ന്യൂഡല്‍ഹി: ഭ്രൂണഹത്യയെന്ന സാമൂഹിക തിന്മയ്‌ക്കെതിരെ ആദ്യ പ്രോ ലൈഫ് മാര്‍ച്ചിന് രാജ്യം തയ്യാറെടുക്കുന്നു. ഭ്രൂണഹത്യയ്‌ക്കെതിരെ ലോകമെമ്പാടും നടക്കുന്ന 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയുടെ ചുവടു പിടിച്ചാണ് ഇന്ത്യയിലും ജീവന്റെ മഹത്വം പ്രഘോഷിക്കുവാന്‍ 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലി സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 10 ന് ഡല്‍ഹിയിലാണ് മാര്‍ച്ച്.
ആത്മീയ നവീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമായ 'കാരിസ് ഇന്ത്യയാണ് ദേശീയ തലത്തിലുള്ള പ്രഥമ പ്രോലൈഫ് റാലി സംഘടിപ്പിക്കുന്നത്. 1971 ഓഗസ്റ്റ് 10 നാണ് മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി (എംടിപി) ആക്ടിലൂടെ ഇന്ത്യയില്‍ ഭ്രൂണഹത്യ നിയമവിധേയമാക്കിയത്. ഇതിന്റെ വാര്‍ഷിക ദിനത്തിലാണ് ജീവന്റെ മഹത്വം പ്രഘോഷിച്ച് റാലി നടക്കുകയെന്നത് ശ്രദ്ധേയമാണ്.
ഓഗസ്റ്റ് 10 ന് വൈകുന്നേരം നാലിന് ജന്തര്‍ മന്ദിറില്‍ നിന്ന് തുടക്കം കുറിക്കുന്ന പ്രോ ലൈഫ് മാര്‍ച്ച് 2.5 കിലോമീറ്റര്‍ ദൂരെയുള്ള ഡല്‍ഹി അതിരൂപതയുടെ ആസ്ഥാന ദേവാലയമായ സേക്രട്ട് ഹാര്‍ട്ട് കത്തീഡ്രലില്‍ എത്തിച്ചേരും.
തുടര്‍ന്ന് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ആര്‍ച്ച് ബിഷപ്പ് ഡോ. അനില്‍ കൂട്ടോയും സഹായ മെത്രാന്‍ ദീപക് വലേറിയന്‍ ടൗറോയും കാര്‍മികത്വം വഹിക്കും. ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വൈദികരും പ്രോ ലൈഫ് സംഘടനകളുടെ പ്രതിനിധികളും സെമിനാരി വിദ്യാര്‍ത്ഥികളും വിശ്വാസികളും റാലിയില്‍ അണിനിരക്കും.
അമേരിക്കയില്‍ ഭ്രൂണഹത്യയ്ക്കു ഭരണഘടനപരമായ സാധുത നല്‍കിയ 'റോ വേഴ്സസ് വേഡ്' നിയമം റദ്ദ് ചെയ്തത് പോലെ എം.ടി.പി ആക്ട് പൂര്‍ണമായി അസാധുവാക്കപ്പെടും വരെ എല്ലാ വര്‍ഷവും പ്രോലൈഫ് മാര്‍ച്ച് സംഘടിപ്പിക്കണമെന്ന ചിന്തയിലാണ് സംഘാടകര്‍.
ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത്, ഗട്ട്മാക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഐഐപിഎസ് എന്നിവ നടത്തിയ പഠനമനുസരിച്ച് 2015 ല്‍ ഇന്ത്യയില്‍ 15.6 ദശലക്ഷം ഗര്‍ഭഛിദ്രങ്ങള്‍ നടത്തിയതായി കണക്കാക്കുന്നു. ഇപ്പോഴത്തെ കണക്കുകള്‍ പുറത്തു വന്നാല്‍ ഇതിലും പതിമടങ്ങ് വരുമെന്നാണ് പ്രോ ലൈഫ് പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്.
ഗര്‍ഭധാരണത്തിന്റെ ആദ്യ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണമെന്നാണ് കത്തോലിക്കാ സഭ വളരെ വ്യക്തമായി അന്നും ഇന്നും പഠിപ്പിക്കുന്നത്. അസ്തിത്വത്തിന്റെ ആദ്യ നിമിഷം മുതല്‍ മനുഷ്യന് ഒരു വ്യക്തിയുടെ അവകാശങ്ങളുണ്ട്. ജീവിക്കാനുള്ള അവകാശവും അതില്‍ പെട്ടതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.