വിവാഹിതരെന്ന് യുവതിയും അല്ലെന്ന് ബിനോയ് കോടിയേരിയും; കേസ് മാറ്റിവച്ചു ബോംബെ ഹൈക്കോടതി

 വിവാഹിതരെന്ന് യുവതിയും അല്ലെന്ന് ബിനോയ് കോടിയേരിയും; കേസ് മാറ്റിവച്ചു ബോംബെ ഹൈക്കോടതി

മുംബൈ: പീഡനക്കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് ബിനോയ് കോടിയേരിയും ബിഹാര്‍ സ്വദേശിയായ യുവതിയും നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റി വച്ചു. ഇന്നലെ ബിനോയിയുടെ അഭിഭാഷകനു ഹാജരാകാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കൃത്യമായ മറുപടി തയാറാക്കുന്നത് നീണ്ടതാണ് അഭിഭാഷകന്‍ ഹാജരാകാതിരുന്നതിന് പിന്നിലെന്നാണ് സൂചന.

കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ വിവാഹിതരാണോ എന്ന ചോദ്യത്തിനു യുവതി അതെ എന്നും ബിനോയ് അല്ല എന്നുമാണു മറുപടി നല്‍കിയത്. കുട്ടിയുടെ ഭാവിയെക്കുറിച്ചു ചോദിച്ചപ്പോഴും വ്യക്തമായ ഉത്തരമുണ്ടായില്ല. ഇന്നലെ വിശദവും കൃത്യവുമായ മറുപടി സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെടുകയായിരുന്നു.

2019 ജൂണിലാണ് ബിനോയിക്കെതിരെ ആരോപണവുമായി മുംബൈ പൊലീസില്‍ യുവതി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ആ ബന്ധത്തില്‍ മകനുണ്ടെന്നുമാണ് ആരോപണം. ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്യുമ്പോള്‍ അവിടെ സ്ഥിരം സന്ദര്‍ശകനായിരുന്ന ബിനോയ് പരിചയപ്പെട്ടു. ജോലി ഉപേക്ഷിച്ചാല്‍ വിവാഹം ചെയ്യാമെന്നു വാഗ്ദാനം ചെയ്തു. ബിനോയിയുടെ വീട്ടില്‍ പോകാറുണ്ടായിരുന്നു. 2009 നവംബറില്‍ ഗര്‍ഭിണിയായെന്നും തുടര്‍ന്ന് മുംബൈയിലേക്ക് തിരിച്ചുവെന്നും പരാതിയില്‍ പറയുന്നു.

2010 ഫെബ്രുവരിയില്‍ അന്ധേരി വെസ്റ്റില്‍ ഫ്‌ളാറ്റ് വാടകയ്ക്ക് എടുത്ത് തന്നെ അവിടേക്കു മാറ്റി. ഇതിനിടെ ദുബായില്‍ നിന്ന് പതിവായി വന്നു പോയി. എല്ലാ മാസവും പണം അയയ്ക്കും. എന്നാല്‍ 2015ല്‍ ബിസിനസ് മോശമാണെന്നും ഇനി പണം നല്‍കുക പ്രയാസമാണെന്നും അറിയിച്ചു. പിന്നീട് വിളിച്ചാല്‍ ഒഴിഞ്ഞു മാറാന്‍ തുടങ്ങി. 2018 ലാണ് ബിനോയ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞത്. ഇക്കാര്യം ചോദിച്ചപ്പോള്‍ ആദ്യം കൃത്യമായ മറുപടിയില്ലായിരുന്നു. പിന്നീട് ഭീഷണി തുടങ്ങി. ഫോണ്‍ എടുക്കാതെയായെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.