സാൻ ജുവാൻ: അർജന്റീനയിലെ ക്രൈസ്തവ വിശ്വാസികൾക്ക് ആത്മീയ ആവേശവും അത്ഭുതവും പകർന്ന് എൺപത് വർഷങ്ങൾക്ക് മുൻപ് ഭൂകമ്പത്തിൽ നഷ്ടപ്പെട്ട യേശു ക്രിസ്തുവിന്റെ തിരുക്കുരിശിന്റെ തിരുശേഷിപ്പ് വീണ്ടെടുത്തു. 1944 ലെ മഹാഭൂകമ്പത്തിൽ തകർന്നുപോയ സാൻ ജുവാൻ കത്തീഡ്രലിലെ അവശിഷ്ടങ്ങൾക്കിടയിൽ ഈ വിശുദ്ധ നിധി എന്നെന്നേക്കുമായി ഇല്ലാതായെന്നായിരുന്നു ഇത്രയും കാലം ലോകം വിശ്വസിച്ചിരുന്നത്.
1944 ജനുവരി 15 നുണ്ടായ വിനാശകരമായ ഭൂകമ്പത്തിൽ സാൻ ജുവാൻ നഗരം ഏതാണ്ട് പൂർണമായും തകർന്നിരുന്നു. അന്ന് തകർന്നു വീണ കത്തീഡ്രൽ ദൈവാലയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ ഈ തിരുശേഷിപ്പുകൾ എവിടെയോ മറഞ്ഞുപോയി. പതിറ്റാണ്ടുകൾ നീണ്ട വിസ്മൃതിക്കൊടുവിൽ അതിരൂപതയുടെ ആർക്കൈവ്‌സിൽ നടത്തിയ അതീവ സങ്കീർണമായ തിരച്ചിലിനും ചരിത്രപരമായ അന്വേഷണങ്ങൾക്കുമൊടുവിലാണ് ഈ വിശുദ്ധ ശേഖരം വീണ്ടും കണ്ടെത്താനായത്. ഭൂകമ്പത്തിന് ശേഷം സുരക്ഷിതമായി എവിടെയോ സൂക്ഷിക്കപ്പെട്ട ഈ ഭാഗം പിന്നീട് രേഖകളിൽ നിന്ന് വിട്ടുപോകുകയായിരുന്നു.
യേശു ക്രിസ്തുവിനെ ക്രൂശിച്ച യഥാർത്ഥ കുരിശിന്റെ ഭാഗമാണിതെന്ന് വത്തിക്കാനിൽ നിന്നുള്ള ആധികാരിക രേഖകൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് അതീവ വിശുദ്ധമായ ഒന്നായാണ് ഈ തിരുശേഷിപ്പ് കണക്കാക്കപ്പെടുന്നത്.
എട്ട് പതിറ്റാണ്ടുകൾക്ക് ശേഷം വീണ്ടെടുക്കപ്പെട്ട ഈ മഹാഭാഗ്യം വരാനിരിക്കുന്ന വിശുദ്ധ വാരത്തിൽ വിശ്വാസികൾക്ക് വണങ്ങാനായി സാൻ ജുവാൻ കത്തീഡ്രലിൽ പൊതുദർശനത്തിന് വെക്കുമെന്ന് ആർച്ച് ബിഷപ്പ് ജോർജ് ലോസാനോ അറിയിച്ചു. ഈ വീണ്ടെടുപ്പ് സാൻ ജുവാൻ അതിരൂപതയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആത്മീയ സംഭവങ്ങളിലൊന്നായി മാറിക്കഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.