അപകടകരമായ വസ്തുക്കളുമായി പോയ ഉക്രെയ്ന്‍ ചരക്കു വിമാനം ഗ്രീസില്‍ തീപിടിച്ച് തകര്‍ന്നു വീണു

അപകടകരമായ വസ്തുക്കളുമായി പോയ ഉക്രെയ്ന്‍ ചരക്കു വിമാനം ഗ്രീസില്‍ തീപിടിച്ച് തകര്‍ന്നു വീണു

ഏതന്‍സ്: അപകടകരമായ വസ്തുക്കളുമായി പോയ ഉക്രെയ്ന്‍ ചരക്കു വിമാനം ഗ്രീസില്‍ തകര്‍ന്നു വീണു. സെര്‍ബിയയില്‍ നിന്ന് ജോര്‍ദാനിലേക്ക് പോയ ചരക്കു വിമാനമാണ് വടക്കന്‍ ഗ്രീസിലെ കവാല നഗരത്തിനുസമീപം തീപിടിച്ച് തകര്‍ന്നു വീണത്. അന്റോനോവ് എ.എന്‍-12 എന്ന വിമാനത്തില്‍ എട്ടുപേര്‍ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച്ച രാത്രിയാണ് സ്‌ഫോടന ശബ്ദത്തോടെ വിമാനം കൃഷിയിടത്തില്‍ തകര്‍ന്നുവീണത്.

എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് പൈലറ്റ് അടിയന്തരമായി വിമാനം ഇറക്കുന്നതിന് അനുമതി തേടുകയായിരുന്നു. എന്നാല്‍ വിമാനത്തിന്റെ സിഗ്‌നല്‍ നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കി. അപകടത്തിന് ശേഷം രണ്ട് മണിക്കൂറോളം അഗ്‌നിഗോളം കണ്ടതായും സ്‌ഫോടന ശബ്ദം കേട്ടതായും പ്രദേശവാസികള്‍ പറഞ്ഞു.

വിമാനത്തിലെ ചരക്കുകള്‍ എന്താണെന്ന് കൃത്യമായി കണ്ടെത്തിയിട്ടില്ലെങ്കിലും സ്‌ഫോടക വസ്തുക്കള്‍ ഉള്‍പ്പെടെ 11 ടണ്ണോളം അപകടകരമായ ചരക്കാണ് ഉണ്ടായിരുന്നതെന്ന് അഗ്‌നിശമന സേനാ ഉദ്യേഗസ്ഥര്‍ പറഞ്ഞു. ബാറ്ററിയില്‍ അടങ്ങിയിട്ടുള്ള അപകടകരമായ രാസവസ്തുക്കളാണോ വിമാനത്തില്‍ ഉണ്ടായിരുതെന്ന് പരിശോധിക്കുന്നുണ്ട്്

സംഭവസ്ഥലത്ത് അഗ്നിശമന സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെങ്കിലും സ്‌ഫോടനങ്ങള്‍ നടക്കുന്നതിനാല്‍ അടുക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ അറിയിച്ചു.

അപകടസ്ഥലത്ത് നിന്ന് രൂക്ഷമായ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയില്‍ മുഴുവന്‍ ജനാലകളും അടച്ചിടാനും മാസ്‌ക് ധരിക്കാനും പ്രദേശവാസികള്‍ക്ക് ദുരന്തനിവാണ സേന നിര്‍ദ്ദേശം നല്‍കിയിരുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്നും അധികൃതര്‍ അറിയിച്ചു.

ഉക്രെയ്‌നില്‍ ആക്രമണം കടുപ്പിച്ച് റഷ്യ

കീവ്: ഉക്രെയ്ന്‍ നഗരങ്ങളില്‍ ആക്രമണം കടുപ്പിച്ച് റഷ്യ. നിരവധി പട്ടണങ്ങളിലാണ് ഒരേ ദിവസം റഷ്യന്‍ മിസൈലുകള്‍ തീതുപ്പി പതിച്ചത്. തെക്കന്‍ ഉക്രേനിയന്‍ നഗരമായ നികോപോളില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവുമുണ്ടായ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 37 ആയി. നിരവധി പേര്‍ക്കു പരിക്കേറ്റു. നിപ്രോ നദിക്കരയിലെ പട്ടണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരുണ്ടെന്ന് ഉക്രെയ്ന്‍ അടിയന്തര വിഭാഗം അറിയിച്ചു.

നഗരത്തില്‍ ഒരു വ്യവസായകേന്ദ്രത്തിലും തൊട്ടുചേര്‍ന്ന തെരുവിലുമാണ് ശനിയാഴ്ച ആക്രമണമുണ്ടായത്. കെട്ടിടങ്ങള്‍ തകര്‍ന്നതിനു പുറമെ വാഹനങ്ങളും ചാമ്പലായി. വെള്ളിയാഴ്ച നികോപോളിന് സമീപം നിപ്രോ പട്ടണത്തിലും ആക്രമണമുണ്ടായി. ഇവിടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വടക്കുകിഴക്കന്‍ മേഖലയില്‍ ഖാര്‍കിവിനു സമീപം ചുഹുയിവില്‍ നടന്ന ആക്രമണത്തില്‍ 70 വയസുകാരിയുള്‍പ്പെടെ മൂന്നു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ജനവാസകേന്ദ്രമാണ് ആക്രമിക്കപ്പെട്ടത്.

ഡോണെറ്റ്‌സ്‌കില്‍ പത്തോളം കേന്ദ്രങ്ങളിലും വെള്ളിയാഴ്ച ആക്രമണമുണ്ടായി. ഇവിടെ എട്ടു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 13 പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കരിങ്കടലിലെ റഷ്യന്‍ അന്തര്‍വാഹിനിയില്‍നിന്ന് തൊടുത്ത മിസൈല്‍ പതിച്ച് വിനിറ്റ്‌സിയ പട്ടണത്തില്‍ ഓഫിസ് കെട്ടിടം തകര്‍ന്നു. ആക്രമണത്തില്‍ 23 പേര്‍ മരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.