മെല്‍ബണ്‍: ചൈന ആസ്ഥാനമായുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ടിക് ടോക്കിലെ വ്യക്തി വിവരങ്ങള്‍ സുരക്ഷിതമല്ലെന്ന ആശങ്ക പങ്കുവച്ച് ഓസ്‌ട്രേലിയയുടെ ഫെഡറല്‍ ട്രഷറര്‍ ജിം ചാല്‍മേഴ്സ്. ചൈനയിലെ ടിക് ടോക്കിന്റെ ആസ്ഥാനത്തുള്ള ജീവനക്കാര്‍ക്ക് ഓസ്‌ട്രേലിയന്‍ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയുമെന്ന് ഓസ്‌ട്രേലിയയുടെ ഷാഡോ സൈബര്‍ സെക്യൂരിറ്റി മന്ത്രി ജെയിംസ് പാറ്റേഴ്‌സന്റെ കത്തിന് ലഭിച്ച മറുപടി ചൂണ്ടിക്കാട്ടിയാണ് ഫെഡറല്‍ ട്രഷറര്‍ ആശങ്ക പങ്കുവച്ചത്.
അമേരിക്കയിലും സിങ്കപ്പൂരിലുമുള്ള സെര്‍വറുകളിലാണ് ടിക്ക് ടോക്ക് രേഖകള്‍ സൂക്ഷിച്ചിരിക്കുന്നതെങ്കിലും അവ ശേഖരിക്കാന്‍ ടിക്ക് ടോക്ക് ആസ്ഥാനത്തെ ജീവനക്കാര്‍ക്ക് സാധിക്കും. രേഖകള്‍ സുരക്ഷിതമായിരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നുണ്ടെങ്കിലും ചൈനീസ് സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രേഖകള്‍ നല്‍കാതിരിക്കാന്‍ ഇവര്‍ക്ക് കഴിയില്ലെന്നും ചാല്‍മേഴ്സ് ചൂണ്ടിക്കാട്ടി.
അതേസമയം ഉപയോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ദുരുപയോഗം ചെയ്യില്ലെന്നും അത് ഉറപ്പുവരുത്തുന്ന പോളിസിയാണ് കമ്പനിക്കുള്ളതെന്നും കമ്പനിയുടെ ഓസ്ട്രേലിയന്‍ പബ്ലിക് പോളിസി ഡയറക്ടര്‍ ബ്രെന്റ് തോമസ് വിശദീകരിച്ചു. കമ്പനിയിലെ എല്ലാവര്‍ക്കും വ്യക്തി വിവരങ്ങള്‍ ശേഖരിക്കാന്‍ സാധിക്കില്ല. ആവശ്യഘട്ടത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ രേഖകള്‍ കാണാനോ ശേഖരിക്കാനോ സാധിക്കുകയുള്ളെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് സര്‍ക്കാര്‍ ഇതുവരെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഡേറ്റ കൈമാറിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ പൗരന്മാരുടെ ടിക്ക്‌ടോക്ക് വിവരങ്ങള്‍ കമ്പനി ചൈനീസ് സര്‍ക്കാരിന് കൈമാറിയെന്ന വാര്‍ത്തയെ തുടര്‍ന്നാണ് ജെയിംസ് പാറ്റേഴ്സണ്‍ ടിക്ക് ടോക്കിന്റെ കമ്പനി അധികൃതര്‍ക്ക് കത്ത് നല്‍കിയത്. ഓസ്ട്രേലിയന്‍ ഡാറ്റ സുരക്ഷിതമായിരിക്കുമെന്ന ടിക് ടോക്കിന്റെ അവകാശവാദം വിശ്വസിക്കാനാകില്ലെന്ന് പാറ്റേഴ്സണ്‍ പറഞ്ഞു. വ്യക്തിവിവരങ്ങള്‍ ആവശ്യപ്പെട്ടാല്‍ നല്‍കണമെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ദേശീയ സുരക്ഷാ നിയമങ്ങളില്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ചൈന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാരിനെ അവകാശപ്പെടുത്തുന്ന സൈബര്‍ സുരക്ഷാ നിയമങ്ങളാണ് ചൈനയിലുള്ളത്. നിയമത്തിന്റെ പിന്‍ബലത്തില്‍ ഡേറ്റ ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ക്ക് അത് നല്‍കാതിരിക്കാന്‍ കഴിയില്ല. ഏഴ് ദശലക്ഷം വരുന്ന ഓസ്ട്രേലിയന്‍ ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ അല്‍ബനീസ് സര്‍ക്കാര്‍ നടപടിയെടുക്കേണ്ട സമയമാണിതെന്നും ടിക്ക്‌ടോക്ക് ഉപയോക്താക്കള്‍ വ്യക്തിവിവരങ്ങള്‍ നല്‍കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും പാറ്റേഴ്സണ്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26