പട്ന: ആര്‍എസ്എസ് ശാഖകള്‍പ്പോലെ യുവാക്കളെ ആയോധന കലകള്‍ പരിശീലിപ്പിക്കുകയാണ് പോപ്പുലര്‍ ഫ്രണ്ട് എന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവന വിവാദമായി. പട്‌നയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) മാനവ്ജിത് സിങ് ധില്ലന്‍ വ്യാഴാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലെ പരാമര്‍ശമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.
സംഭവത്തില്‍ 48 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കാന്‍ മാനവ്ജിത് സിങ് ധില്ലനോട് ബിഹാര്‍ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്.
യുവജനങ്ങള്‍ക്കായി മസ്ജിദുകളിലും മദ്രസകളിലും പിഎഫ്ഐ പ്രവര്‍ത്തിക്കുകയും അവര്‍ക്ക് സായുധ പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. ആര്‍എസ്എസ് ശാഖകളുടേതിന് സമാനമാണ് ഇവരുടെ പ്രവര്‍ത്തന രീതി. ശാരീരിക പരിശീലനത്തിന്റെ മറവില്‍ യുവാക്കളെ പരിശീലിപ്പിക്കുകയും തങ്ങളുടെ അജണ്ട പ്രചരിപ്പിക്കുകയും ചെയ്യുന്നു. ആയോധന കലകള്‍ പഠിപ്പിക്കുന്ന ക്യാമ്പുകളുടെ രേഖകളും ശാരീരിക പരിശീലനത്തിന്റെ മറവില്‍ അംഗങ്ങളെ വടിയും വാളും ഉപയോഗിക്കാന്‍ പരിശീലിപ്പിച്ചതിന്റെ രേഖകളും ലഭിച്ചു. അജണ്ട പ്രചരിപ്പിക്കാനും യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്ത് ഒപ്പം നിര്‍ത്താനും ഇത്തരം ക്യാമ്പുകള്‍ ഉപയോഗിക്കുന്നുവെന്നും ധില്ലന്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥന്റെ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്ത് എത്തി. പിഎഫ്‌ഐയുടെ വക്താവിനെപ്പോലെയാണ് പൊലീസ് ഉദ്യോഗസ്ഥന്‍ സംസാരിച്ചതെന്ന് ബിജെപി തിരിച്ചടിച്ചു. എസ്എസ്പി സ്ഥാനത്ത് നിന്ന് ധില്ലനെ മാറ്റണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പിഎഫ്ഐയെ ആര്‍എസ്എസുമായി താരതമ്യപ്പെടുത്തിയതിന് ധില്ലന്റെ മാനസികമായി പാപ്പരത്തം എന്നാണ് ബിജെപി എംഎല്‍എ ഹരീഷ് ഭൂഷണ്‍ ഠാക്കൂര്‍ കുറ്റപ്പെടുത്തിയത്. ധില്ലന്‍ ഉടന്‍ മാപ്പ് പറയണമെന്ന് ഠാക്കൂര്‍ ആവശ്യപ്പെട്ടു. മാപ്പ് പറഞ്ഞില്ലെങ്കില്‍ ഉദ്യോഗസ്ഥനെ പിരിച്ചുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ പ്രതിപക്ഷമായ ആര്‍ജെഡി, എസ്എസ്പിയെ പിന്തുണച്ച് ട്വീറ്റ് ചെയ്തു. ശാരീരിക പരിശീലനത്തിന്റെ പേരില്‍ ഈ ആളുകള്‍ തങ്ങളുടെ കുപ്രചരണവും വിദ്വേഷവും പ്രചരിപ്പിക്കുന്നുവെന്ന് സംഘത്തിന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ച് പട്നയിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് പറഞ്ഞത് ശരിയാണ് എന്നാണ് ആര്‍ജെഡി ട്വീറ്റ് ചെയ്തത്. ചില പ്രദേശങ്ങളില്‍ അവര്‍ കലാപങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും മറ്റ് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നുവെന്നും ആര്‍ജെഡി ട്വീറ്റില്‍ പറയുന്നു.
ഭീകര പരിശീലനം നല്‍കി എന്ന് ആരോപിച്ച് ഒരു പരിശീലന ക്യാമ്പ് പട്‌ന പൊലീസ് തകര്‍ത്തിരുന്നു. അഥര്‍ പര്‍വേസ്, എംഡി ജലാലുദ്ദീന്‍ എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 2047ഓടെ ഇന്ത്യയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ 15 ദിവസമായി ഫുല്‍വാരി ഷെരീഫില്‍ തീവ്രവാദികളെന്ന് സംശയിക്കുന്നവര്‍ക്ക് ഇവര്‍ പരിശീലനം നല്‍കി വരികയായിരുന്നുവെന്നാണ് പട്ന പൊലീസ് പറയുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.