ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കമാകും. അണ്‍പാലര്‍ലമെന്ററി വാക്കുകളുടെ പുതിയ ലിസ്റ്റും പുതിയ നിര്‍ദ്ദേശങ്ങളും നിരോധനവും ആദ്യ ദിവസം മുതല്‍ സഭയെ കലുഷിതമാക്കും. കൂടാതെ കേന്ദ്രത്തിന്റെ പുതിയ പദ്ധതിയായ അഗ്‌നിപഥ്, അശോകസ്തംഭ വിവാദം, ചൈനീസ് ആക്രമണം, നൂപുര്‍ ശര്‍മ്മ, മഹാരാഷ്ട്രയിലെ ഭരണമാറ്റം തുടങ്ങി വിവാദമായ നിരവധി വിഷയങ്ങള്‍ സഭയില്‍ ചര്‍ച്ച ചെയ്യപ്പെടും.
പുതിയ രാഷ്ട്രപതിയുടേയും ഉപരാഷ്ട്രപതിയുടേയും തിരഞ്ഞെടുപ്പും ഈ സഭാ കാലയളവില്‍ നടക്കും. പാര്‍ലമെന്റിന്റെ ഈ വര്‍ഷകാല സമ്മേളനത്തില്‍ മൊത്തം 24 പുതിയ ബില്ലുകള്‍ അവതരിപ്പിക്കും, പ്രധാനപ്പെട്ട ബില്ലുകളില്‍ ഡിജിറ്റല്‍ മീഡിയ ആക്റ്റ് (നിലവിലുള്ള പ്രസ് നിയമം 1867ന് പകരം വയ്ക്കാന്‍ ലക്ഷ്യമിടുന്നത്), കന്റോണ്‍മെന്റ് ബില്‍, മള്‍ട്ടി-സ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റികള്‍ (ഭേദഗതി) ബില്‍, ഇന്‍സോള്‍വന്‍സി ആന്‍ഡ് ബാങ്ക്റപ്റ്റ്സി കോഡ് (ഭേദഗതി) ബില്‍, കുടുംബ കോടതികളും (ഭേദഗതി) ഇന്ത്യന്‍ അന്റാര്‍ട്ടിക് ബില്ലും തിങ്കളാഴ്ച ലോക്‌സഭയില്‍ പരിഗണിക്കും.
കൂടാതെ വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍ ആന്‍ഡ് ഡെലിവറി സിസ്റ്റംസ് (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിരോധനം) ഭേദഗതി ബില്ലും അതേ ദിവസം തന്നെ രാജ്യസഭ പരിഗണിക്കാനും പാസാക്കാനും പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.
മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, കെനിയയുടെ മൂന്നാമത്തെ പ്രസിഡന്റായ മ്വായ് കിബാകി എന്നിവര്‍ക്ക് ഇരുസഭകളും ആദരാഞ്ജലികള്‍ അര്‍പ്പിക്കും.
കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, സഭയുടെ ബിസിനസ് ലിസ്റ്റ് അനുസരിച്ച് വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍ ആന്‍ഡ് ഡെലിവറി സിസ്റ്റംസ് (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ നിരോധനം) ഭേദഗതി ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. കൂട്ട നശീകരണ ആയുധങ്ങള്‍ക്കുള്ള ധന സഹായം നിരോധിക്കാനും അത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകളുടെ സാമ്പത്തിക സ്വത്തുക്കളും സാമ്പത്തിക സ്രോതസുകളും മരവിപ്പിക്കാനോ കണ്ടുകെട്ടാനോ കേന്ദ്രത്തിന് അധികാരം നല്‍കുന്നതാണ് ബില്‍.
കുടുംബ കോടതികളുടെ (ഭേദഗതി) ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിന്റെ പേര് തിങ്കളാഴ്ചത്തെ ഹൗസ് ബിസിനസ് ലിസ്റ്റ് പ്രകാരം പട്ടികപ്പെടുത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും പ്രവര്‍ത്തിക്കുന്ന കുടുംബ കോടതികളെ സാധൂകരിക്കുന്നതിനാണ് കരട് നിയമ നിര്‍മ്മാണം കൊണ്ടു വന്നിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തിന്റെ അഭാവം നാഗാലാന്‍ഡ്, ഹിമാചല്‍ പ്രദേശ് എന്നീ രണ്ട് സംസ്ഥാനങ്ങളിലെ വിവാഹ സംബന്ധമായ തര്‍ക്കങ്ങള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതില്‍ ബാധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് മറികടക്കുന്നതിനാണ് നടപടി. 26 സംസ്ഥാനങ്ങളിലായി 710 കുടുംബ കോടതികള്‍ രാജ്യത്തു പ്രവര്‍ത്തിക്കുന്നുണ്ട്.
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനു മുന്നോടിയായി 17ന് സര്‍വകക്ഷി യോഗം ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കാബിനറ്റ് മന്ത്രിമാര്‍ എന്നിവര്‍ക്കു പുറമേ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളും പങ്കെടുക്കും.
പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയാണ് സര്‍വകക്ഷി യോഗം വിളിച്ചത്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം, അഗ്നിപഥ് പദ്ധതി, രൂപയുടെ മൂല്യത്തകര്‍ച്ച, വനം സംരക്ഷണ ഭേദഗതി നിയമം തുടങ്ങിയ ബില്ലുകള്‍ക്കും ചര്‍ച്ചകള്‍ക്കും പുറമെ രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളും സമ്മേളനത്തില്‍ നടക്കും. ജൂലൈ 18ന് ആരംഭിക്കുന്ന വര്‍ഷകാല സമ്മേളനം ഓഗസ്റ്റ് 13ന് അവസാനിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.