എഡ്മന്റണ്‍ (കാനഡ): കുഞ്ഞുങ്ങളെ അടക്കിയ കുഴിമാടങ്ങള്‍ക്കരികില്‍ വീല്‍ചെയറിലിരുന്ന് നിശബ്ദമായി പ്രാര്‍ഥിച്ച ഫ്രാന്‍സിസ് പാപ്പ ഹൃദയമുരുകി നടത്തിയ ക്ഷമാപണം കാനഡയിലെ തദ്ദേശീയരെ കണ്ണീര്‍ക്കടലിലാഴ്ത്തി. കാനഡയിലെ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ തദ്ദേശവാസികള്‍ നേരിട്ട അനീതികള്‍ക്കു മറുപടിയായി ആല്‍ബര്‍ട്ടയിലെ മാസ്‌ക്‌വാസിസില്‍ ആയിരക്കണക്കിനു തദ്ദേശവാസികളെ സാക്ഷിയാക്കിയായിരുന്നു മാര്‍പാപ്പയുടെ ക്ഷമാപണം.
മാപ്പപേക്ഷയും വേദനയും രോഷവുമൊക്കെ കലര്‍ന്നതായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വാക്കുകള്‍. കാനഡയിലെ പശ്ചാത്താപ തീര്‍ത്ഥാടനത്തില്‍ മാര്‍പാപ്പ നടത്തിയ ആദ്യ പ്രസംഗം വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് വേദിയൊരുക്കിയത്.
കുഞ്ഞുങ്ങളുടെ കുഴിമാടങ്ങള്‍ക്കരികില്‍ പ്രാര്‍ഥിക്കുന്ന മാര്‍പാപ്പ
എഡ്മന്റണിനടുത്തുള്ള മാസ്‌ക്വാസിസ് പാര്‍ക്കില്‍ തിങ്ങിനിറഞ്ഞ, റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ മരിച്ചവരുടെ രണ്ടായിരത്തോളം വരുന്ന പിന്‍ഗാമികള്‍, രാഷ്ട്രീയനേതാക്കള്‍, മുതിര്‍ന്നവര്‍, മതമേലധ്യക്ഷന്‍മാര്‍, ഫസ്റ്റ് നേഷന്‍സ്, മെറ്റിസ്, ഇനിയൂട്ട് തുടങ്ങിയ തദ്ദേശവംശ പ്രതിനിധികള്‍ എന്നിവരെ സാക്ഷിയാക്കിയായിരുന്നു പാപ്പയുടെ പ്രസംഗം.
19, 20 നൂറ്റാണ്ടുകളില്‍ കാനഡയിലെ തദ്ദേശീയ വിഭാഗങ്ങളിലെ കുട്ടികള്‍ സഭയുടെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ വിവേചനം നേരിട്ടതായുള്ള ആരോപണങ്ങളെതുടര്‍ന്നാണ് മാര്‍പാപ്പയുടെ മാപ്പപേക്ഷ.
വിനയാന്വിതനായി ക്ഷമ ചോദിക്കുന്നെന്നും ഇത് ചരിത്രനീതിക്കുവേണ്ടിയുള്ള തുടക്കം മാത്രമാണെന്നും മാര്‍പാപ്പ പറഞ്ഞു. സ്‌കൂളുകളില്‍ നടന്ന പഴയ സംഭവങ്ങളില്‍ ഗൗരവത്തോടെ അന്വേഷണം നടത്തണമെന്നും ദുഃഖത്തില്‍ വേവുന്ന തദ്ദേശീയ കുടുംബങ്ങള്‍ക്കു താങ്ങാകണമെന്നും പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.
എഡ്മന്റണിനടുത്തുള്ള മാസ്‌ക്വാസിസ് പാര്‍ക്കില്‍ നടന്ന യോഗത്തില്‍ തദ്ദേശീയ ജനങ്ങളെ അഭിസംബോധന ചെയ്യുന്ന മാര്‍പാപ്പ
കുഞ്ഞുങ്ങളുടെ മരണത്തില്‍ ദൈവത്തിന്റെ ക്ഷമയും രോഗശാന്തിയും അനുരഞ്ജനവും യാചിക്കുന്നു. തന്റെ ദുഃഖം പങ്കുവയ്ക്കാനും വേദനിക്കുന്നവരുടെ മുറിവുണക്കാനും മരണപ്പെട്ടവര്‍ക്കു വേണ്ടിയും അവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാനുമാണ് ഇവിടെയെത്തിയതെന്ന് പാപ്പ പറഞ്ഞു.
മാര്‍ച്ച് 28-നും ഏപ്രില്‍ ഒന്നിനും ഇടയില്‍ കനേഡിയന്‍ തദ്ദേശീയ ജനതയുടെ പ്രതിനിധികളുമായി റോമില്‍ നടത്തിയ കൂടിക്കാഴ്ച മാര്‍പാപ്പ അനുസ്മരിച്ചു. റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെ കുട്ടികള്‍ നേരിട്ട വിവേചത്തെക്കുറിച്ചുള്ള കഥകള്‍ അവര്‍ പറഞ്ഞത് പാപ്പ ചൂണ്ടിക്കാട്ടി.
'നാം ഒരുമിച്ച് നീങ്ങുകയും ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ഒരുമിച്ച് പ്രവര്‍ത്തിക്കുകയും വേണം. അതുവഴി ഭൂതകാലത്തിലെ മുറിവുകള്‍ നീതിയുടെയും ശാന്തിയുടെയും അനുരഞ്ജനത്തിന്റെയും ഭാവിയിലേക്കു നമ്മെ നയിക്കും'.
തദ്ദേശീയ നേതാവിനെ അഭിവാദ്യം ചെയ്യുന്ന മാര്‍പാപ്പ
സംസ്‌കാരങ്ങളെ തകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്ത ആ ഇരുണ്ട ഭൂതകാലം ഓര്‍മ്മിക്കേണ്ടതിന്റെ പ്രാധാന്യവും മാര്‍പാപ്പ ഊന്നിപ്പറഞ്ഞു. എത്ര വേദനാജനകമാണെങ്കിലും റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടന്ന വിനാശകരമായ സംഭവങ്ങള്‍ ഓര്‍ത്തെടുക്കേണ്ടത് അനിവാര്യമാണ്. കാരണം മറവി മനുഷ്യനെ നിസംഗതയിലേക്കു നയിക്കുന്നു.
സ്വാംശീകരണ നയങ്ങള്‍ എങ്ങനെയാണ് തദ്ദേശീയ ജനതയെ ബാധിച്ചതെന്ന് ഈ കഥകളിലൂടെ കാണാം. റസിഡന്‍ഷ്യല്‍ സ്‌കൂള്‍ സമ്പ്രദായത്തിലൂടെ അവരുടെ ഭാഷകളും സംസ്‌കാരങ്ങളും അടിച്ചമര്‍ത്തപ്പെട്ടു. കുട്ടികള്‍ ശാരീരികവും മാനസികവും ആത്മീയവുമായ പീഡനത്തിന് ഇരയായി. കുഞ്ഞുപ്രായത്തില്‍ അവരെ വീടുകളില്‍ നിന്ന് വേര്‍പെടുത്തി. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെ ഈ സംഭവങ്ങള്‍ എങ്ങനെ ബാധിച്ചു എന്നു കാണാം.
ഈ കയ്‌പേറിയ ഓര്‍മ്മകള്‍ തന്നോട് പങ്കുവെച്ചതിന് തദ്ദേശീയ ജനങ്ങള്‍ക്ക് പാപ്പ നന്ദി പറഞ്ഞു. കുട്ടികളോടുള്ള കരുതലിന്റെ ശ്രദ്ധേയമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, റസിഡന്‍ഷ്യല്‍ സ്‌കൂളുകളുമായി ബന്ധപ്പെട്ട നയങ്ങള്‍ വിനാശകരമായിരുന്നു. അത് യേശുവിന്റെ സുവിശേഷവുമായി പൊരുത്തപ്പെടുന്നില്ല.
ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ കഴിയുന്ന ഒരു സംസ്‌കാരം സൃഷ്ടിക്കാന്‍ കൂടുതല്‍ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് പരിശുദ്ധ പിതാവ് ഓര്‍മിപ്പിച്ചു.
മരണപ്പെട്ട കുട്ടികളുടെ പേരുകളുള്ള ബാനറില്‍ ഫ്രാന്‍സിസ് പാപ്പ ചുംബിക്കുന്നു
മാസ്‌ക്‌വാസിസ് പാര്‍ക്കിലെ കൂറ്റന്‍ വേദിയിലായിരുന്നു പ്രസംഗം. തദ്ദേശീയ കുട്ടികളുടെ കുഴിമാടങ്ങള്‍ കണ്ടെത്തിയ എര്‍മിനെസ്‌കിന്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിരുന്ന സ്ഥലമാണിത്.
കാല്‍മുട്ടുവേദന മൂലം പല വിദേശയാത്രകളും റദ്ദാക്കിയ മാര്‍പാപ്പ അനാരോഗ്യം പോലും അവഗണിച്ചാണ് ആറു ദിവസത്തെ പ്രായശ്ചിത്ത തീര്‍ഥാടനത്തിനായി കാനഡയിലെത്തിയത്. നേരത്തേ വത്തിക്കാനില്‍ ക്ഷമാപണം നടത്തിയിരുന്നു. തദ്ദേശീയ ജനത 2014 മുതല്‍ സഭയുടെ ക്ഷമാപണം ആവശ്യപ്പെട്ടു വരികയായിരുന്നു.
ചടങ്ങിന്റെ തുടക്കത്തില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയെ ക്രീ തദ്ദേശീയ വിഭാഗത്തിന്റെ തലവന്‍ വില്‍ട്ടണ്‍ ലിറ്റില്‍ചൈല്‍ഡ് അഭിവാദ്യം ചെയ്തു. വടക്കേ അമേരിക്കന്‍ തദ്ദേശീയ ജനവിഭാഗമാണ് ക്രീ. തദ്ദേശീയരായ ജനങ്ങളെ കാണാനും അവരുടെ മുറിവുണക്കാനും പാപ്പ വ്യക്തിപരമായി നടത്തിയ പരിശ്രമത്തിന് വില്‍ട്ടണ്‍ നന്ദി അറിയിച്ചു. എര്‍മിനെസ്‌കിന്‍ ഇന്ത്യന്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥിയാണ്. തദ്ദേശീയ പ്രതിനിധികളെ കാണുകയും അവരുടെ കഥകള്‍ അനുഭാവപൂര്‍വം കേള്‍ക്കുകയും ചെയ്ത ശേഷം പാപ്പ പറഞ്ഞ വാക്കുകള്‍ വലിയ ആശ്വാസവും പ്രോത്സാഹനവും നല്‍കുന്നതാണെന്നും വില്‍ട്ടണ്‍ കൂട്ടച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.