'നിയമ വിരുദ്ധമായി ഒന്നുമില്ല; കാനോന്‍ നിയമപ്രകാരം ചര്‍ച്ചകള്‍ നടന്നു': ഭൂമിയിടപാടില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈകള്‍ ശുദ്ധമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

'നിയമ വിരുദ്ധമായി ഒന്നുമില്ല; കാനോന്‍ നിയമപ്രകാരം ചര്‍ച്ചകള്‍ നടന്നു': ഭൂമിയിടപാടില്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ കൈകള്‍ ശുദ്ധമെന്ന് സര്‍ക്കാര്‍ സത്യവാങ്മൂലം

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ക്ലീന്‍ ചിറ്റ് നല്‍കുന്ന സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തു.

റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമപ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരവും കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഭൂമി വാങ്ങാനും വില്‍ക്കാനും തീരുമാനിച്ചതെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നല്‍കിയ ഹര്‍ജിയിലാണ് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തത്. ഇടപാടിനെ സംബന്ധിച്ച് പാപ്പച്ചന്‍ എന്ന വ്യക്തി നല്‍കിയ പരാതിയില്‍ എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫ് പൊലീസിന്റെ സി- ബ്രാഞ്ച് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ കണ്ടത്തലുകള്‍ ഉള്‍പ്പെടുത്തിയാണ് സംസ്ഥാനം സത്യവാങ്മൂലം ഫയല്‍ ചെയ്തതിട്ടുള്ളത്.

മറ്റൂരില്‍ മെഡിക്കല്‍ കോളജ് സ്ഥാപിക്കുന്നതിന് വായ്പ എടുക്കാനുള്ള തീരുമാനവും വായ്പ തിരിച്ചടയ്ക്കുന്നതിന് ഭൂമി വില്‍ക്കാനുള്ള തീരുമാനവും സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നില്ലെന്ന പരാതിക്കാരന്റെ ആരോപണം തെറ്റാണെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

റോമന്‍ കത്തോലിക്കാ പള്ളികള്‍ക്ക് ബാധകമായ കാനോന്‍ നിയമ പ്രകാരവും എറണാകുളം അങ്കമാലി അതിരൂപതയുടെ ചട്ടങ്ങള്‍ പ്രകാരമുള്ള കൂടിയാലോചനകളും ഇക്കാര്യത്തില്‍ നടത്തിയിരുന്നു. ഫൈനാന്‍സ് കൗണ്‍സില്‍ ഉള്‍പ്പടെ സഭയുടെ മൂന്ന് ഭരണസമിതികളും ചര്‍ച്ച ചെയ്തിരുന്നു. ഇത് സംബന്ധിച്ച് നടന്ന ചര്‍ച്ചകളുടെയും കൂടിയാലോചനകളുടെയും മിനുട്ട്സ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

അതിരൂപതയുടെ ഭൂമി വില്‍പ്പനയില്‍ നിന്നും സാമ്പത്തിക തിരിമറി നടത്തി നേട്ടം ഉണ്ടാക്കി എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പൊലീസ് അന്വേഷണത്തിലും കണ്ടെത്തിയിരുന്നു. വസ്തു വില്‍പനയില്‍ ഉദ്ദേശിച്ച വരുമാനം ലഭിക്കാതെ വന്ന അവസ്ഥ പരിഹരിക്കാന്‍ ദേവികുളത്തും കോട്ടപ്പടിയിലും സ്ഥലങ്ങള്‍ വാങ്ങിയതിനെ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ നേതൃത്വത്തില്‍ നടത്തിയ സാമ്പത്തിക തിരിമറിയായി, എതിര്‍പക്ഷം തെറ്റായി പ്രചാരണം ചെയ്യുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

മാര്‍ ആലഞ്ചേരി നിയമിച്ച അന്വേഷണ കമ്മീഷന്‍ കണ്‍വീനര്‍ ഫാദര്‍ ബെന്നി മാരാംപറമ്പിലും മറ്റ് അഞ്ച് അംഗങ്ങളും മാര്‍ ആലഞ്ചേരിയുടെ എതിര്‍ വിഭാഗത്തില്‍ പെടുന്നവരായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് കമ്മീഷന്‍ നിയമനാധികാരിക്ക് കൊടുക്കുന്നതിനു മുന്നേ മാധ്യമങ്ങള്‍ക്കു കൊടുക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ കള്ള പ്രചരണം നടത്തുകയും ചെയ്ത സാഹചര്യത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് എറണാകുളം അങ്കമാലി അതിരൂപത അംഗീകരിച്ചില്ല. ഈ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കും നിയമപരമായും വസ്തുതാപരമായും അടിസ്ഥാനമില്ല.

ഈ റിപ്പോര്‍ട്ട് തന്നെയാണ് പാപ്പച്ചന്‍ നല്‍കിയിരിക്കുന്ന പരാതിയുടെ ആധാരം എന്നതിനാല്‍ തെറ്റായ രേഖയെ ആശ്രയിച്ചാണ് പരാതിക്കാരന്‍ ഇപ്രകാരം ഒരു ആരോപണം ഉന്നയിച്ചത് എന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കുകയായിരുന്നു.

പരാതിക്കു ആധാരമായ രേഖ ഉണ്ടാക്കിയ അന്വേഷണ കമ്മീഷന്‍ കണ്‍വീനര്‍ ആയിരുന്ന ഫാദര്‍ ബെന്നി മാരംപറമ്പില്‍ കര്‍ദ്ദിനാളിനും മറ്റു എട്ടു ബിഷപ്പുമാര്‍ക്കെതിരെയും നിര്‍മ്മിച്ച വ്യാജ രേഖക്കേസിലെ മൂന്നാം പ്രതിയുമാണ്. ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ഒരു കുറ്റവും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്താനായിട്ടില്ല എന്ന് വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.