കാനഡയിൽ ബോട്ട് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കാനഡയിൽ ബോട്ട് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർ മരിച്ചു

കാൻമോർ: കാനഡയിൽ ബോട്ടപകടത്തിൽ മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ഷാജി വർഗീസിന്റെയും ലില്ലി ഷാജിയുടെയും മകൻ കെവിൻ ഷാ വർഗീസ് (21), മലയാറ്റൂർ നീലീശ്വരം നടുവട്ടം കോനുക്കുടി വീട്ടിൽ ജിയോ പൈലി (32), തൃശൂർ അതിരപ്പിള്ളി സ്വദേശി ലിയോ (41) എന്നിവരാണ് മരിച്ചത്.


ഞായർ രാവിലെ 10 മണിക്ക് ശേഷം കാൻമോറിൽ നിന്നും ഏകദേശം 24 കിലോമീറ്റർ ദൂരമുള്ള സ്പ്രൈലേക്ക് റിസേർവോയറിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. വിനോദയാത്രയ്ക്കായാണ് നാലംഗ മലയാളി സംഘം ഇവിടെയെത്തിയത്. ബോട്ടിൽ മീൻപിടിത്തത്തിന് ഇറങ്ങിയതായിരുന്നു ഇവർ. അതിനിടയിലാണ് അപകടം സംഭവിച്ചത്. ബോട്ടിൽ ഉണ്ടായിരുന്ന നാലാമത്തെ ആൾ നീന്തി രക്ഷപ്പെട്ടു. തൃശൂർ സ്വദേശി ജിജോ ജോഷി സ്വയം രക്ഷപ്പെടുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

എന്നാൽ അപകടം എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് മൊബൈൽ ഫോൺ റേഞ്ച് കുറവായത് കാരണം സംഭവം അറിഞ്ഞ് ഇങ്ങോട്ടേക്ക് രക്ഷാ പ്രവർത്തകർ എത്താനും വൈകി. പൊലീസ് ഈ തടകത്തിലേക്കുള്ള വഴി താൽകാലികമായി നിരോധിച്ചിട്ടുണ്ട്.

അപകട സമയത്ത് ഇവർ ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നുവോ എന്ന് വ്യക്തമല്ല. കനാനാസ്കിസ് എമർജൻസി സർവിസ് ആൽബർട്ട കൺസെർവഷൻ ഓഫീസർസുമായി സഹകരിച്ച് രണ്ട് സെർച്ച്‌ & റെസ്ക്യൂ ബോട്ടുകളുടെയും ഹെലികോപ്റ്ററുകളുടെയും സഹായത്തോടെയാണ് തെരച്ചിൽ നടത്തിയത്.

കളമശ്ശേരി സ്വദേശി കെവിൻ ഷാജിയുടെ കുടുംബം ഇരുപത് വർഷത്തോളമായി കാനഡയിലാണ് താമസം. ഗിഫ്റ്റിൻ ഷാ വർഗീസ്, റ്റെസ ഷാ വർഗീസ് എന്നിവർ സഹോദരങ്ങളാണ്. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് മുൻ അംഗം ജാൻസിയുടെയും പൈലിയുടെയും മകനാണ് ജിയോ. കാനഡയിൽ 10 വർഷമായി താമസിക്കുന്ന ജിയോ അവിടെ വലിയ വാഹനങ്ങളുടെ വർക് ഷോപ്പ് നടത്തുകയാണ്. ഭാര്യ: ശ്രുതി. മകൻ: ഒലിവർ. സംസ്കാരം പിന്നീട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.