മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ നഗരത്തില്‍ അപ്രതീക്ഷിതമായി ആകാശം പിങ്ക് നിറമണിഞ്ഞത് കണ്ട് ജനങ്ങള്‍ അമ്പരന്നു. അന്യഗ്രഹ ജീവികള്‍ എത്തിയെന്നും വരാനിരിക്കുന്ന ദുരന്തത്തിന്റെ മുന്നോടിയാണെന്നുമുള്ള കിംവദന്തികള്‍ കാട്ടുതീ പോലെ പടര്‍ന്നു. അസാധാരണ നിറം കണ്ട് ആശങ്കയും ആകാശത്തോളമെത്തി. ഒടുക്കം ഈ അസാധാരണ പ്രതിഭാസത്തിനു കാരണക്കാര്‍ തന്നെ നേരിട്ടു രംഗത്തു വന്നേതാടെ ഊഹാപോഹങ്ങള്‍ക്കു വിരാമമായി.
വിക്ടോറിയന്‍ സംസ്ഥാനത്തെ മില്‍ഡുര നഗരവാസികളാണ് ഈ അസാധാരണ കാഴ്ച്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് പ്രദേശത്തെ ആശങ്കയിലാഴ്ത്തി ആകാശത്ത് പിങ്ക് നിറം ദൃശ്യമായത്. ഇതിന്റെ ചിത്രങ്ങളും വിഡീയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു. കിട്ടിയ അവസരം പാഴാക്കാതെ പലരും കഥകള്‍ അടിച്ചിറക്കി. ലോകം അവസാനിക്കാന്‍ പോകുകയാണെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. അതല്ല, അന്യഗ്രഹ ജീവികള്‍ എത്തിയതാണെന്നും ചില വിരുതന്‍മാര്‍ പറഞ്ഞുണ്ടാക്കി.
മേഘാവൃതമായ ആകാശത്തില്‍ പിങ്ക് നിറത്തിലുള്ള വലയമാണ് പ്രത്യക്ഷപ്പെട്ടത്. താഴെ നിന്നും ഒരു ലൈറ്റ് മുകളിലേക്ക് പോകുന്നതും കാണാമായിരുന്നു. അതുകൊണ്ട് പിങ്ക് നിറത്തിനു കാരണം ഭൂമിയില്‍ നിന്നുള്ള എതോ ഒരു സ്രോതസാണെന്ന നിഗമനത്തിലേക്ക് പലരുമെത്തി.
അതേസമയം, ചര്‍ച്ചകള്‍ മുന്നേറുന്നതിനിടെ പിങ്ക് നിറത്തിന്റെ യഥാര്‍ഥ കാരണം വെളിപ്പെടുത്തി നഗരത്തിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ കാന്‍ ഗ്രൂപ്പ് ലിമിറ്റഡ് രംഗത്തെത്തി. തങ്ങളുടെ ഉടമസ്ഥതയിലുള്ള കഞ്ചാവ് ഫാമാണ് വെളിച്ചത്തിന്റെ ഉറവിടമെന്ന് കമ്പനി സീനിയര്‍ കമ്മ്യൂണിക്കേഷന്‍സ് മാനേജര്‍ റൈസ് കോഹന്‍ പറഞ്ഞു.
കഞ്ചാവ് ചെടിയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും വിവിധ നിറത്തിലുള്ള ലൈറ്റുകള്‍ ഉപയോഗിക്കാറുണ്ട്. ചെടി നന്നായി വളരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ചുവന്ന പ്രകാശമാണ് കൂടുതലും ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ ഉപയോഗിച്ച ഒരു ലൈറ്റായിരുന്നു ആകാശത്തിലെ വിസ്മയത്തിന് പിന്നില്‍.
പ്രദേശവാസികള്‍ക്ക് കഴിഞ്ഞ രാത്രി ഒരു ലൈറ്റ് ഷോ കാണാന്‍ സാധിച്ചു. ഞങ്ങള്‍ പുതിയ ഒരു കൃഷിയിടത്തില്‍ പരീക്ഷണം നടത്തുകയായിരുന്നുവെന്ന് കമ്പനി ട്വിറ്ററില്‍ കുറിച്ചു. പ്രകാശം തടയാന്‍ ഭാവിയില്‍ ബ്ലാക്ഔട്ട് ബ്ലൈന്റുകള്‍ സ്ഥാപിക്കുമെന്നും റൈസ് കോഹന്‍ കൂട്ടിച്ചേര്‍ത്തു.
ഔഷധ, ഗവേഷണ ആവശ്യങ്ങള്‍ക്കായി കഞ്ചാവ് കൃഷിക്ക് ലൈസന്‍സ് നേടിയ ആദ്യത്തെ ഓസ്ട്രേലിയന്‍ കമ്പനിയാണ് കാന്‍ ഗ്രൂപ്പ് ലിമിറ്റഡ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.