വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അവസാനത്തെ ശിഷ്യ ഏലിക്കുട്ടി അന്തരിച്ചു

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ അവസാനത്തെ ശിഷ്യ ഏലിക്കുട്ടി അന്തരിച്ചു

തൊടുപുഴ: മറ്റുള്ളവരോടുള്ള സ്നേഹത്തെ പ്രതി സഹനം ജീവിതം വ്രതമാക്കിയ ഇന്ത്യയിലെ ആദ്യത്തെ വിശുദ്ധയായ അല്‍ഫോന്‍സാമ്മയുടെ പരിലാളനയിലും ശിക്ഷണത്തിൽ വളർന്ന അവസാനത്തെ ശിഷ്യയും ഓര്‍മ്മയായി. വാകക്കാട് പുന്നത്താനിയില്‍ പരേതരായ തൊമ്മന്‍ - ഏലിക്കുട്ടി ദമ്പതികളുടെ ഏഴ് മക്കളില്‍ നാലാമത്തെ മകൾ ഏലിക്കുട്ടി (104) യാണ് ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടത്.

വിശുദ്ധ അൽഫോൻസാമ്മയെ പോലെ തന്നെ സമീപിക്കുന്നവര്‍ക്ക് ഹൃദ്യമായ അനുഭവവും സന്തോഷവും ഏലിക്കുട്ടി സമ്മാനിച്ചിരുന്നു. ജപമാല ചൊല്ലിയുള്ള പ്രാർത്ഥനയിലും സഹജീവികളോടുള്ള പെരുമാറ്റത്തിലും
ഏലിക്കുട്ടിയ്ക്ക് എന്നും മാതൃക വിശുദ്ധ അൽഫോൻസാമ്മയായിരുന്നു.

വാകക്കാട് സെന്റ് പോള്‍സ് സ്‌കൂളില്‍ മൂന്നാം ക്ലാസിലാണ് വിശുദ്ധ അല്‍ഫോന്‍സാമ്മയും ഏലിക്കുട്ടിയും തമ്മിലുള്ള ഗുരു ശിഷ്യബന്ധം ആരംഭിച്ചത്. പള്ളിയുടെ താഴത്തെ നടയിലും തെങ്ങിന്‍ ചുവട്ടിലുമായിരുന്നു അല്‍ഫോന്‍സാമ്മയുടെ അധ്യാപനം. അന്നത്തെ സ്‌കൂള്‍ ഇന്ന് സെന്റ് അല്‍ഫോന്‍സ സ്‌കൂളായി മാറി.

എന്നാൽ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഗുരു ശിഷ്യ ബന്ധത്തിന് ഒട്ടും മാറ്റ് കുറഞ്ഞിരുന്നില്ല. അല്‍ഫോന്‍സാമ്മയുടെ വാത്സല്യവും സ്നേഹവും നിറഞ്ഞ അധ്യാപനം തന്നെയായിരുന്നു അതിന് കാരണം. ആരെയും ആകർഷിക്കുന്ന ദൈവിക സാന്നിധ്യത്തിന്റെ ഉറവിടമായിരുന്നു വിശുദ്ധ അൽഫോൻസാമ്മ. ആ ഓര്‍മ്മകള്‍ ഏലിക്കുട്ടി കുടുംബത്തോടും കൂട്ടുകാരോടും സമയം കിട്ടുമ്പോഴെല്ലാം പങ്കുവയ്ക്കുമായിരുന്നു.

മാര്‍ ജെയിംസ് കളാശേരി ചങ്ങനാശേരി ബിഷപ്പായിരുന്ന കാലത്ത് സ്‌കൂളില്‍ സന്ദര്‍ശനം നടത്തുന്നതിന് മുന്‍പായി അല്‍ഫോന്‍സമ്മ ഏലിക്കുട്ടിയുടെ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചിരുന്നു. ഏലിക്കുട്ടിയ്ക്ക് ഒരു പ്രത്യേക അനുഭവമായിരുന്നു ആ അനുഗ്രഹം. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങിയെങ്കിലും അൽഫോൻസാമ്മ എന്ന ടീച്ചനെക്കുറിച്ചുള്ള ഓർമ്മകൾ ഏലിക്കുട്ടിയുടെ ജീവിതത്തിൽ ഒരു പ്രത്യേക അനുഭൂതിയായിരുന്നു.

അൽഫോൻസാമ്മ എന്ന അധ്യാപികയെ കുറിച്ചുള്ള ഓർമ്മകൾ ഏലിക്കുട്ടിയുടെ ജീവിതത്തിൽ എന്നും ഒരു വഴികാട്ടിയായിരുന്നു. സ്‌കൂള്‍ പഠനം കഴിഞ്ഞ് ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ഏലിക്കുട്ടി ഭരണങ്ങാനം മഠത്തിലെത്തി അല്‍ഫോന്‍സാമ്മയെ സന്ദര്‍ശിച്ചിരുന്നു. ഗുരു ശിഷ്യ ബന്ധത്തിന്റെ ആഴം വാക്കുകളിൽ ഒതുക്കാൻ പറ്റുന്നതിനുമപ്പുറമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

2018 ല്‍ വെള്ളിയാമറ്റം സെന്റ് ജോര്‍ജ് പള്ളിയില്‍ സന്ദര്‍ശനം നടത്തിയ വേളയില്‍ പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ അൽഫോൻസാമ്മയുടെ വിദ്യാർത്ഥിയായ ഏലിക്കുട്ടിയുടെ വീട്ടിലെത്തി ജപമാലയും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ രൂപവും സമ്മാനിച്ചിരുന്നു. രണ്ടു വര്‍ഷം മുന്‍പ് വരെ ഏലിക്കുട്ടി പതിവായി ബൈബിള്‍ വായിച്ചിരുന്നു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥം യാചിക്കുകയും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു.

തൊടുപുഴയില്‍ ഞരളംപുഴ പുന്നത്താനിയില്‍ പരേതരായ ജോസഫ് മറിയം ദമ്പതികളുടെ മകനായ ജോസിന്റെ വീട്ടിലായിരുന്നു അവിവാഹിതയായ ഏലിക്കുട്ടി താമസിച്ചിരുന്നത്. തമാശകള്‍ പറഞ്ഞുകൊണ്ട് എപ്പോഴും പുഞ്ചിരിച്ചിരുന്ന ഏലിക്കുട്ടി വിശുദ്ധ അൽഫോൻസാമ്മയെ പോലെ തന്നെ സമീപിക്കുന്നവര്‍ക്ക് ഹൃദ്യമായ അനുഭവം സമ്മാനിച്ചിരുന്നു.

ജൂലൈ 28 കത്തോലിക്കാസഭ വിശുദ്ധ അൽഫോൻസാമ്മയുടെ ഓർമ തിരുന്നാൾ ആഘോഷിക്കുന്നു. ആ പുണ്യദിനത്തോട് ചേർന്നുതന്നെ വിശുദ്ധ അൽഫോൻസാമ്മയുടെ ശിഷ്യയായ ഏലിക്കുട്ടിയും ദൈവസന്നിധിയിലേക്ക് വിളിക്കപ്പെട്ടിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.