ജറുസലേം: ഇറാന്‍ ആണവശേഷി കൈവരിക്കുന്നത് ചെറുക്കാന്‍ ഏതറ്റം വരെയും പോകുമെന്ന സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പിട്ട് അമേരിക്കയും ഇസ്രയേലും. ഇറാന്‍ ആണവായുധം സമാഹരിക്കുന്നത് തടയാന്‍ എല്ലാ ശക്തിയും ഉപയോഗിക്കാന്‍ അമേരിക്ക സന്നദ്ധമാണെന്ന് പ്രഖ്യാപനത്തില്‍ ഒപ്പുവച്ച അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.
ആണവ ഇറാന്‍ എന്നൊന്ന് ഉണ്ടാകില്ലെന്നാണ് ഇസ്രയേല്‍ പ്രധാനമന്ത്രി യയ്ര്‍ ലപീദ് കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത്. ഇറാന്‍ വിരുദ്ധനീക്കം ശക്തമാക്കി ഇസ്രയേലിനെ മുഖ്യ സൈനിക പങ്കാളിയാക്കുന്നത് ലക്ഷ്യമിട്ടാണ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ബൈഡന്‍ ഇസ്രയേലില്‍ എത്തിയത്. സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ ഇരു നേതാക്കളും കടുത്ത ഭാഷയിലാണ് ഇറാനെ വിമര്‍ശിച്ചത്.
ഇറാന്‍ നിലപാട് മാറ്റിയില്ലെങ്കില്‍ മറ്റു രാജ്യങ്ങളും ബലം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് ഇറാന്‍ തിരിച്ചറിയണമെന്ന് ലപീദ് പറഞ്ഞു. നയതന്ത്ര നീക്കത്തിലൂടെയുള്ള പരിഹാരമാണ് ആഗ്രഹിക്കുന്നതെന്നും ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യമെന്നും ബൈഡന്‍ പറഞ്ഞു. ലെബനനിലെ തീവ്രവാദ ഗ്രൂപ്പായ ഹിസ്ബുള്ളയ്ക്കും പലസ്തീന്‍ ഗ്രൂപ്പായ ഹമാസിനും ഗാസാ മുനമ്പിലെ ഇസ്ലാമിക് ജിഹാദിനും ഇറാന്‍ ധനസഹായവും പരിശീലനവും ആയുധങ്ങളും നല്‍കുന്നത് ഇസ്രയേലിനെയും അമേരിക്കയെയും ഒട്ടൊന്നും അസ്വസ്ഥതപ്പെടുത്തുന്നത്. അറബ് രാജ്യങ്ങളും ഇറാനെ അപകടകാരിയായ എതിരാളിയായാണ് കണക്കാക്കുന്നത്.
ഇസ്രയേലിനുള്ള അമേരിക്കന്‍ സൈനിക സഹായം തുടരാനും ധാരണയായി. 2016-ല്‍ ബറാക് ഒബാമ പ്രസിഡന്റും ജോ ബൈഡന്‍ വൈസ് പ്രസിഡന്റുമായിരിക്കെയാണ് പത്തുവര്‍ഷത്തേക്ക് 3800 കോടി ഡോളര്‍ (3.04 ലക്ഷം കോടി രൂപ) സൈനികസഹായം നല്‍കാനുള്ള കരാറില്‍ ഒപ്പിട്ടത്.
ഇസ്രായേല്‍ കൂടി ഉള്‍പ്പെട്ട ഇറാന്‍ വിരുദ്ധ അറബ്-ഇസ്രായേല്‍ രൂപവത്കരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സൗദി സന്ദര്‍ശനം ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ്.
ജോ ബൈഡന്‍ നടത്തിക്കൊണ്ടിരിക്കുന്ന മിഡില്‍ ഈസ്റ്റ് പര്യടനം സൗദിയില്‍ എത്തുന്നതിന്റെ തലേന്നാള്‍ സൗദി നടത്തിയ പ്രഖ്യാപനത്തിനും വലിയ സ്വീകാര്യതയാണു ലഭിക്കുന്നത്. ഇസ്രായേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങള്‍ക്കും സൗദിയുടെ വ്യോമവീഥി ഉപയോഗിക്കാമെന്ന പ്രഖ്യാപനം മേഖലയില്‍ സൗഹൃദത്തിന് വഴിയൊരുക്കുന്ന ധീരമായ കാല്‍വെയ്പ്പാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
സൗദിയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ ആണ് പുതിയ തീരുമാനം വെള്ളിയാഴ്ച പ്രഖ്യാപിച്ചത്. ഈ തീരുമാനത്തിലൂടെ സൗദിയിലേക്ക് ആദ്യമെത്തുന്ന അതിവിശിഷ്ട യാത്രക്കാരനും അമേരിക്കന്‍ പ്രസിഡന്റായിരിക്കും. ഇസ്രായേല്‍ പര്യടനം പൂര്‍ത്തിയാക്കി ടെല്‍ അവീവില്‍നിന്ന് നേരിട്ടാണ് ബൈഡന്‍ ജിദ്ദയില്‍ ഇന്ന് വിമാനമിറങ്ങുന്നത്.
രാജ്യത്തിന്റെ ആകാശാതിര്‍ത്തി ഉപയോഗിക്കാന്‍ ഇതുവരെ ഇസ്രയേലിന് അനുമതിയുണ്ടായിരുന്നില്ല. ഇസ്രയേല്‍ ഉള്‍പ്പെടെ എല്ലാ രാജ്യങ്ങളുടെയും വിമാനങ്ങള്‍ക്ക് ആകാശം തുറന്നു കൊടുത്തുകൊണ്ട് സൗദി കാണിച്ച ചരിത്രപ്രാധാന്യമുള്ള നടപടിയെ ലോകരാജ്യങ്ങള്‍ പ്രശംസിക്കുകയാണ്.
ഇസ്രായേല്‍ ഉള്‍പ്പെടെയുള്ള എല്ലാ വിമാനങ്ങള്‍ക്കും വ്യോമ ഗതാഗതത്തിന് സൗകര്യം ഏര്‍പ്പെടുത്തിയ സൗദിയുടെ നടപടി അമേരിക്കന്‍ പ്രസിഡന്റ് സ്വാഗതം ചെയ്തതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇതിനായി ബൈഡന്‍ മാസങ്ങളായി നടത്തിയ നയതന്ത്ര നീക്കങ്ങള്‍ വിജയിച്ചതില്‍ അദ്ദേഹം സന്തുഷ്ടനാണെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ട്ടാവ് ജേക്ക് സള്ളിവന്‍ വിവരിച്ചു.
സൗദിയുടെ തീരുമാനം അമേരിക്കയുടെയും ഇസ്രയേലിന്റെയും സുരക്ഷാ കാര്യങ്ങളില്‍ ഏറെ സുപ്രധാനമാണെന്നും ജിദ്ദയില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സൗദിയുടെ പുതിയ തീരുമാനം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ബൈഡന്‍ വെളിപ്പെടുത്തുമെന്നും അദ്ദേഹം അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.