കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; വടകര സ്റ്റേഷനിലെ എല്ലാ പൊലീസുകാർക്കും സ്ഥലം മാറ്റം

കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവം; വടകര സ്റ്റേഷനിലെ എല്ലാ പൊലീസുകാർക്കും സ്ഥലം മാറ്റം

കോഴിക്കോട്: വടകരയിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ സ്റ്റേഷനിലെ എല്ലാ പൊലീസുകാരേയും സ്ഥലം മാറ്റി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് നടപടി.

രണ്ട് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. 28 പേര്‍ക്കാണ് സ്ഥലം മാറ്റം. പകരക്കാര്‍ അടക്കം 56 പേര്‍ക്ക് സ്ഥലം മാറ്റത്തിനാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

വടകരയില്‍ പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ മരിച്ച സജീവന് പ്രാഥമിക ചികിത്സ നല്‍കുന്നതില്‍ ഗുരുതര വീഴ്ച പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടായെന്നാണ് ഉത്തരമേഖല ഐ.ജിയുടെ കണ്ടെത്തല്‍. നെഞ്ചുവേദന അനുഭവപ്പെട്ട കാര്യം പലതവണ പറഞ്ഞിട്ടും പൊലീസ് കാര്യമായി എടുത്തില്ല. സഹായിക്കാന്‍ ശ്രമിച്ചവരെ പിന്തിരിപ്പിച്ചു. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്.

വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് വടകര ടൗണിലെ അടയ്ക്കാതെരുവില്‍ വച്ച്‌ വടകര കല്ലേരി സ്വദേശിയായ സജീവനും രണ്ട് സുഹൃത്തുക്കളും സഞ്ചരിച്ചിരുന്ന കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്. ഇരുകൂട്ടരും തമ്മില്‍ വാക്കുതര്‍ക്കമായി. ഒടുവില്‍ പൊലീസെത്തി. സജീവന്‍ സഞ്ചരിച്ചിരുന്ന കാര്‍ സ്റ്റേഷനിലേക്ക് മാറ്റി. അപകട സമയം സജീവന്റെ സുഹൃത്തായിരുന്ന കാര്‍ ഓടിച്ചത്. എങ്കിലും മദ്യപിച്ചെന്ന പേരില്‍ സബ് ഇന്‍സ്പെകര്‍ നിജേഷ് കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് സജീവനൊപ്പം ഉണ്ടായിരുന്നവര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.