വാഷിങ്ടണ്‍: ഏറ്റെടുക്കല്‍ കരാറില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് സ്പേസ് എക്സ് ഉടമയും ടെസ്ല സി.ഇ.ഒയുമായ എലോണ്‍ മസ്‌കിനെതിരെ സമൂഹമാധ്യമമായ ട്വിറ്റര്‍ കോടതിയെ സമീപിച്ചു. കമ്പനിയുമായി ഉണ്ടാക്കിയ ധാരണ പ്രകാരം കരാര്‍ അംഗീകരിച്ച് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ മസ്‌കിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ട്വിറ്റര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. അമേരിക്കന്‍ സംസ്ഥാനമായ ഡെല്‍വാരയില കോടതിയിലാണ് ട്വിറ്റര്‍ കേസ് നല്‍കിയിരിക്കുന്നത്.
കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ട്വിറ്റര്‍ വാങ്ങില്ലെന്ന് കാണിച്ച് വെള്ളിയാഴ്ചയാണ് മസ്‌കിന്റെ അഭിഭാഷകന്‍ കരാറില്‍ നിന്ന് പിന്മാറിയത്. വ്യാജ അക്കൗണ്ടുകളെക്കുറിച്ച് ആവശ്യപ്പെട്ട രേഖകള്‍ ട്വിറ്റര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ട്വിറ്റര്‍ വാങ്ങാനുള്ള നീക്കത്തില്‍ നിന്നുള്ള പിന്മാറ്റം. മസ്‌കിന്റെ ആവശ്യങ്ങളെ ട്വിറ്റര്‍ ബഹുമാനിച്ചില്ലെന്നും കരാര്‍ പാലിക്കാത്തതിന് കമ്പനി പറഞ്ഞ ന്യായങ്ങള്‍ നീതീകരിക്കാനാകില്ലെന്നും മസ്‌കിന്റെ അഭിഭാഷകന്‍ മൈക്ക് റിംഗ്ലര്‍ വ്യക്തമാക്കിയിരുന്നു.
സ്പാം അക്കൗണ്ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ ട്വിറ്റര്‍ ഏറ്റെടുക്കല്‍ നീക്കത്തില്‍ നിന്ന് പിന്മാറുമെന്ന് മസ്‌ക് നിരവധി തവണ കത്തുകളിലൂടെ കമ്പനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ട്വിറ്റര്‍ നല്‍കിയ കേസിനെക്കുറിച്ച് 'വിരോധാഭാസം' എന്ന ഒറ്റ വാചകത്തിലായിരുന്നു മസ്‌കിന്റെ പ്രതികരണം. ട്വിറ്റര്‍ ആരംഭിച്ച നിയമ നടപടി സംബന്ധിച്ച കാര്യങ്ങളൊന്നും ട്വീറ്റില്‍ അദ്ദേഹം പരാമര്‍ശിച്ചിട്ടില്ല.
കഴിഞ്ഞ ഏപ്രിലില്‍ ആണ് 44 ബില്യണ്‍ ഡോളറിന്(ഏകദേശം 3.67 ലക്ഷം കോടി ഇന്ത്യന്‍ രൂപ) മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള കരാര്‍ ഉറപ്പിച്ചത്. ഓരോ ഓഹരിക്കും 54.20 ഡോളര്‍ (4,148 രൂപ) നല്‍കി ഏറ്റെടുക്കാന്‍ ആയിരുന്നു കരാര്‍. ഏപ്രില്‍ 25നാണ് കരാറിലേര്‍പ്പെട്ടത്.
ട്വിറ്ററിനെ കൂടുതല്‍ സുതാര്യമാക്കുക, ട്വീറ്റുകളിലെ അക്ഷരങ്ങളുടെ എണ്ണം കൂട്ടുക, അല്‍ഗോരിതം മാറ്റുക, കൂടുതല്‍ ആശയപ്രകടനത്തിനും അഭിപ്രായ സ്വാതന്ത്ര്യത്തിനും അവസരം നല്‍കുക തുടങ്ങിയവയെല്ലാം ട്വിറ്ററില്‍ താന്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായി മസ്‌ക് പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.