അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 1.5 കോടി ദിര്‍ഹത്തിന്റെ (37,62,41,100 രൂപ) ബംബര്‍ സമ്മാനം സ്വന്തമാക്കി പ്രവാസി മലയാളി. ഷാര്‍ജയില്‍ താമസിക്കുന്ന വിബീഷ് പള്ളിയാലിയാണ് ആ ഭാഗ്യവാന്‍. ഫെബ്രുവരി 28 ന് എടുത്ത ടിക്കറ്റിനാണ് വിബീഷിന് സമ്മാനം ലഭിച്ചത്.
ഗള്‍ഫ് മേഖലയിലുണ്ടായ അപ്രതീക്ഷിതമായ സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് മാര്‍ച്ച് മൂന്നിന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു. സുഹൃത്തുക്കളുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിന് വഴങ്ങി എടുത്ത ടിക്കറ്റാണ് വിബീഷിനെ കോടിപതിയാക്കിയത്.
കഴിഞ്ഞ ഇരുപത് വര്‍ഷമായി ഗള്‍ഫില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന വിബീഷ് പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന വേളയിലാണ് ഈ മഹാഭാഗ്യം തുണയായത്. വര്‍ഷങ്ങളായി മുടങ്ങാതെ ടിക്കറ്റെടുക്കുന്ന വിബീഷ് ഫെബ്രുവരി ഏഴിന് നാട്ടിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെ ആയിരം ദിര്‍ഹത്തിന്റെ ടിക്കറ്റുകള്‍ വാങ്ങിയിരുന്നു.
പിന്നീട് ഫെബ്രുവരി 28 ന് ബന്ധുവും സുഹൃത്തുക്കളും ചേര്‍ന്ന് മറ്റൊരു ടിക്കറ്റ് കൂടി എടുക്കാന്‍ വിബീഷിനെ നിര്‍ബന്ധിച്ചു. ആദ്യം ഒഴിഞ്ഞു മാറിയെങ്കിലും അവരുടെ നിര്‍ബന്ധത്തിന് വഴങ്ങേണ്ടി വന്നു. അങ്ങനെ അന്ന് രാത്രി എട്ടിന് എല്ലാവര്‍ക്കുമായി ഓണ്‍ലൈനായി എടുത്ത ആ ടിക്കറ്റാണ് ബംബര്‍ സമ്മാനത്തിന് അര്‍ഹമായത്.
ലഭിക്കുന്ന തുക സുഹൃത്തുക്കളുമായി പങ്കുവയ്ക്കുമ്പോള്‍ വിബീഷിന് ഏകദേശം ഒന്‍പത് കോടിയോളം രൂപ ലഭിക്കും. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ബംഗ്ലൂരുവില്‍ ബിബിഎ ചെയ്യുന്ന മകള്‍ വന്ദനയുടെ ഭാവിയും പഠനവുമാണ് വിബീഷിന്റെ പ്രധാന ലക്ഷ്യം.
ബിഗ് ടിക്കറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സമ്മാനങ്ങള്‍ നല്‍കിയ മാസങ്ങളിലൊന്നായിരുന്നു ഫെബ്രുവരി. വിബീഷിന് ലഭിച്ച ഗ്രാന്‍ഡ് പ്രൈസിന് പുറമേ അഞ്ച് ഭാഗ്യശാലികള്‍ക്ക് ഒരു ലക്ഷം ദിര്‍ഹം വീതം ആശ്വാസ സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഫെബ്രുവരിയിലെ പ്രതിവാര ഇ - നറുക്കെടുപ്പുകളിലൂടെ 16 പേര്‍ക്ക് 50,000 ദിര്‍ഹം വീതവും സമ്മാനമായി നല്‍കിയിരുന്നു.
അബുദാബി രാജ്യാന്തര വിമാനത്താവളം കേന്ദ്രീകരിച്ച് നടക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മുമ്പും നിരവധി മലയാളികള്‍ക്ക് കോടിക്കണക്കിന് രൂപ സമ്മാനമായി ലഭിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.