നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായത് ബിജെപി നേതാവ്; നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

നടിയെ ആക്രമിച്ച കേസ്: ജഡ്ജിയെ സ്വാധീനിക്കാന്‍ ഇടനിലക്കാരനായത് ബിജെപി നേതാവ്; നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപ് വിചാരണക്കോടതി ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഇടനിലക്കാരനായത് ബിജെപി നേതാവെന്ന് ക്രൈംബ്രാഞ്ച്. ബിജെപി സംസ്ഥാന സമിതി അംഗമായ ഉല്ലാസ് ബാബു ജഡ്ജിയെ സ്വാധീനിക്കാന്‍ വഴിയൊരുക്കുന്നതിന്റെ ശബ്ദ രേഖ ക്രൈംബ്രാഞ്ചിന് ലഭിച്ചു.

കേസിലെ സാക്ഷി വാസുദേവന്റെ മൊഴി മാറ്റത്തിന് പിന്നില്‍ ഉല്ലാസ് ബാബുവിന് പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ശബ്ദരേഖ ഉല്ലാസിന്റേതെന്ന് ഉറപ്പിക്കാന്‍ ക്രൈംബ്രാഞ്ച് ഇയാളുടെ ശബ്ദസാമ്പിള്‍ പരിശോധിച്ചു. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്.

ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് ഉല്ലാസ് ബാബുവിന്റെ ഓഡിയോ മെസേജ് കിട്ടിയിരുന്നു. ദിലീപ് ഡിലീറ്റ് ചെയ്ത ഓഡിയോ മെസേജ് ഫോറന്‍സിക് പരിശോധനയിലൂടെയാണ് വീണ്ടെടുത്തത്. തേടിയവളളി കാലില്‍ ചുറ്റി എന്നാണ് ഉല്ലാസ് ബാബു സംസാരിക്കുന്നത്. വിചാരണക്കോടതിയെക്കുറിച്ചും മറ്റും ഓഡിയോ സന്ദേശത്തിലുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിയുമായിരുന്നു ഉല്ലാസ് ബാബു.

ഉല്ലാസ് ബാബു ദിലീപിന് അയച്ച ഓഡിയോ മെസേജില്‍ വിചാരണക്കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും പറയുന്നുണ്ട്. ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. സമാന പ്രശ്‌നങ്ങളിലുള്ള വേറെ ചില ഓഡിയോകളും ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു.

അതിലൊന്നില്‍ ഒരു സ്വാമിയെക്കുറിച്ചും പറയുന്നുണ്ടായിരുന്നു. തൃശൂരിലുള്ള ഈ സ്വാമിയെ അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു. സ്വാമിയില്‍ നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.