മിഷിഗണ്‍ : അമേരിക്കയിലെ മിഷിഗണിലെ പള്ളിയിലുണ്ടായ വെടിവയ്പ്പില്‍ നാല് മരണം. പള്ളിയുടെ മുന്‍ വാതിലിലൂടെ ഒരാള്‍ വാഹനം ഇടിച്ചു കയറ്റിയതിനു പിന്നാലെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പള്ളിക്ക് തീയിടുകയും ചെയ്തു.
നാല് പേര്‍ കൊല്ലപ്പെട്ടതായും എട്ട് പേര്‍ക്ക് പരിക്കേറ്റതായും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ഡിട്രോയിറ്റിന് ഏകദേശം 50 മൈല്‍ വടക്ക് സ്ഥിതി ചെയ്യുന്ന മിഷിഗണിലെ ഗ്രാൻഡ് ബ്ലാങ്കിലുള്ള ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിലാണ് വെടിവയ്പ്പ് നടന്നത്. സംഭവ സമയത്ത് നൂറുകണക്കിന് ആളുകള്‍ പള്ളിയിലുണ്ടായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്തുള്ള ബര്‍ട്ടണ്‍ പട്ടണത്തില്‍ നിന്നുള്ള മുന്‍ യുഎസ് മറൈന്‍ തോമസ് ജേക്കബ് സാന്‍ഫോര്‍ഡ് (40) എന്നയാളാണ് അക്രമി. ഇയാളെ പിന്നീട് പൊലീസ് വധിച്ചു. 2004 മുതൽ 2008 വരെ യു.എസ് സൈന്യത്തിന്റെ ഭാഗമായി ഇറാഖിൽ സേവനമനുഷ്ഠിച്ച വ്യക്തിയാണ് ഇയാൾ. ഇയാളുടെ വീട്ടിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി. അക്രമത്തിൻ്റെ പിന്നിലെ കാരണം കണ്ടെത്താനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രതികരിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. സാഹചര്യം വിലയിരുത്തിയെന്നും എഫ്ബിഐ സംഘം ഉടനടി സ്ഥലത്തെത്തിയെന്നും ട്രംപ് പറഞ്ഞു. പ്രാദേശിക നേതൃത്വത്തിന് എല്ലാവിധ പിന്തുണയും നല്‍കും. അമേരിക്കയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള മറ്റൊരു ആക്രമമായി വേണം ഇതിനെ വിലയിരുത്താന്‍. ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് അറുതി വേണമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
മിഷിഗണ്‍ ഗവർണർ ഗ്രെച്ചൻ വിറ്റ്മർ സംഭവത്തിൽ ദുഖം രേഖപ്പെടുത്തി. ദ ചർച്ച് ഓഫ് ജീസസ് ക്രൈസ്റ്റ് ഓഫ് ലാറ്റർ-ഡേ സെയിന്റ്സിന്റെ പ്രസിഡന്റായിരുന്ന റസ്സൽ എം. നെൽസന്റെ മരണത്തിന്റെ പിറ്റേന്നാണ് പള്ളിയിൽ അക്രമം നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.