ന്യൂഡല്‍ഹി: ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി. ദുബായിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 19 മുതല്‍ മുന്‍നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. കോവിഡ് രോഗിയെ യാത്രചെയ്യാന്‍ അനുവദിച്ചതിന്റെ പേരിലാണ് വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബായില്‍ 15 ദിവസത്തെ വിലക്കേര്‍പ്പെടുത്തിയത്.
രണ്ട് വ്യത്യസ്ത വിമാനങ്ങളില്‍ രണ്ട് യാത്രക്കാര്‍ കോവിഡ് പരിശോധനാഫലം പോസിറ്റീവായിട്ടും ദുബായിലേക്ക് സഞ്ചരിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിലക്ക്. വെള്ളിയാഴ്ച മുതല്‍ ഒക്ടോബര്‍ രണ്ടുവരെ 15 ദിവസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയിരുന്നത്. ഡല്‍ഹി, ജയ്പൂര്‍ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണെന്ന് വ്യക്തമാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്, ദുബായ് അധികൃതര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. ഇരുരാജ്യങ്ങളുടേയും വ്യോമയാനമന്ത്രാലയങ്ങള്‍ ചര്‍ച്ച നടത്തിയതിന് പിന്നാലെയാണ് വിലക്ക് റദ്ദാക്കിയത്.
യുഎഇയില്‍ എത്തുന്നവര്‍ കോവിഡ് ഇല്ലെന്ന് സ്ഥിരീകരിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യാത്രചെയ്യുന്നതിന് 96 മണിക്കൂറിനകം നടത്തിയ കോവിഡ് പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതണമെന്നാണ് നിര്‍ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.