തരവിനെതിരെ ജൂലൈ ആറിന് നിയമസഭ അംഗീകരിച്ച പ്രമേയവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു എന്ന് പറയുമ്പോഴും 2019 ല്‍ എക്കോ സെന്‍സിറ്റീവ് സോണ്‍ സംബന്ധിച്ച മന്ത്രിസഭാ തീരുമാനം പിന്‍വലിക്കാത്തതും പ്രായോഗിക നടപടികള്‍ സ്വീകരിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ മുന്നോട്ടു പോകാന്‍ സര്‍ക്കാര്‍ വൈമനസ്യം പുലര്‍ത്തുന്നതും പ്രതിഷേധാത്മകമാണ്.

കര്‍ഷകരുടെ ആവശ്യങ്ങള്‍ കോടതിയില്‍ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ഉത്തരവ് നടപ്പിലാക്കി തുടങ്ങുന്നതോടെ കര്‍ഷകര്‍ കുടിയിറങ്ങാന്‍ നിര്‍ബന്ധിതരാകും. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും കര്‍ഷകരുടെ പക്ഷത്തു നിന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

ഇപ്പോഴുള്ള വനാതിര്‍ത്തികള്‍ ബഫര്‍ സോണിന്റെ അതിര്‍ത്തിയായി പുനര്‍നിര്‍ണയിച്ച് വന്യജീവി സങ്കേതങ്ങളുടെ അതിര്‍ത്തി ഒരു കിലോമീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടികളും സര്‍ക്കാര്‍ എടുക്കണം. കടുത്ത ആശങ്കയില്‍ അകപ്പെട്ടിരിക്കുന്ന ഘട്ടത്തില്‍ സര്‍ക്കാര്‍ തീരുമാനങ്ങളും നയങ്ങളും വ്യക്തതയോടെ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും കെസിബിസി അഭിപ്രായപ്പെട്ടു.

ജൂണിലെ സുപ്രീം കോടതി വിധിയില്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രകാരം നിലവിലെ ബഫര്‍ സോണ്‍ പ്രഖ്യാപനം ജനങ്ങള്‍ക്ക് എത്രത്തോളം ദോഷകരമാണ് എന്നുള്ളതിന്റെ വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി അപ്പീല്‍ നല്‍കാന്‍ ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ സ്വീകരിക്കണം.

വിഷയത്തില്‍ ഏറ്റവും ക്രിയാത്മകമായ നിലപാടുകളും നടപടിക്രമങ്ങളും അടിയന്തിരമായി സ്വീകരിച്ച് ഈ പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കണ്ടെത്തണമെന്നും കേരള കത്തോലിക്കാ സഭാ നേതൃത്വം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.