അഭിമാന പ്രശ്‌നം, ആണവ സമ്പുഷ്ടീകരണം തുടരും'; ചര്‍ച്ചകള്‍ക്ക് തയ്യാറെന്നും ഇറാന്‍

അഭിമാന പ്രശ്‌നം, ആണവ സമ്പുഷ്ടീകരണം തുടരും'; ചര്‍ച്ചകള്‍ക്ക് തയ്യാറെന്നും ഇറാന്‍

ടെഹ്റാന്‍: അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളുടെ മുന്നറിയിപ്പ് നിലനില്‍ക്കുമ്പോഴും യുറേനിയം സമ്പുഷ്ടീകരണം തുടരുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി.

'ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങളുണ്ടായി. ആണവ സമ്പുഷ്ടീകരണ പദ്ധതി തല്‍ക്കാലം നിര്‍ത്തി വച്ചിരിക്കുകയാണ്. എന്നാല്‍ ഞങ്ങളുടെ ദേശീയ അഭിമാനത്തിന്റെ പ്രശ്നമായതിനാല്‍ ആണവ സമ്പുഷ്ടീകരണം തുടരുക തന്നെ ചെയ്യും'- അരാഗ്ചി ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആക്രമണങ്ങള്‍ നടത്തിയെങ്കിലും അമേരിക്കയുമായി ഇനിയും ചര്‍ച്ചകള്‍ക്ക് തയ്യാറാണ്. പക്ഷേ, അത് നേരിട്ടുള്ള ചര്‍ച്ചകളായിരിക്കില്ല. ഇറാന്റെ ആണവ പദ്ധതി സമാധാന പരമാണെന്നും അത് അങ്ങനെ തന്നെ തുടരുമെന്നും അദേഹം വ്യക്തമാക്കി.

ഇറാന്‍ ഒരിക്കലും ആണവായുധങ്ങള്‍ക്കായി പോകില്ല. അക്കാര്യം തെളിയിക്കാന്‍ ആവശ്യമായ ഏത് നടപടികള്‍ക്കും തങ്ങള്‍ തയ്യാറാണ്. പകരമായി അവര്‍ ഉപരോധം നീക്കുമെന്നാണ് പ്രതീക്ഷിക്കുന്നുതെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി പറഞ്ഞു.

ആക്രമണങ്ങള്‍ ഇറാന്റെ സമ്പുഷ്ടീകരിച്ച യൂറേനിയത്തെ എങ്ങനെ ബാധിച്ചുവെന്ന് ഇറാന്റെ ആണവോര്‍ജ സംഘടന വിലയിരുത്തുകയാണെന്നും കണ്ടെത്തലുകള്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയെ (ഐഎഇഎ) അറിയിക്കുമെന്നും അരാഗ്ചി പറഞ്ഞു.

എന്നാല്‍, ഐഎഇഎയുമായുള്ള സഹകരണം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കുന്ന നിയമത്തില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ഐഎഇഎ പരിശോധകര്‍ ഈ മാസം ആദ്യം ഇറാന്‍ വിട്ടിരുന്നു.

അതേസമയം ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടണ്‍ എന്നീ രാജ്യങ്ങളിലെ പ്രതിനിധികളുമായി തുര്‍ക്കിയില്‍ വെച്ച് 25 ന് ചര്‍ച്ച നടത്താന്‍ ഇറാന്‍ തയ്യാറെടുക്കുന്നുണ്ട്. ചര്‍ച്ച ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്യുന്നതായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാന്‍ ദുജാറിക് പറഞ്ഞു.



1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.