ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി രാജിവച്ചു

ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി രാജിവച്ചു

റോം: ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ദ്രാഗി രാജിവച്ചു. അവിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാനാവാതെ വന്നതോടെയാണ് രാജി. ഇന്നലെ പ്രസിഡന്റ് സെര്‍ജിയോ മാറ്റരെല്ലയ്ക്ക് മരിയോ രാജിക്കത്ത് നല്‍കി. പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതുവരെ മരിയോ കാവല്‍ പ്രധാനമന്ത്രിയായി തുടരും.

കോവിഡില്‍ തകര്‍ന്നടിഞ്ഞ ഇറ്റാലിയന്‍ സമ്പദ്വ്യവസ്ഥ പുനരുജ്ജീവനത്തിനായി പൊരുതുന്നതിനിടെയാണ് രാജ്യത്തിന് നാഥനില്ലാതാകുന്നത്. പാര്‍ലമെന്റ് പിരിച്ചുവിട്ട് നേരത്തെ തിരഞ്ഞെടുപ്പ് നടത്തുമോയെന്ന കാര്യം പ്രസിഡന്റ് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, സെപ്തംബറിലോ ഒക്ടോബറിലോ പൊതുതിരഞ്ഞെടുപ്പ് നടന്നേക്കുമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ബുധനാഴ്ചയാണ് സെനറ്റില്‍ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്. വോട്ടെടുപ്പില്‍ നിന്ന് പ്രധാന മൂന്ന് സഖ്യകക്ഷികള്‍ മാറി നിന്നതാണ് സര്‍ക്കാര്‍ താഴെ വീഴാനിടയാക്കിയത്. സഖ്യത്തിലെ പ്രധാന കക്ഷിയായ ഇടത് സംഘടന പോപ്പുലിസ്റ്റ് ഫൈവ് സ്റ്റാര്‍ മൂവ്മെന്റും ലെഗ പാര്‍ട്ടിയും ഫോര്‍സ പാര്‍ട്ടിയും സര്‍ക്കാരിന്റെ ഭാഗമാകാനില്ലെന്ന് പ്രഖ്യാപിച്ചു. പണപ്പെരുപ്പവും ഇന്ധനവില വര്‍ദ്ധനവും അടക്കമുള്ള വിഷയങ്ങളില്‍ രാജ്യത്ത് ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

വ്യാഴാഴ്ച പാര്‍ലമെന്റിലെ ഇരു സഭകളേയും ദ്രാഗി അഭിസംബോധന ചെയ്തു. പാര്‍ലമെന്റ് പിരിച്ചുവിട്ട് ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. മുന്‍ സെന്‍ട്രല്‍ ബാങ്ക് മേധാവിയായിരുന്ന അദ്ദേഹം രാജ്യത്ത് സാമ്പത്തിക മേഖലയില്‍ പല പരിഷ്‌കാരങ്ങളും നടപ്പാക്കി. റഷ്യന്‍ അധിനിവേശത്തിനെതിരെ ശക്തമായ നടപടി എടുക്കുന്നതിന് യൂറോപ്യന്‍ രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതിലും ദ്രാഗി പ്രധാന പങ്കുവഹിച്ചു. 18 മാസമാണ് ദ്രാഗി അധികാരത്തിലിരുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.