മലയാളത്തിന്റെ താരാട്ട്‌

മലയാളത്തിന്റെ താരാട്ട്‌

വാത്സല്യത്തിന്റെ അക്ഷരക്കൂട്ടുകൾ കൈയിലേന്തി, മലയാളത്തിന്റെ അകവും പുറവും വായനാ വിരുന്നുകാരെ വിളിച്ചിരുത്തി, കാവ്യസുധ പകര്‍ന്നുനല്‍കിയ ഒരു മുത്തശ്ലിയാണ്‌ കവയിത്രി നാലപ്പാട്ട്‌ ബാലാമണിയമ്മ. ഓര്‍മതന്‍ രുദ്രാക്ഷമലയിൽ വിരലോടിച്ചുകൊണ്ട്‌ ഓമനമക്കളുടെ ഓമല്‍ പദവിന്യാസങ്ങള്‍ക്കു കാതോര്‍ത്ത്‌, ഒരു നൂറ്റാണ്ടുകാലത്തോളം മലയാള കവിതയെ തൊട്ടിലാട്ടിയ ആ മാതൃവാത്സല്യത്തിന്റെ ജന്മദിനമാണ്‌ ജൂലൈ 19.

പുനയൂര്‍കുളം നാലപ്പാട്ട്‌ നാരായണമേനോന്റെ ഭാഗിനേയിയായി 1909 ജൂലൈ 19-ന്‌ ജനിച്ചു. പ്രശസ്ത കവയിത്രിയും കഥാകാരിയുമായ കമലാ സുരയ്യ മാധവിക്കുട്ടിയുടെ അമ്മയാണു ബാലാമണിയമ്മ. ജീവിതമാകുന്ന കടലിനെ കവിതയ്ക്കു മഷിപാത്രമാക്കിക്കൊണ്ട്‌ അവര്‍ കാലത്തിന്റെ അരികിലൂടെ നടന്നു.
കണ്ടുമുട്ടിയ പ്രപഞ്ച വസ്തുക്കളെക്കുറിച്ചെല്ലാം കവിതയെഴുതാന്‍ പ്രാപ്തിയുള്ള സവിശേഷമായ ഒരു സര്‍ഗജാഗ്രതയായിരുന്നു അവരുടെ കൈമുതല്‍.

"ആരുടെ കാലില്‍ത്തറയ്ക്കുന്ന മുള്ളുമെന്നാത്മാവിനെക്കുത്തി നോവിക്കും"
എന്നു പറയുന്ന ഈ അമ്മമനസ്‌, മലയാളത്തിന്റെ പുണ്യമാണ്‌. ഒരു പിഞ്ചുകുഞ്ഞിന്റെ മാതൃത്വത്തില്‍നിന്നു പ്രപഞ്ചത്തിന്റെ മാതൃത്വത്തിലേക്കു വളര്‍ന്ന ഈ കവയിത്രി മലയാളഭാഷയില്‍ ഭാവഗീതത്തിന്റെ വളര്‍ത്തമ്മയായി മാറി.

'ഞാനീ ച്രപഞ്ചത്തിന്നമ്മയായെങ്കിലേ മാനിതമായ്‌ വരൂനിന്‍ ജന്മമോമനേ'
എന്നവര്‍ പ്രാര്‍ത്ഥിച്ചു. കുഞ്ഞുങ്ങളായിരുന്നു അവരുടെ ഈശ്വരന്‍. വിശുദ്ധിയുടെ കവിതയെന്നു വാഴ്ത്തപ്പെട്ട ഒരു കവിതാക്ഷ്രേതമായിരുന്നു ബാലാമണിയമ്മ. ബാല്യഭാവങ്ങളുടെ കൗതുകങ്ങളില്‍ ഉടക്കിക്കിടക്കാതെ കാലത്തിന്റെ മാറ്റത്തിനു കാതോര്‍ത്ത്‌ വളരാനാണ്‌ ഈ മുത്തശ്ശി കുട്ടികളോട്‌ ആവശ്യപ്പെടുന്നത്‌.

"പമ്പരം പാവയും പോരാതെ തെല്ലുമി-
ന്നപമ്പപ്പേകാതായ്‌ ഓലപ്പാമ്പും
അമ്മതന്‍ പുഞ്ചോലത്തുമ്പിനെ കൈവിട്ടു
നമ്മള്‍ക്കെന്‍ തോഴരേ പോയ്‌ കളിക്കാം "


സ്വതന്ത്രരായി സ്വന്തം ഇച്ഛാശക്തിയോടെ വളരുന്ന ഒരു തലമുറയെയാണ്‌ ബാലാമണിയമ്മ സ്വപ്നം കാണുന്നത്‌. ആരംഭകാല ദര്‍ശനങ്ങളുടെ കാല്‍പനിക ഭാവം, പിന്നീട്‌ മിസ്റ്റിക്‌ തലത്തിലേക്കു വളരുന്നുണ്ട്‌ ഈ കവയിത്രിയില്‍. അവരുടെ പ്രശസ്ത കൃതികളായ അമ്മ, മഴുവിന്റെ കഥ, അമൃതംഗമയ, നൈവേദ്യം, കുടുംബിനി, സ്ത്രീഹൃദയം, ധര്‍മ്മരാഗത്തില്‍, പ്രഭാംഗുരം, ഭാവനയില്‍, അവര്‍ പാടുന്നു, പ്രണാമം, അമ്പലത്തില്‍, വെയിലാറുമ്പോള്‍, നഗരത്തില്‍, ലോകാന്തരങ്ങളില്‍ തുടങ്ങിയവയുടെ ശീര്‍ഷകങ്ങള്‍തന്നെ ഈ രചനാവൈവിധ്യത്തിന്റെയും കാവ്യചേതനയുടെയും സര്‍ഗ്ഗപരിണാമത്തിന്റെയും അടയാളങ്ങളാണ്‌.

ഏതു പ്രതിസന്ധിയിലും തളര്‍ന്നു പോകാതെ, മനുഷ്യനന്മ അന്തിമഘട്ടത്തില്‍ ഉദയംചെയ്യുമെന്നു വിശ്വസിച്ച ആ കാവ്യചേതന ഏവര്‍ക്കും പ്രചോദനമാണ്‌. മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നതാണ്‌ അവന്റെ സ്വര്‍ഗമെന്നും സ്വന്തം നന്മകളുടെ നിറം കെടാതിരിക്കാന്‍ നാം തനിയെ കാവല്‍ നില്‍ക്കണമെന്നുമുള്ള ബാലാമണിയമ്മയുടെ ദര്‍ശനം വ്യക്തമാക്കുന്ന മഴുവിന്റെ കഥയിലെ ഒരു ഭാഗം ഉദ്ധരിച്ചുകൊണ്ട്‌ ഈ സ്മരണാഞ്ജലി ഉപസംഹരിക്കട്ടെ.

"ഇന്നു ഞാനറിയുന്നുണ്ടേതൊരാദര്‍ശത്തിനും
മന്നിലെ കാറ്റേല്ക്കുമ്പോള്‍ തന്‍നിറം കെടാമെന്നും
ഏതു നന്മയും ക്രമാല്‍ മുനകൂര്‍പ്പിച്ചേറ്റവും
യാതനാവഹമാക്കാന്‍ കഴിയും നരനെന്നും'.


ഫാ റോയ് കണ്ണൻചിറയുടെ 'പ്രപഞ്ചമാനസം' എന്ന ഗ്രന്ഥത്തിൽ നിന്നും

ഫാ റോയ് കണ്ണൻചിറയുടെ ഇതുവരെയുള്ള കൃതികൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.