കതിര്‍മണ്ഡപമില്ല, പുടവ നല്‍കിയില്ല, വെറും മാലയിടല്‍ മാത്രം; കല്യാണപ്പിറ്റേന്ന് വരന്‍ നേരേ നിയമസഭയിലേക്ക്: വസുമതി വി.എസിന്റെ ജീവിതത്തിലെ തണല്‍മരം

കതിര്‍മണ്ഡപമില്ല, പുടവ നല്‍കിയില്ല, വെറും മാലയിടല്‍ മാത്രം; കല്യാണപ്പിറ്റേന്ന് വരന്‍ നേരേ നിയമസഭയിലേക്ക്: വസുമതി വി.എസിന്റെ ജീവിതത്തിലെ തണല്‍മരം

കൊച്ചി: രാഷ്ട്രീയം പോരാട്ടമായി കണ്ട വി.എസ് എന്ന കറതീര്‍ന്ന കമ്യൂണിസ്റ്റിന്റെ സംഭവ ബഹുലമായ ജീവിതത്തിലുണ്ടായ കയറ്റിറക്കങ്ങളുടെ നിശബ്ദ സാക്ഷിയായിരുന്നു ഭാര്യ വസുമതി. പ്രത്യേക താല്‍പര്യമൊന്നുമില്ലാതെ സ്നേഹിച്ചും പരിചരിച്ചും വി.എസിന് കരുത്തായി എന്നും കൂടെയുണ്ടായിരുന്നു അവര്‍.

1967 ജൂലൈ 16  നായിരുന്നു വി.എസ് അച്യുതാനന്ദനും കുത്തിയതോട് കോടംതുരുത്തു മുറിയില്‍ കൊച്ചുതറയില്‍ വസുമതിയും തമ്മിലുള്ള വിവാഹം നടന്നത്. അന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആലപ്പുഴ ജില്ലാ കമ്മിറ്റി സെക്രട്ടറിയും അമ്പലപ്പുഴ എംഎല്‍എയുമായ വി.എസിന് 42 വയസായിരുന്നു പ്രായം. വസുമതിക്ക് 29 ഉം. പിന്നീടുള്ള യാത്രയില്‍ ഉടനീളം വി.എസിന്റെ ജീവിതത്തില്‍ നിഴല്‍പോലെ... ഒരു തണല്‍മരമായി കൂടെയുണ്ടായിരുന്നു വസുമതി.

ഒരു ഞായറാഴ്ചയായിരുന്നു വിവാഹം. ഉച്ചകഴിഞ്ഞ് മൂന്നിന് ആലപ്പുഴ മുല്ലയ്ക്കല്‍ നരസിംഹപുരം കല്യാണ മണ്ഡപത്തില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിനു കതിര്‍മണ്ഡപമില്ല. പുടവ നല്‍കിയില്ല. കാര്യമായ സദ്യയുമില്ലായിരുന്നു. പരസ്പരം മാലയിടല്‍ മാത്രമായിരുന്നു ചടങ്ങ്. പിന്നീട് നേരെ പോയത് സഹോദരിയുടെ വീട്ടിലേക്ക്.



രാത്രിയോടെ അവിടെ നിന്ന് വാടക വീട്ടിലേക്ക്. കഞ്ഞി വയ്ക്കാന്‍ ചട്ടിയും കലവും മുതല്‍ അരി സമാനങ്ങള്‍ വരെ കണ്ടെത്തേണ്ടത് കല്യാണപ്പെണ്ണിന്റെ ജോലിയായി. പുതുമണവാളന്‍ എംഎല്‍എയായിരുന്നതിനാല്‍ പിറ്റേന്നു നേരം പുലര്‍ന്നതോടെ വി.എസ് മണവാട്ടിയെ സഹോദരിയുടെ വീട്ടിലാക്കി നിയമസഭാ സമ്മേളനത്തിനായി തിരുവനന്തപുരത്തേക്ക് പോവുകയും ചെയ്തു.

വിവാഹത്തോടു താല്‍പര്യമില്ലായിരുന്ന വി.എസ്, ഒടുവില്‍ തന്റെ രാഷ്ട്രീയ ഗുരുവായ എന്‍. സുഗതന്റെ ഉപദേശം സ്വീകരിച്ചാണ് വിവാഹിതനായത്. ആര്‍ഭാടമില്ലാത്ത കല്യാണത്തിന് ശേഷം എല്ലാ വര്‍ഷവും ആഘോഷമില്ലാത്ത വിവാഹം വാര്‍ഷികമായിരുന്നു ഇരുവരുടേതും. സന്തോഷ സൂചകമായി എല്ലാവര്‍ക്കും പായസം നല്‍കും, അത്രമാത്രം.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.