വെസ്റ്റ് റോക്ക്ഹാംപ്ടണ്‍: ഓസ്‌ട്രേലിയയിലെ പ്രധാന വിമാനത്താവളങ്ങളിലൊന്നായ റാക്ക്ഹാംപ്ടണ്‍ വിമാനത്താവളത്തില്‍ ലാന്റിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി ചതുപ്പ് നിലത്ത് താഴ്ന്ന വിമാനം ഉയര്‍ത്തി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ അഞ്ചാം ദിവസവും ഫലംകാണാതെ തുടരുന്നു. വിമാനത്തിന്റെ ചക്രങ്ങള്‍ ചതുപ്പില്‍ താഴ്ന്ന നിലയാണ്.
സ്വന്തം നിലയില്‍ വിമാനം റണ്‍വേയിലേക്ക് കയറ്റാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടു. വിമാനത്താവളത്തിലെ സൗകര്യങ്ങള്‍ പരമാവധിയും ഉപയോഗിച്ചിട്ടും വിജയം കണ്ടില്ല. ഈ സാഹചര്യത്തില്‍ മറ്റ് മാര്‍ഗങ്ങള്‍ തേടാനുള്ള ആലോചനയിലാണ് വിമാനത്താവള അധികൃതര്‍.
കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് ബ്രിസ്ബേനില്‍ നിന്ന് വന്ന ക്വാണ്ടസ് ലിങ്കിന്റെ ക്യുഎഫ് 1798 എന്ന വിമാനം ലാന്റ് ചെയ്തത് പാര്‍ക്കിംഗ് ബേയിലേക്കുള്ള യാത്രയ്ക്കിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. ഇതിനെ ചെറിയ അപകടം എന്ന നിലയില്‍ വിശേഷിപ്പിച്ച വിമാനക്കമ്പനി അധികൃതരും വിമാനത്താവള അധികൃതരും കിണഞ്ഞ് പരിശ്രമിച്ചിട്ടും വിമാനം തിരികെ റണ്‍വേയില്‍ കയറ്റാന്‍ സാധിച്ചില്ല.
വിമാനത്തിന്റെ ചക്രങ്ങള്‍ മണ്ണില്‍ പുതഞ്ഞിരിക്കുകയാണെന്നും പുറത്തു നിന്ന് പ്രത്യേക ഉപകരണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും വിമാനക്കമ്പനി വക്താവ് പറഞ്ഞു. എന്നാല്‍ പൈലറ്റിന്റെ അശ്രദ്ധയാണോ അപകടകാരണമെന്ന ചോദ്യത്തിന് അന്വേഷിച്ചു വരികെയാണെന്ന് മാത്രമാണ് അദ്ദേഹം പ്രതികരിച്ചത്. സംഭവത്തില്‍ ഓസ്ട്രേലിയന്‍ ട്രാന്‍സ്പോര്‍ട്ട് സേഫ്റ്റി ബ്യൂറോയും വിശദീകരണം തേടിയിട്ടുണ്ട്.
ഓസ്‌ട്രേലിയയുടെ വ്യോമയാന ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ഏവിയേഷന്‍ അനലിസ്റ്റും സ്ട്രാറ്റജിക് ഏവിയേഷന്‍ സൊല്യൂഷന്‍സ് ചെയര്‍മാനുമായ നീല്‍ ഹാന്‍സ്‌ഫോര്‍ഡ് പറഞ്ഞു. റണ്‍വേയുടെ അറ്റത്തേക്ക് വിമാനം ദിശതെറ്റിപ്പോയതാണ് അപകട കാരണം.
ഇത്തരത്തില്‍ അപകടപ്പെടുന്ന വിമാനങ്ങളെ കയറുകെട്ടി വലിച്ചു കയറ്റുകയെന്നത് സാധ്യമായ മാര്‍ഗമല്ല. അത്തരമൊരു സൗകര്യം വിമാനങ്ങളില്‍ ഇല്ല. വിമാനത്തിന്റെ ഭാരം മുഴുവന്‍ ചക്രങ്ങളില്‍ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നതിനാല്‍ പുറത്തുനിന്ന് ശക്തമായ മറ്റൊരു ഉപകരണത്തിന്റെ സഹായം ആവശ്യമാണ്.
ചക്രങ്ങള്‍ പുതഞ്ഞ ഭാഗം കുഴിച്ച് കോണ്‍ക്രീറ്റ് നിറച്ച് ചെറിയ പാത ഒരുക്കുന്ന ആശയവും ഉണ്ട്. അങ്ങനെയെങ്കില്‍ പുറത്തുനിന്നുള്ള പിന്തുണ കിട്ടിയാല്‍ വിമാനം ടാക്‌സി വേയിലേക്ക് കയറ്റാനാകുമെന്നും അദ്ദേഹം പറഞ്ഞു. അപകടം വിമാനത്താവളത്തിന്റെ മറ്റ് പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിമാനത്താവള അധികൃതരും അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.